Connect with us

Story

ശിവാനി

അവളുടെ മനസ്സിലൂടെ അനിഷ്ടകരമായ ചിന്തകൾ കുത്തിനോവിച്ചുകൊണ്ട് കടന്നുപോയി. മനസ്സ് പതറാതെ അവൾ മുന്നോട്ടു നടന്നു. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി വീടിനോട് അടുത്തു. ഞെട്ടിപ്പോയി.

Published

|

Last Updated

വൈകുന്നേരം സ്‌കൂൾ വിട്ടതിനുശേഷം ശിവാനി കൂട്ടുകാരോടൊപ്പം ചെറിയ ചാറ്റൽ മഴയിൽ കുടയും ചൂടി ധൃതിയിൽ വീട്ടിലേക്ക് നടക്കുകയാണ്.
ദേശഭക്തിഗാനം ചൊല്ലാൻ അവളുടെ ഗ്രൂപ്പിനെയാണ് ടീച്ചർ ചുമതലപ്പെടുത്തിയത്. യൂട്യൂബിൽ നോക്കി പഠിക്കാനാണ് പറഞ്ഞത്. അവളുടെ അച്ഛന്റെ പക്കലുള്ള ചെറിയ ഫോണിൽ യൂട്യൂബ് കിട്ടില്ല. “സാരെ ജഹാം സെ അച്ചാ…’ എന്ന ഗാനമാണ് പാടേണ്ടത്. മുഴുവനും പഠിക്കാൻ കഴിയാത്തതിൽ അവളുടെ മനസ്സ് അസ്വസ്ഥമാണ്. അമ്മയോട് ഒന്ന് പാടിത്തരാൻ പറഞ്ഞാൽ എപ്പോഴും ചുണ്ടിലുണ്ടാവുക “ഇമായം മുതൽ കുമരി വരെ.. ‘ എന്നു തുടങ്ങുന്ന തമിഴ് ഗാനമായിരിക്കും. അമ്മക്ക് വേറൊരു പാട്ടും അറിഞ്ഞുകൂടാ.

ആറാം ക്ലാസിലാണ് ശിവാനി പഠിക്കുന്നത്. തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിൽ ജനിച്ചുവളർന്ന വേലുമുത്തു വീട്ടിലെ കൊടിയ ദാരിദ്ര്യത്തിൽ നിന്നും രക്ഷനേടാനായി ചെറുപ്രായത്തിൽ കേരളത്തിലേക്ക് കള്ളവണ്ടി കയറിയതാണ്.

അലഞ്ഞ് തിരിഞ്ഞ് ഒടുവിൽ എത്തപ്പെട്ടത് തിരുവക്കുന്നിലാണ്. പാറപൊട്ടിച്ച് മെറ്റലാക്കി വിൽക്കുന്ന ക്വാറിമുതലാളി പൈലിമാപ്ലയുടെ അടുത്ത്.
പൈലിമാപ്ല വേലുമുത്തുവിന് ജോലി നൽകുകയായിരുന്നു. പാറപൊട്ടിച്ച് മെറ്റലാക്കുന്ന ജോലി.പൊളിഞ്ഞുവീഴാറായ ഒരു പഴയ പീടികയിലായിരുന്നു താമസം.
വർഷങ്ങൾക്കു ശേഷം നാട്ടിൽപോയി തിരികെ വരുമ്പോൾ കറുത്തുമെല്ലിച്ച അഴകുമതി എന്നു പേരുള്ള ഒരു യുവതിയും കൂടെയുണ്ടായിരുന്നു. പൊണ്ടാട്ടിയാണെന്നാണ് നിറച്ചിരിയോടെ അവൻ പറഞ്ഞത്. പേരുപോലെ സുന്ദരിയായിരുന്നു അവൾ.
മെറ്റലടിക്കാൻ വേലുമുത്തുവിനോടൊപ്പം അഴകുമതിയും ചേർന്നു.

റോഡിനോട് ചേർന്ന പുറമ്പോക്ക് ഭൂമിയിൽ ചെറിയൊരു ഷഡ്ഡ് കെട്ടിയായിരുന്നു അവരുടെ താമസം.
ശിവാനിയെ പ്രസവിച്ചതോടെ അഴകുമതിക്ക് വേവലാതിയായിരുന്നു. എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി ഒരു കൂരകെട്ടി താമസിക്കാനായിരുന്നു അവൾക്ക് താത്പര്യം. പക്ഷേ, അതെങ്ങനെ സാധിക്കും. കിട്ടുന്ന കൂലിയിൽ അധികവും മദ്യപിച്ചു തീർക്കും. അഴകുമതി എതിർത്തുപറഞ്ഞാൽ അന്ന് വീട്ടിൽ കലഹമായിരിക്കും. ബഹളം കേട്ട് ആൾക്കാർ ഓടിയെത്തും. ഇതു പതിവായപ്പോൾ ആരും വരാതെയായി.
കൂട്ടുകാരൊക്കെ വഴിപിരിഞ്ഞപ്പോൾ ശിവാനി തനിച്ചായി നടത്തം.

വളരെ വേഗത്തിലാണ് അവൾ വീട്ടിലേക്ക് നടക്കുന്നത്.  കുണ്ടും കുഴികളും നിറഞ്ഞ ചെളിവെള്ളം കെട്ടിനിൽക്കുന്ന റോഡിലൂടെ നടന്ന് അവൾ വീടിനടുത്ത് എത്തിയതാണ്.
വീടിനുമുമ്പിൽ വലിയൊരു ആൾക്കൂട്ടം!
എന്താണ് സംഭവിച്ചത്?
അച്ഛൻ ഇന്നും..
അമ്മക്ക് വല്ലതും…
അവളുടെ മനസ്സിലൂടെ അനിഷ്ടകരമായ ചിന്തകൾ കുത്തിനോവിച്ചുകൊണ്ട് കടന്നുപോയി.
മനസ്സ് പതറാതെ അവൾ മുന്നോട്ടു നടന്നു.
ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി വീടിനോട് അടുത്തു.
ഞെട്ടിപ്പോയി.
വീട് നിന്നിടം ശൂന്യമായിരിക്കുന്നു!

അനധികൃതമായി പുറമ്പോക്ക് ഭൂമിയിൽ കെട്ടിയ കൊച്ചുകുടിലിനെ അനായാസം തുടച്ചുനീക്കിയ ഭാവത്തോടെ ജെ സി ബി അവിടെത്തന്നെയുണ്ട്.
അമ്മയെവിടെ? അച്ഛനെവിടെ?
അവളുടെ കുഞ്ഞുകണ്ണുകൾ പരതുകയാണ്.
ചുറ്റും അപരിചിതങ്ങളായ മുഖങ്ങൾ മാത്രം.
അവൾക്ക് തല കറങ്ങുന്നതുപോലെ തോന്നി.
പുസ്തകങ്ങളും ചോറ്റുപാത്രവും കുത്തിനിറച്ച, സിബ്ബ് പൊട്ടിയ സ്‌കൂൾബേഗ് കൈയിൽനിന്നും നിലത്തേക്ക് ഊർന്നുവീണു.
ഒപ്പം അവളും.

അന്നേരം പുസ്തകങ്ങൾക്കിടയിൽനിന്നും, മുപ്പത് രൂപ കൊടുത്ത് സ്‌കൂളിൽ നിന്നും ഏറെ ആശിച്ചുവാങ്ങിയ ദേശീയപതാക പുറത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു.

Latest