Connect with us

bangladesh

ശൈഖ ഹസീനയുടെ രാഷ്ട്രീയ അഭയവും ഇന്ത്യയും

ശൈഖ ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് നയതന്ത്രപരമായി ശരിയായിരിക്കില്ല എന്ന നിലപാട് ഇന്ത്യക്കുണ്ട്. അത് ബംഗ്ലാദേശിലെ ആഭ്യന്തര പോരാട്ടത്തില്‍ ഇന്ത്യ ശൈഖ ഹസീനയുടെ പക്ഷം ചേര്‍ന്നു എന്ന ആരോപണമുയര്‍ത്തിയേക്കാം. ബംഗ്ലാദേശില്‍ കാവല്‍ സര്‍ക്കാറിനെ നയിക്കുന്ന നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ച് ആശംസകള്‍ അറിയിച്ചത് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനു കൂടിയാണ്.

Published

|

Last Updated

അധികാരം നഷ്ടപ്പെട്ട് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ശൈഖ ഹസീന രാഷ്ട്രീയ അഭയം തേടുന്നരാജ്യം ഏതെന്ന് ഇനിയും അവര്‍ തുറന്നുപറഞ്ഞിട്ടില്ല. ശൈഖ ഹസീനയുടെ ലക്ഷ്യം ഇന്ത്യയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയത് ഹസീനയെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറല്ല എന്നതിന്റെ സൂചനകൂടിയാണ്. ശൈഖ ഹസീനയും അവരുടെ പിതാവ് കൂടിയായ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍റഹ്മാനും ഇന്ത്യക്ക് പ്രിയപ്പെട്ടവരായിരുന്നു. ശൈഖ ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായപ്പോള്‍ മാത്രമല്ല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും നിലപാടില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇത് അരനൂറ്റാണ്ടായി തുടരുന്ന ബന്ധമാണ്. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് തുടക്കം. പിന്നീട് രാജീവ് ഗാന്ധിയുടെയും വാജ്പയിയുടെയും മന്‍മോഹന്‍ സിംഗിന്റെയും കാലത്തും ഈ ബന്ധം തുടര്‍ന്നു. ഇപ്പോള്‍ നരേന്ദ്ര മോദിയുമായും ആ ബന്ധം നില നിര്‍ത്തിപ്പോരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസീന ഇന്ത്യക്ക് അനഭിമതയാണ്. രാഷ്ട്രീയ അഭയമെന്ന അവരുടെ ആഗ്രഹത്തിന് ഇന്ത്യ ചെവികൊടുത്തിട്ടില്ല.

അതേസമയം ഹസീനക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കുന്നതിനെതിരെ ബംഗ്ലാദേശിലെ കാവല്‍ മന്ത്രിസഭയില്‍ പങ്കാളിത്തമുള്ള ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി രംഗത്തു വന്നിട്ടുണ്ട്. കുറ്റവിചാരണ നടത്തുന്നതിന് ഹസീനയെ ബംഗ്ലാദേശിന് വിട്ടുനല്‍കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നും പട്ടാള അട്ടിമറിയിലൂടെയും ഭരണാധികാരികള്‍ ഒളിവില്‍ പോകുകയും മറ്റു രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്യുന്ന സംഭവം പുതുതല്ല. 1979ല്‍ ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലയില്‍ ഉഗാണ്ടന്‍ വിമതരും ടാന്‍സാനിയന്‍ സൈനികരും ചേര്‍ന്നു നടത്തിയ പ്രക്ഷോഭത്തില്‍ പ്രസിഡന്റ് ഈദി അമീന് രാജ്യം വിടേണ്ടി വന്നു. ലിബിയയിലേക്ക് പലായനം ചെയ്ത ഈദി അമീന് പിന്നീട് സഊദി അറേബ്യ രാഷ്ട്രീയ അഭയം നല്‍കുകയുണ്ടായി.

1986ല്‍ ഫിലിപ്പൈന്‍സിലെ ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അമേരിക്കയുടെ സഹായത്തോടെ രാജ്യം വിട്ട് ഹവാനയില്‍ അഭയം തേടി. ഹെയ്തിയിലെ ഏകാധിപതി ജീന്‍-ക്ലോഡ് ഡുവെലി ജനകീയ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് രാഷ്ട്രീയ അഭയം നല്‍കി ഫ്രാന്‍സ് ഡുവെലിയെ സ്വീകരിച്ചു. 2011ല്‍ മുല്ലപ്പൂവിപ്ലവം എന്ന പേരില്‍ നടന്ന പ്രക്ഷോഭത്തില്‍ ടുണീഷ്യയില്‍ നിന്ന് ബിന്‍ അലിയും ലിബിയയുടെ കേണല്‍ മുഹമ്മര്‍ ഗദ്ദാഫിയും ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് ഹുസ്‌നി മുബാറകും അധികാരം നഷ്ടപ്പെട്ടവരായി. സഊദി അറേബ്യ രാഷ്ട്രീയ അഭയം നല്‍കിയ ബിന്‍ അലി അവിടെ വെച്ചു പിന്നീട് മരണപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം ഈജിപ്ത് പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് പ്രക്ഷോഭത്തെ തുടര്‍ന്ന് സൈന്യത്തിന് അധികാരം കൈമാറുകയായിരുന്നു.

സൈനിക വെടിവെപ്പിനിടെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മുബാറകിനെ 2012ല്‍ കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചെങ്കിലും ആറ് മാസത്തിനുശേഷം ശിക്ഷ റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 2017ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. മുബാറക് 91ാം വയസ്സില്‍ മരണപ്പെട്ടു. 42 വര്‍ഷം ലിബിയന്‍ പ്രസിഡന്റായിരുന്ന മുഅമ്മര്‍ ഗദ്ദാഫി ശക്തമായ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അധികാരം വിട്ടൊഴിഞ്ഞ് ഒളിവില്‍ പോകുകയായിരുന്നു. ലിബിയന്‍ ഭരണം അട്ടിമറിക്കാന്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സൈനിക പിന്തുണ പ്രക്ഷോഭകര്‍ക്കുണ്ടായിരുന്നു. ഒളിവിലായിരുന്ന ഗദ്ദാഫിയെ പ്രക്ഷോഭകര്‍ പിടികൂടി ക്രൂരമായി കൊലപ്പെടുത്തി. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ കണ്ണിലെ കരടായിരുന്ന ഗദ്ദാഫിയുടെ അന്ത്യം 2011 ഒക്ടോബര്‍ ഇരുപതിനായിരുന്നു.

പട്ടാള അട്ടിമറിയിലൂടെ ഇദ്‌രീസ് രാജാവിനെ പുറത്താക്കി 1969ല്‍ കേണല്‍ ഗദ്ദാഫി ലിബിയയുടെ ഭരണം പിടിച്ചടക്കുകയായിരുന്നു. ഇദ്‌രീസ് രാജാവ് തുര്‍ക്കിയില്‍ ചികിത്സക്കു പോയപ്പോഴാണ് പട്ടാള അട്ടിമറി നടന്നത്. ഇദ്‌രീസ് രാജാവ് പിന്നീട് ലിബിയയിലേക്ക് മടങ്ങുകയുണ്ടായില്ല.

കെയ്‌റോവില്‍ പ്രവാസ ജീവിതം നയിച്ച അദ്ദേഹം 1983ല്‍ മരണപ്പെട്ടു.
സൈനിക അട്ടിമറിയിലൂടെ 1999ല്‍ ഭരണം നഷ്ടമായ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏറെ കാലം സഊദി അറേബ്യയില്‍ പ്രവാസിയായി കഴിയേണ്ടിവന്നു. നവാസ് ശരീഫിനെ പുറത്താക്കി ഭരണം പിടിച്ചടക്കിയ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുശര്‍റഫിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. 2008ല്‍ ഭരണം നഷ്ടപ്പെട്ട മുശര്‍റഫിന്റെ ശിഷ്ട ജീവിതം ദുബൈയിലായിരുന്നു. 2023 ഫെബ്രുവരി അഞ്ചിന് 79ാം വയസ്സില്‍ ദുബൈയില്‍ വെച്ച് മരണപ്പെട്ടു. സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയെ രക്ഷിക്കുന്നതിന് നാട്ടുകാര്‍ കണ്ട പേംവഴി പ്രധാനമന്ത്രി മഹിന്ദ്ര രജപക്‌സെയുടെ ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു. 2022 മാര്‍ച്ച് 31ന് പതിനായിരങ്ങള്‍ പ്രധാനമന്ത്രിയുടെ കൊളംബോയിലെ വസതിയിലേക്ക് ഇരച്ചു കയറിയതോടെ രജപക്‌സെയും കുടുംബവും ഒളിവില്‍പോയി.

ശൈഖ ഹസീനയെ വിശേഷിപ്പിച്ചിരുന്നത് ഉരുക്ക് വനിത എന്നായിരുന്നു. ഒന്നര പതിറ്റാണ്ട് അധികാരത്തിലിരുന്ന ശൈഖ ഹസീനയുടെ അവസാന വര്‍ഷങ്ങളിലെ ഭരണം ആ നിലക്കായിരുന്നു. എതിരാളികളെ ജയിലിലടച്ചും അവരെ വായ തുറക്കാന്‍ അനുവദിക്കാതെയും പോലീസിനെ ഉപയോഗിച്ച് ഭരണം തുടര്‍ന്ന ഹസീന ഒരിക്കല്‍ പോലും നാടുവിട്ട് ഓടേണ്ടി വരുമെന്ന് ചിന്തിച്ചു കാണില്ല. പക്ഷേ ഏതൊരു ഏകാധിപതിക്കും സംഭവിക്കാവുന്ന ദുരന്തം ശൈഖ ഹസീനയെയും തേടിയെത്തി. വിദ്യാര്‍ഥികളടക്കമുള്ള പതിനായിരങ്ങള്‍ ധാക്കയില്‍ നടത്തിയ ലോംഗ് മാര്‍ച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിലെത്തിയപ്പോള്‍ തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ശക്തി ഹസീന തിരിച്ചറിയുകയായിരുന്നു. ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുക്കാനുള്ള സമയം ലഭിക്കാതെ സഹോദരി ശൈഖ രഹനയോടൊപ്പം ഹെലികോപ്റ്ററില്‍ കയറി ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ പറന്നിറങ്ങുകയാണുണ്ടായതെന്ന് ബി ബി സി റിപോര്‍ട്ട് ചെയ്യുന്നു. അഗര്‍ത്തലയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഹസീനയും സഹോദരി രഹനയും ഡല്‍ഹിക്ക് സമീപം ഗാസിയാബാദിലെത്തിയത്. അവര്‍ ഇന്ത്യയിലെത്തിയത് താത്കാലിക വാസം എന്ന ലക്ഷ്യത്തോടെയാണ്. ശൈഖ ഹസീന ലക്ഷ്യമിട്ടിരുന്നത് ബ്രിട്ടനിലോ അമേരിക്കയിലോ രാഷ്ട്രീയ അഭയം തേടാനാണ്.

എന്നാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കു പുറമെ പല യൂറോപ്യന്‍ രാജ്യങ്ങളും ഹസീനക്കു മുമ്പില്‍ വാതില്‍ കൊട്ടിയടക്കാനാണ് സാധ്യതയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും വിവിധ സര്‍വകലാശാലകളിലുണ്ട്. ശൈഖ ഹസീനക്കെതിരെ നടന്ന പ്രക്ഷോഭത്തിന് ഈ വിദ്യാര്‍ഥികളുടെ പിന്തുണയുണ്ടായിരുന്നു. ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കിയാല്‍ തങ്ങളുടെ രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കും എന്ന് ഓരോ രാജ്യങ്ങളും കണക്കുകൂട്ടുന്നു. മാത്രമല്ല അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി ശൈഖ ഹസീന നല്ല ബന്ധത്തിലായിരുന്നുവെങ്കിലും അവരുടെ അടുത്ത സുഹൃത്താവാന്‍ ശൈഖ ഹസീനക്ക് സാധിച്ചിട്ടില്ല. ഹസീന ഏറ്റവും അടുത്ത സുഹൃത് രാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. ഹസീനക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭത്തിന് ഒരു കാരണം ഇന്ത്യയുമായുള്ള ഈ ബന്ധമായിരുന്നു. ബംഗ്ലാദേശിനെ ഇന്ത്യക്ക് വില്‍പ്പന നടത്തി എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കഴിഞ്ഞ ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹസീനക്ക് വേണ്ടി ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചതായും അവര്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സഹകരിച്ചിരുന്നില്ല. ഈ ആരോപണങ്ങള്‍ക്കൊപ്പം അവിടെ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയില്‍ ജീവാപകടം നേരിടുന്ന ഹസീനക്ക് ഇന്ത്യ കവചമൊരുക്കേണ്ടതാണ്. ബ്രിട്ടനും മറ്റും രാഷ്ട്രീയ അഭയം നിഷേധിച്ച സാഹചര്യത്തില്‍ ഹസീന രക്ഷയായി കാണുന്നത് ഇന്ത്യയെയാണ്. 1975ല്‍ പിതാവ് മുജീബുര്‍റഹ്മാനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശൈഖ ഹസീനയെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അഭയം നല്‍കി സ്വീകരിച്ചിരുന്നു. മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ ശൈഖ ഹസീന വിദേശത്തായിരുന്നു. അതുകൊണ്ട് അന്ന് ഹസീന രക്ഷപ്പെട്ടു. 1979 മുതല്‍ ആറ് വര്‍ഷം അവര്‍ ഇന്ത്യയിലായിരുന്നു.

ശൈഖ ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് നയതന്ത്രപരമായി ശരിയായിരിക്കില്ല എന്ന നിലപാട് ഇന്ത്യക്കുണ്ട്. അത് ബംഗ്ലാദേശിലെ ആഭ്യന്തര പോരാട്ടത്തില്‍ ഇന്ത്യ ശൈഖ ഹസീനയുടെ പക്ഷം ചേര്‍ന്നു എന്ന ആരോപണമുയര്‍ത്തിയേക്കാം. ബംഗ്ലാദേശില്‍ കാവല്‍ സര്‍ക്കാറിനെ നയിക്കുന്ന നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ച് ആശംസകള്‍ അറിയിച്ചത് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനു കൂടിയാണ്.
ഉപഭൂഖണ്ഡത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്, ചൈനക്ക് ശേഷം ബംഗ്ലാദേശിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി ഇന്ത്യയാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും വ്യാപാര മേഖലകളിലും ഇന്ത്യ ബംഗ്ലാദേശില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2023-24 വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 13 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിലെ സര്‍ക്കാറിന്റെ താത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നയതന്ത്ര നീക്കങ്ങളെല്ലാം ഇന്ത്യയെ ദോഷകരമായി ബാധിക്കും.

അപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. തുടക്കത്തില്‍ ശത്രുതയിലായിരുന്നുവെങ്കിലും ടിബറ്റില്‍ നിന്നുള്ള ദലൈലാമക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയത് ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുതക്ക് ഇടയാക്കിയിരുന്നുവെങ്കിലും ഇന്ത്യയും ചൈനയും തമ്മില്‍ പഴയ ശത്രുതയില്ല. ചൈനയുമായി രാഷ്ട്രീയ – വ്യാപാര ബന്ധം തുടരാന്‍ ഇന്ത്യക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഇന്ത്യയെ രണ്ടാം വീട് പോലെ കരുതിയിരുന്ന ശൈഖ ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് രാജ്യം ചെയ്യുന്ന നീതി ആയിരിക്കും. പുതിയ സാഹചര്യത്തില്‍ ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് നടന്നിട്ടില്ല.

ഹസീനയുടെ മകള്‍ സല്‍മ വസേദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ റീജ്യനല്‍ ഡയറക്ടറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. സാധാരണ രീതിയില്‍ മകളോടൊപ്പം കഴിയാന്‍ ഏതൊരു മാതാവിനും അനുമതി ലഭിക്കേണ്ടതാണ്. ഇവിടെ തടസ്സം മാതാവ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായതാണ്. സുരക്ഷാ പ്രശ്‌നവുമുണ്ട്. ശൈഖ ഹസീന ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ മകള്‍ തായ്്ലാന്‍ഡില്‍ ആയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ സല്‍മ വസേദിന് മാതാവിനെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കാത്തതാണ് കാരണമെന്ന് പറയപ്പെടുന്നു.

മാതാവിനെ കാണാന്‍ സാധിക്കാത്തതിലുള്ള ദുഃഖം സല്‍മ വസേദ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയുണ്ടായി. “ഈ പ്രയാസകരമായ സമയത്തും എനിക്ക് എന്റെ മാതാവിനെ കാണാന്‍ സാധിക്കുന്നില്ല. എനിക്ക് അവരെ കെട്ടിപ്പിടിക്കണമെന്നാഗ്രഹമുണ്ട്. ഞാന്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലാണ്’- സല്‍മ വസേദ് എക്‌സില്‍ കുറിച്ചു.

Latest