Connect with us

Articles

കുലുങ്ങിത്തകര്‍ന്ന് തുര്‍ക്കി

തുര്‍ക്കിയെയും സിറിയയെയും സംബന്ധിച്ച് ഏതൊരു ദേശീയ ദുരന്തത്തേക്കാളും അപ്പുറമുള്ള സംഭവ വികാസങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ നിന്ന് കരകയറുക എന്നത് രണ്ട് രാജ്യങ്ങളെ സംബന്ധിച്ചും അത്ര എളുപ്പമുള്ള കാര്യമല്ല.

Published

|

Last Updated

സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കിയും സിറിയയും. ഇതെഴുതുമ്പോള്‍ മരണസംഖ്യ 4,500 കടന്നിരിക്കുന്നു. ഇതിന്റെ ഏതാണ്ട് എട്ടിരട്ടിയോളം മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. അതായത് ഏതാണ്ട് മുപ്പത്തയ്യായിരത്തോളം ആളുകള്‍ മരിച്ചേക്കാം. ആയിരക്കണക്കിനാളുകള്‍ തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. പരുക്കേറ്റവരുടെ എണ്ണവും പതിനായിരത്തിലേറെയാണ്. പ്രതികൂല കാലാവസ്ഥമൂലം രക്ഷാപ്രവര്‍ത്തനവും ദുസ്സഹമാകുന്നു. വീടുകള്‍ക്കുള്ളില്‍ ജീവന്‍ ബാക്കിയുള്ളവര്‍ പരുക്കുമൂലം ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ മരണത്തെ മുഖാമുഖം കാണുന്നു. ഭീതിജനകമായ അന്തരീക്ഷം. റിക്ടര്‍ സ്‌കെയിലില്‍ ഏഴിന് മുകളില്‍ രേഖപ്പെടുത്തിയ മൂന്ന് ചലനങ്ങളാണ് അവിടെ അനുഭവപ്പെട്ടത്. അതിനൊപ്പം ചെറിയ ചെറിയ ഇരുന്നൂറ്റമ്പതോളം തുടര്‍ചലനങ്ങളും ഉണ്ടായതായി റിപോര്‍ട്ട് ഉണ്ട്. 1930ല്‍ ഇവിടെത്തന്നെയുണ്ടായ ഒരു ഭൂചലനത്തില്‍ 30,000 ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. 1999ല്‍ മറ്റൊരു ഭൂചലനം ഉണ്ടായപ്പോള്‍ പൊലിഞ്ഞത് പതിനേഴായിരത്തിലധികം ജീവനുകള്‍. തുര്‍ക്കിയിലും സിറിയയിലും മാത്രമല്ല അതിര്‍ത്തി രാജ്യങ്ങളായ ലെബനാനിലും സൈപ്രസ്സിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായിട്ടുണ്ട്.

കൂനിന്മേല്‍ കുരുപോലെ
സിറിയയില്‍ പല പ്രദേശങ്ങളിലും കുറെയേറെ കാലങ്ങളായി ആഭ്യന്തരയുദ്ധം നടക്കുകയാണ്. അവിടം സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ അല്ല. അതിനാല്‍ ഇവിടെ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. 40 ലക്ഷത്തിലധികം അഭയാര്‍ഥികള്‍ താമസിക്കുന്ന സിറിയയുടെ വടക്കുകിഴക്കന്‍ ഭാഗത്താണ് ഭൂചലനം കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധം നടക്കുന്നതിനാല്‍ തന്നെ ജീവകാരുണ്യ സംഘടനകള്‍ എത്തിച്ചുനല്‍കുന്ന ഭക്ഷണമാണ് അവരുടെ ജീവന്‍ തന്നെ നിലനിര്‍ത്തുന്നത്. ഈയവസ്ഥയിലാണ് ഭൂചലനം കൂടെ എത്തി നാശം വിതച്ചിരിക്കുന്നത്. അത്ഭുതകരമായി രക്ഷപ്പെട്ടവരാകട്ടെ ഭക്ഷണമില്ലാതെ നരകിക്കുന്ന കാഴ്ചകള്‍ ഉള്ളുലക്കുന്നതാണ്.

തുര്‍ക്കി – ഭൂചലനങ്ങളുടെ താഴ് വര
ഭൂചലനങ്ങള്‍ എപ്പോഴും ഉണ്ടാകുന്ന പ്രദേശമാണ് തുര്‍ക്കി. അവിടുത്തെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കുപ്രകാരം 2020ല്‍ മാത്രം ഇവിടെ ഉണ്ടായത് ചെറുതും വലുതുമായ 33,000 ഭൂചലനങ്ങളാണ്. ഇതില്‍ 332 ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ നാലിന് മുകളില്‍ രേഖപ്പെടുത്തിയവയാണ്. തുര്‍ക്കിയിലെ പ്രധാനപ്പെട്ട ഒരു നഗരമാണ് ഇസ്താംബൂള്‍. ചെറിയ ചെറിയ ഭൂചലനങ്ങള്‍ എപ്പോഴും ഉണ്ടാകുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഫെബ്രുവരി ആറാം തീയതി രാവിലെ നാലരക്ക് അവിടെ ആദ്യം സംഭവിച്ച ചെറിയ ഭൂചലനം ആരും അറിഞ്ഞതുകൂടെയില്ല. മലയാളികള്‍ ഏറെയുള്ള ആ പ്രദേശത്ത് നിന്ന് സംസാരിച്ച ചിലര്‍ പറഞ്ഞത് നാട്ടില്‍ നിന്ന് ഫോണ്‍വിളികള്‍ തുടര്‍ച്ചയായി വന്നതോടെയാണ് അവര്‍ ഭൂചലനത്തിന്റെ വ്യാപ്തി ഇത്രയേറെയാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ്. വെളുപ്പിനെയായതിനാലും ഏറെപ്പേരും വീട്ടില്‍ത്തന്നെ ഉറക്കം ആയതിനാലുമാണ് മരണസംഖ്യ ഇത്രയേറെ ഉയര്‍ന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇസ്താംബൂളില്‍ താരതമ്യേന ഭൂചലനത്തിന്റെ വ്യാപ്തി അത്രയേറെ അനുഭവപ്പെട്ടിട്ടില്ലാത്തതിനാല്‍ അവിടുള്ളവര്‍ ഇതുവരെ സുരക്ഷിതരാണ്. എന്നാല്‍ കാറമാന്‍മാരാസ് പോലെയുള്ള മറ്റു പല പ്രദേശങ്ങളുടെയും അവസ്ഥ ഏറെ പരിതാപകരമാണെന്നുകൂടി അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

പാഠം പഠിച്ചുവോ?
തുര്‍ക്കിയെ സംബന്ധിച്ച് നിരന്തരമായി ഭൂചലനം അനുഭവപ്പെടുന്നതിനാല്‍ ഇതിന്റെ പ്രശ്നങ്ങളെ നേരിടാന്‍ സദാ സന്നദ്ധമാണ് അവിടെയുള്ള ഭരണകൂടം. പോലീസും പട്ടാളവുമൊക്കെത്തന്നെ ഭൂചലനം പോലെയുള്ള പ്രകൃതിദുരന്തങ്ങളില്‍ എത്രയും വേഗം ഇടപെടാന്‍ സദാ സന്നദ്ധമാണ്. എന്നാല്‍ ഇത്രയധികം ശക്തമായ ഭൂചലനത്തില്‍ ആദ്യമൊക്കെ ഒന്നും ചെയ്യാന്‍ അവര്‍ക്കും കഴിഞ്ഞില്ല. കാലാവസ്ഥയും പ്രതികൂലമായതാണ് എല്ലാ ഒരുക്കങ്ങള്‍ക്കിടയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുസ്സഹമായത്. സര്‍ക്കാറിന്റെ തന്നെ കാലാവസ്ഥാ വകുപ്പ് 24 മണിക്കൂറും ജനങ്ങളുടെ ഫോണിലേക്ക് പ്രധാനപ്പെട്ട അറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കും. എന്തെങ്കിലും പ്രശ്നങ്ങള്‍ പെട്ടെന്ന് സംഭവിച്ചാല്‍ ഉടന്‍ പുറത്തിറങ്ങി രക്ഷപ്പെടാനായി ഒരു ബാഗില്‍ അത്യാവശ്യം വേണ്ട ഭക്ഷണം, വെള്ളം എന്നിവ കരുതിവെക്കണമെന്ന് ജനങ്ങളെ എന്നും ഓര്‍മിപ്പിക്കുന്നു. മാത്രമല്ല ഓരോ മൂന്നോ നാലോ അപ്പാര്‍ട്മെന്റുകള്‍ കഴിഞ്ഞാല്‍ ചെറിയ പാര്‍ക്കുകള്‍ നിര്‍മിച്ചിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിച്ചാല്‍ അവിടെ അഭയം തേടുന്നതിനുവേണ്ടിയാണ് അവ നിര്‍മിച്ചിരിക്കുന്നത്.

എന്നിരുന്നാലും ഇത്തരത്തില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോഴും അതില്‍ നിന്ന് വേണ്ടവിധത്തില്‍ പാഠം ഉള്‍ക്കൊള്ളാത്ത രാജ്യമാണ് തുര്‍ക്കി എന്ന് പറയേണ്ടിവരും. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍ തുര്‍ക്കിയില്‍ ധാരാളം ബഹുനില കെട്ടിടങ്ങള്‍ ഉണ്ട്. അതാകട്ടെ നിലവാരം കുറഞ്ഞ പദാര്‍ഥങ്ങള്‍ കൊണ്ടുണ്ടാക്കിയവയുമാണ്. 1999ല്‍ ലോകത്തെ ഞെട്ടിച്ച ഭൂചലനം അവിടെ ഉണ്ടായെങ്കിലും, പിന്നീട് നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളൊന്നും തന്നെ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിയമങ്ങളുണ്ടെങ്കിലും, തുര്‍ക്കി ഒരു ദരിദ്ര രാഷ്ട്രമായതിനാല്‍ ഈ നിയമങ്ങളൊക്കെ ശക്തമായി നടപ്പാക്കുന്നതില്‍ പലപ്പോഴും വിട്ടുവീഴ്ചകള്‍ അനിവാര്യമായി വരാറുണ്ട്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
നിരന്തരമായ ഭൂചലനം സംഭവിക്കാനുള്ള ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ തുര്‍ക്കിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഭൂചലനം ഉണ്ടായ പ്രദേശം ധാരാളം ബഹുനില കെട്ടിടങ്ങളുള്ള പ്രദേശമാണ്. അതുകൊണ്ട് തന്നെ അവിടെ ചലനങ്ങള്‍ കൂടുതലായി ബാധിക്കാനും മരണസംഖ്യ ഉയരാനും കാരണമായിട്ടുണ്ട്. തുര്‍ക്കിയിലെ പത്തിലേറെ നഗരങ്ങളെ ഈ ഭൂചലനം ബാധിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി പരിശോധിക്കുമ്പോള്‍ ടെക്ടോണിക് പ്ലേറ്റിന്റെ ക്രമീകരണമാണ് ഈ ഭൂചലനങ്ങളുടെ കാരണമെന്നു വിലയിരുത്താം. ഭൂമിയുടെ പുറത്തുള്ള പാളിയില്‍ പതിനഞ്ചോളം ടെക്ടോണിക് പ്ലേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇവ തമ്മില്‍ ചേരുന്ന പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഭൂഭ്രംശങ്ങളാണ് (എമൗഹ േഘശില)െ ഭൂചലനത്തിലേക്ക് നയിക്കുന്നത്. ഇത്തരം ഫോള്‍ട്ട് ലൈനുകളുടെ മുകളില്‍ സ്ഥിതിചെയ്യുന്നതാണ് തുര്‍ക്കിയെ ഭൂചലന സാധ്യതാ മേഖലയായി മാറ്റിയിരിക്കുന്നത്. തുര്‍ക്കി സ്ഥിതിചെയ്യുന്നത് യൂറേഷ്യന്‍-ആഫ്രിക്കന്‍ പ്ലേറ്റുകളുടെ ഇടയിലെ അനറ്റോളിയന്‍ ടെക്റ്റോണിക് ഫലകത്തിലാണ്. ടര്‍ക്കിഷ്/അനറ്റോളിയന്‍ പ്ലേറ്റുകളുടെ തെക്ക് ഭാഗത്ത് ആഫ്രിക്കന്‍, അറേബ്യന്‍ പ്ലേറ്റുകളും, വടക്ക് യൂറേഷ്യന്‍ പ്ലേറ്റും, പടിഞ്ഞാറ് ഈജിയന്‍ പ്ലേറ്റുമാണ് സ്ഥിതിചെയ്യുന്നത്. ഇവ തമ്മിലുള്ള ആപേക്ഷിക ചലനം കൂടുതലായതിനാല്‍ ഇവിടെ സീസ്മിക് പ്രവര്‍ത്തനങ്ങള്‍ കൂടുതലായിരിക്കും. ഇതിനാലാണ് തുടര്‍ച്ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറുന്നത്.

ഏറ്റവും ശക്തിയേറിയത്
2013 മുതല്‍ 2022 വരെ ലോകത്തുണ്ടായ 30,673 വലിയ ഭൂചലനങ്ങളില്‍ ഏറ്റവും ശക്തമായ മൂന്ന് ഭൂചലനങ്ങളില്‍ ഒന്നാണ് തിങ്കളാഴ്ച തുര്‍ക്കിയില്‍ ഉണ്ടായത്. 1900 മുതല്‍ ഇങ്ങോട്ട് 76 പ്രധാന ഭൂചലനങ്ങളിലായി ലോകത്താകമാനം ഒരുലക്ഷത്തിനടുത്ത് ആളുകള്‍ മരിച്ചിട്ടുണ്ട്. അതിന്റെ പകുതിയോളം ആളുകള്‍ മരിച്ചത് 1939ലും 1999ലും തുര്‍ക്കിയില്‍ സംഭവിച്ച രണ്ട് ഭൂചലനങ്ങളിലാണ്. ഇപ്പോള്‍ സംഭവിച്ചതിന്റെ കൂടി കണക്ക് വരുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇതില്‍ വന്നേക്കാം.

കൈമെയ് മറന്ന് സഹായങ്ങള്‍
യൂറോപ്യന്‍ യൂനിയന്‍ ദൗത്യസേനയെ തുര്‍ക്കിയിലേക്ക് അയക്കുമെന്ന് അറിയിച്ചു. ഇന്ത്യയടക്കം കുറെയേറെ രാജ്യങ്ങളും സാധ്യമായ എല്ലാ സഹായങ്ങളും തുര്‍ക്കിക്കും സിറിയക്കും വാഗ്ദാനം ചെയ്തു കഴിഞ്ഞു. കടുത്ത തണുപ്പനുഭവപ്പെടുന്നതിനാല്‍ ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നും കമ്പിളിപ്പുതപ്പടക്കം വസ്ത്രങ്ങള്‍ ഇതിനകം തുര്‍ക്കിയില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള രണ്ട് ദേശീയ ദുരന്തനിവാരണ സേന ഇന്നലെ തന്നെ തുര്‍ക്കിയില്‍ എത്തി. ഇനിയും കൂടുതല്‍ രാജ്യങ്ങളുടെ സഹായം തുര്‍ക്കിയിലേക്കും സിറിയയിലേക്കും പ്രവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനിയെന്ത്?
തുര്‍ക്കിയെയും സിറിയയെയും സംബന്ധിച്ച് ഏതൊരു ദേശീയ ദുരന്തത്തേക്കാളും അപ്പുറമുള്ള സംഭവ വികാസങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ നിന്ന് കരകയറുക എന്നത് രണ്ട് രാജ്യങ്ങളെ സംബന്ധിച്ചും അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സിറിയയെ സംബന്ധിച്ച്. അവിടെ ആഭ്യന്തര കലഹങ്ങള്‍ മൂലം രാജ്യത്തെ സര്‍ക്കാര്‍ തന്നെ ഏതാണ്ട് തകര്‍ന്നിരിക്കുന്ന അവസ്ഥയാണ്. പല പ്രദേശങ്ങളിലും വിമതരാണ് ഭരണം കൈയാളുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രകൃതിദുരന്തങ്ങളെക്കൂടി അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം. മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ നിന്ന് എത്രയൊക്കെ സഹായം ഉണ്ടായാലും, ഇച്ഛാശക്തി ഉണ്ടെങ്കില്‍ മാത്രമേ പുതിയൊരു രാജ്യം കെട്ടിപ്പടുക്കാനാകുകയുള്ളൂ. തുര്‍ക്കിക്കും സിറിയക്കും അത് തീര്‍ച്ചയായും സാധിക്കട്ടെ.

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest