Connect with us

International

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷഹബാസ് ശരീഫ് ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ രാത്രി എട്ടിന്

ഷഹബാസ് മന്ത്രിസഭയില്‍ ബിലാവല്‍ ബൂട്ടോ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചന

Published

|

Last Updated

ഇസ്‌ലാമാബാദ് | രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഇന്ന് പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഇതിന് പിന്നാലെ ഇന്ന് രാത്രി എട്ട് മണിക്ക് പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. പ്രസിഡന്റ് ആരിഫ് അല്‍വി പുതിയ പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച്, പിഎംഎല്‍ പാര്‍ട്ടിയുടെ ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിജയം ഉറപ്പാണ്. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനാണ് ഷഹബാസ് ശരീഫ്. ഷഹബാസ് മന്ത്രിസഭയില്‍ ബിലാവല്‍ ബൂട്ടോ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാക് ദേശീയ അസംബ്ലിയില്‍ നിന്ന് നിലവിലെ ഭരണകക്ഷിയായ പിടിഎയുടെ എല്ലാ അംഗങ്ങളും രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി.

അതേസമയം, ഒറ്റയ്ക്ക് രാജിവെക്കേണ്ടി വന്നാലും രാജിവെക്കുമെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 16 ബില്യണിന്റെയും 8 ബില്യന്റെയും അഴിമതിക്കേസുകളുള്ള വ്യക്തി പ്രധാനമന്ത്രിയായാൽ അത് രാജ്യത്തിന് നാണക്കേടാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

അതിനിടെ, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ലണ്ടനില്‍ നിന്ന് ഉടന്‍ പാക്കിസ്ഥാനില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈദിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് സൂചന. ഷഹബാസ് ശരീഫ് പ്രധാമന്ത്രിയാകുന്ന സാഹചര്യത്തിലാണ് നവാസിന്റെ മടങ്ങിവരവ്.