Connect with us

Kerala

പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി; വയോധികന് ഇരട്ട ജീവപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയും

തണ്ണിത്തോട് കരിമാന്‍തോട് ആനക്കല്ലിങ്കല്‍ വീട്ടില്‍ ഡാനിയേലി (75) നെയാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് ഇരട്ട ജീവപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി. തണ്ണിത്തോട് കരിമാന്‍തോട് ആനക്കല്ലിങ്കല്‍ വീട്ടില്‍ ഡാനിയേലി (75) നെയാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

ഇരട്ട ജീവപര്യന്തം തടവിനു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2024 മാര്‍ച്ച് 18ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

അയല്‍വാസിയായ ആറ് വയസ്സുകാരിക്കൊപ്പം തന്റെ വീട്ടില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു 10 വയസ്സുകാരി. വീട്ടിലെ നിത്യസന്ദര്‍ശകനായ അയല്‍വാസി കൂടിയായ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടില്‍ കുട്ടികള്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയായിരുന്നു.

10 വയസ്സുകാരിയോട് ഡാനിയേല്‍ കുടിവെള്ളം ആവശ്യപ്പെട്ടു. അടുക്കളയില്‍ പോയി വെള്ളം എടുത്തു കൊണ്ടുവരുമ്പോള്‍, പ്രതി ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. വെള്ളം വാങ്ങി കുടിച്ച ശേഷം ഇയാള്‍, അതിക്രമത്തിനിരയാക്കിയ കുട്ടിയെ ആരെങ്കിലും വരുന്നുണ്ടോ എന്ന് വാതില്‍ക്കല്‍ പോയി നോക്കാന്‍ പറഞ്ഞു വിട്ട ശേഷം രണ്ടാമത്തെ കുട്ടിയെയും ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു.

സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ വ്യത്യാസവും ഭാവമാറ്റവും കണ്ട് സ്‌കൂളിലെ സ്റ്റുഡന്റ് കൗണ്‍സില്‍ നടത്തിയ കൗണ്‍സിലിങില്‍ 10 വയസ്സുകാരി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പത്ത് വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമ കേസന്വേഷിച്ചത് അന്നത്തെ തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍ ശിവകുമാര്‍ ആയിരുന്നു. രണ്ടാമത്തെ കുട്ടി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ കോന്നി ഡിവൈ എസ് പി ആയിരുന്ന പി നിയാസ് ആണ് ആ കേസിന്റെ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സാക്ഷിമൊഴികളുടെയും വൈദ്യപരിശോധനാ ഫലങ്ങളുടെയും ഡി എന്‍ എ പരിശോധന ഫലത്തിന്റെയും തെളിവുകള്‍ പ്രോസിക്യൂഷന്‍ വിചാരണ വേളയില്‍ ഹാജരാക്കിയത് കോടതി പരിഗണിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഈ രണ്ടു കേസുകളും ഒരുമിച്ചാണ് വിചാരണ നടത്തിയത്. അതിനാല്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചു. ഡി എന്‍ എ പരിശോധനാ ഫലം വരാന്‍ വൈകിയതു കാരണമാണ് വിധി പറയുന്നതില്‍ താമസമുണ്ടായത്. വിചാരണ പൂര്‍ത്തിയാക്കിയ ജഡ്ജ് തന്നെ, സ്ഥലം മാറി പോകുന്നതിനു മുമ്പ് കേസുകളില്‍ വിധി പ്രഖ്യാപിച്ചത് സവിശേഷതയായി.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് കോടതിയില്‍ ഹാജരായി. എ എസ് ഐ. ഹസീന, സി പി ഒ. അപര്‍ണ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായികളായി. ഇരു കേസുകളിലെയും അതിജീവിതകള്‍ക്ക് പുനരധി വാസത്തിനുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.

 

Latest