Connect with us

civic chandran rape case

ജില്ലാ സെഷന്‍സ് ജഡ്ജിയുടെ നിരീക്ഷണത്തിനെതിരെ ലൈംഗിക പീഡന ഇര ഹൈക്കോടതിയെ സമീപിക്കും

ജഡ്ജിയുടേത് സ്ത്രീവിരുദ്ധവും ലൈംഗിക പീഡന ഇരകളെയെല്ലാം അവഹേളിക്കുന്നതുമായി പരാമര്‍ശമെന്ന് പരാതിക്കാരി

Published

|

Last Updated

കോഴിക്കോട് | ലൈംഗിക പീഡന കേസിലെ പരാതിക്കാരിയായ തന്നെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അവഹേളിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിക്ക് പരാതി നല്‍കും. യുവതിയുടെ വസ്ത്രധാരണ രീതി ലൈംഗികാമായി പ്രകോപിപ്പിക്കുന്നതാണെന്നും ഇതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്നുമുള്ള കോടതിയുടെ പരാമര്‍ശത്തിനെതിരെയാണ് യുവതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുക. പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണ് കോടതിയുടെ വിവാദ പരാമര്‍ശം. 74കാരനായ പ്രതിക്ക് യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനികില്ലെന്ന  നിരീക്ഷണവും കോടതി നടത്തിയിരുന്നു

കോടതിയുടെ പരാമര്‍ശം തന്നെ മാത്രമല്ല ലൈംഗിക പീഡനത്തിന് ഇരകളായ എല്ലാവരേയും അവഹേളിക്കുന്നതാണന്ന് യുവതി പറഞ്ഞു. സ്ത്രീ വരുദ്ധമായ പരാമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. ജഡ്ജി പ്രകടിപ്പിക്കുന്നത് പുരുഷാധിപത്യ മനോഭാവമാണ്. നീതിതേടിയെത്തുന്ന ഒരു ഇരക്കെതിരേയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും യുവതി പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇപ്പോഴാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. യുവ എഴുത്തുകാരിയാണ് സിവിക് ചന്ദ്രനെതിരെ പീഡന പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മറ്റൊരു പരാതിയില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 20 ദിവസം മുമ്പ് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുവരെ പോലീസ് സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് അതിജീവിതയോടൊപ്പം നില്‍ക്കുന്ന ഐക്യദാര്‍ഢ്യ സമിതിയുടെ ആരോപണം. അതിജീവിതയുടെ പരാതിയില്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.