Kerala
ലൈംഗിക പീഡനം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം
പീഡന പരാതികള്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും പരാതിക്കാര്‍ക്ക് സി പി എം ബന്ധമുണ്ടെന്നുമാണ് വീക്ഷണം പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നത്.

തിരുവനന്തപുരം | ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടികള്‍ സുചിന്തിതമാണെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉറച്ചു നില്‍ക്കെ, രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം.
പീഡന പരാതികള്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും പരാതിക്കാര്‍ക്ക് സി പി എം ബന്ധമുണ്ടെന്നുമാണ് വീക്ഷണം പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നത്. ഇരകളുടെ മൊഴിയില്‍ നിന്ന് പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് വ്യക്തമാണെന്നും സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ലെന്നും ലേഖനം പറയുന്നു. ഗര്‍ഭഛിദ്രം ഒരാളുടെ മാത്രം തീരുമാനമല്ല. ആവശ്യമില്ലാത്ത ഗര്‍ഭം കലക്കിയത് ആ സ്ത്രീയുടെ കൂടി തീരുമാനം ആയിരുന്നു. സി പി എം നാറ്റിച്ചാല്‍ തകരുന്നവരല്ല കോണ്‍ഗ്രസിലെ യുവനേതാക്കളെന്നും ലേഖനത്തില്‍ വിശദമാക്കുന്നു. എല്ലാത്തിനും നിന്നുകൊടുത്തിട്ട് പിന്നീട് പരാതിയുമായി വരുന്നത് ശരിയായ ഉദ്ദേശ്യത്തോടെയല്ലെന്നും വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോള്‍ എന്ന ലേഖനത്തില്‍ പറയുന്നു.
പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തോടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വി ഡി സതീശന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴാണ് പാര്‍ട്ടി പുറത്താക്കിയ ആളെ ന്യായീകരിക്കുന്ന ലേഖനം പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചത്.
ഇരകള്‍ പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ കൂടാതെ പാര്‍ട്ടിക്ക് നേരിട്ടു ലഭിച്ച പരാതികളും അച്ചടക്ക നടപടിക്ക് കാരണമായിരുന്നു. അച്ചടക്ക നടപടിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് വി ഡി സതീശനെ അധിക്ഷേപിക്കാനും രാഹുലിനെ മഹത്വ വല്‍ക്കരിക്കാനും നടക്കുന്ന സംഘടിത നീക്കങ്ങളെ പാര്‍ട്ടി നേതൃത്വം തള്ളിക്കളയുമ്പോഴാണ് രാഹുലിനെ ന്യായീകരിച്ച് പാര്‍ട്ടി പത്രം ലേഖനം പ്രസിദ്ധീകരിക്കുന്നത്.