Kerala
ശിവപ്രിയയുടെ മരണം: സ്റ്റഫൈലോകോക്കസ് അണുബാധയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്ന് വിദഗ്ധ സമിതി.
തിരുവനന്തപുരം| തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ശിവപ്രിയ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്നുമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് വിദഗ്ധ സമിതി ഡിഎംഇയ്ക്ക് കൈമാറി.
ആശുപത്രിയില്‍ അണുനശീകരണത്തിനുള്ള നടപടികള്‍ കൃത്യമായി പാലിച്ചിരുന്നു.അതിന്റെ രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നിരവധി രോഗികള്‍ ചികിത്സ തേടിയിരുന്നു. അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം പറയുന്നു. പ്രസവമുറിയില്‍നിന്ന് സാംപിള്‍ എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസള്‍ട്ടും നെഗറ്റീവ് ആണ്. ആ സാഹചര്യത്തില്‍ അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
കഴിഞ്ഞ മാസം 22നായിരുന്നു കരിക്കകം സ്വദേശി ജെ ആര്‍ ശിവപ്രിയ (26)യയുടെ പ്രസവം. 24ന് എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയശേഷം കടുത്ത പനി അനുഭവപ്പെട്ടു തുടര്‍ന്ന് 26നു ശിവപ്രിയയെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് നടത്തിയ ബ്ലഡ് കള്‍ചറില്‍ ആണ് അണുബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും നവംബര്‍ 9ന് ഉച്ചയോടെ മരണം സംഭവിച്ചു.



