Uae
ഡിസംബറിൽ ഗൾഫ്-കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു
ശീതകാല അവധിയുടെ പശ്ചാത്തലത്തിൽ ബുക്കിംഗിൽ 35 ശതമാനം വർധനവ്
ദുബൈ| യു എ ഇയിലെ സ്‌കൂളുകൾക്ക് ഏകദേശം ഒരു മാസം നീണ്ട ഏറ്റവും ദൈർഘ്യമേറിയ ശീതകാല അവധി ആരംഭിക്കുന്നതോടെ, ഗൾഫ്-കേരള സെക്ടറിൽ യാത്രാ ടിക്കറ്റുകളുടെ ഡിമാൻഡ് ശക്തമായി. ഈ കാലയളവ് പുതിയ പീക്ക് സീസണായി മാറിക്കഴിഞ്ഞതായി യാത്രാ വിദഗ്ധർ അഭിപ്രായപ്പെട്ടു. യു എ ഇ ദേശീയ ദിനം, ക്രിസ്മസ്, ന്യൂ ഇയർ അവധികൾ എന്നിവ സംയോജിപ്പിച്ച് യാത്ര ചെയ്യുന്നവർ വർധിച്ചതോടെ യാത്രാ നിരക്ക് കുതിക്കുകയാണ്.
ഡിസംബർ മാസത്തെ ബുക്കിംഗിൽ 35 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഉയർന്ന നിരക്കുകൾ ഒഴിവാക്കാനും സീറ്റുകൾ ഉറപ്പിക്കാനും വേണ്ടി നിരവധി താമസക്കാർ മുൻകൂട്ടി തന്നെ ബുക്കിംഗുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
കുടുംബങ്ങൾ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്തതിനാൽ, വിപുലമായ അവധിക്കാല യാത്രകൾക്കായി ബുക്കിംഗുകൾ കുതിച്ചുയർന്നു. അഞ്ച് മുതൽ ഏഴ് ദിവസം വരെ നീളുന്ന യാത്രകളാണ് 65 ശതമാനം യാത്രക്കാരും തിരഞ്ഞെടുക്കുന്നത്. ദീർഘദൂര സാംസ്‌കാരിക യാത്രകൾക്കും, പ്രാദേശിക ഹ്രസ്വ യാത്രകൾക്കും ശക്തമായ ഡിമാൻഡ് ഉണ്ട്. ഈ സീസണിൽ ക്രൂയിസ് യാത്രകൾക്ക് ആവശ്യക്കാർ വർധിച്ചു. മസ്‌കത്ത്, ഖസബ്, ഖത്വർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകൾ കുടുംബങ്ങളെയും ഗ്രൂപ്പുകളെയും ആകർഷിക്കുന്നു.
വിദേശ ടൂറിസം ലക്ഷ്യസ്ഥാനങ്ങളായ വിയറ്റ്‌നാം, ജപ്പാൻ പോലുള്ള ദീർഘദൂര സാംസ്‌കാരിക കേന്ദ്രങ്ങളും യൂറോപ്പിലെ പാരീസ്, റോം, സ്വിറ്റ്‌സർലൻഡ് പോലുള്ള ഉത്സവ കേന്ദ്രങ്ങളും ജനപ്രിയമാണ്. ഷെങ്കൻ വിസ നടപടികൾക്ക് എട്ട് ആഴ്ച വരെ എടുക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് മിക്കവാറും തിരഞ്ഞെടുക്കുന്നത്. അവസാന നിമിഷം ടിക്കറ്റുകൾക്ക് വലിയ നിരക്ക് നൽകാൻ തയ്യാറായാലും സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ലെന്ന് ഗൾഫ് – ഇന്ത്യ സെക്ടറിലെ യാത്രാ ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു.



