Connect with us

Ongoing News

സേതു എഫ് സിയെ തകര്‍ത്തു; ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തമിഴ്നാട്ടില്‍ നിന്നുള്ള സേതു മധുര എഫ് സിയെ തകര്‍ത്താണ് ഗോകുലം വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്.

Published

|

Last Updated

ഭൂവനേശ്വര്‍ | തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം കേരള. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തമിഴ്നാട്ടില്‍ നിന്നുള്ള സേതു മധുര എഫ് സിയെ തകര്‍ത്താണ് ഗോകുലം വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തില്‍ ഒരു സമനില മതിയായിരുന്ന ഗോകുലം ആധികാരികമായി ലീഗ് അവസാനിപ്പിച്ചാണ് കിരീടം വീണ്ടും കോഴിക്കോട്ടെത്തിച്ചിരിക്കുന്നത്. കളിച്ച 11 മത്സരത്തിലും ഗോകുലം തോല്‍വി അറിഞ്ഞിട്ടില്ല. ആകെ നാലു ഗോളുകള്‍ മാത്രമാണ് ലീഗില്‍ ഗോകുലം കേരള വഴങ്ങിയത്.

കിരീടത്തിന് സമനില മതിയെന്ന സമാശ്വാസത്തില്‍ മൈതാനത്തിറങ്ങിയ ഗോകുലത്തിനെ ഞെട്ടിച്ച് സേതു എഫ് സി രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. ഹെഡറില്‍ നിന്ന് റെനു ദേവിയാണ് സേതു എഫ് സിയെ മുന്നിലെത്തിച്ചത്. എന്നാല്‍ ഉടന്‍ തന്നെ ഗോകുലത്തിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞു. എല്‍ഷദായിയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് ആശലത ദേവി ഗോകുലത്തിന് സമനില നേടിക്കൊടുത്തു. തുടര്‍ന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം പിന്നീട് മേധാവിത്തം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. 33ാം മിനുട്ടില്‍ ഘാന താരം എല്‍ഷദായ് അചെങ്പോയുടെ ഗോളില്‍ ഗോകുലം മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിനിടെ മലബാറിയന്‍സ് വീണ്ടും ഗോള്‍ നേടി. 40ാം മിനുട്ടില്‍ മനീഷ കല്യാണിന്റെ വകയായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോള്‍. രണ്ടാം പകുതിക്ക് ശേഷം ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം 3-1 എന്ന സ്‌കോറിന് അവസാനിച്ചു. ഇതോടെ രണ്ടാം തവണയും ഇന്ത്യന്‍ വനിതാ ലീഗ് കിരീടം സ്വന്തമാക്കാന്‍ ഗോകുലത്തിന് കഴിഞ്ഞു.

നേരത്തെ പുരുഷ ടീമും ഐ ലീഗ് കിരീടം നിലനിര്‍ത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പുരുഷ, വനിതാ ലീഗുകളില്‍ തുടര്‍ച്ചയായി രണ്ടാം തവണ കിരീടം സ്വന്തമാക്കുക എന്ന ചരിത്ര നേട്ടം ഗോകുലം കേരളയുടെ പേരിലായി.  ജയത്തോടെ ഗോകുലം കേരളയുടെ വനിതാ ടീം 21 മത്സരത്തില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ്. കേരള വനിതാ ലീഗില്‍ കളിച്ച 10 മത്സരത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഗോകുലത്തിന്റെ ജൈത്രയാത്ര.