Connect with us

Ongoing News

ജീവിത വിജയത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ കണ്ടു; അറ്റ്‌ലസ് രാമചന്ദ്രന്‍ ഇനി ഓർമ

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന മുഖമാണ് ഓർമയായത്.

Published

|

Last Updated

വാണിജ്യ വിജയങ്ങളുടെ വേലിയേറ്റവും ഇറക്കവും ലോകത്തിനു കാണിച്ചുകൊടുത്ത ജീവിത ചിത്രം അവശേഷിപ്പിച്ച് അറ്റ്ലസ് രാമചന്ദ്രന്‍ എന്ന സ്വര്‍ണ വ്യാപാരി വിടവാങ്ങി. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന മുഖമാണ് ഓർമയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു രാമചന്ദ്രന്റെ നിര്യാണം.

സ്വപ്രയത്‌നത്താല്‍ സ്വര്‍ണവ്യാപാര രംഗത്ത് അതിവേഗം വളരുകയും പിന്നീട് അടിതെറ്റി താഴെവീഴുകയും ചെയ്ത അമ്പരപ്പിക്കുന്ന കഥയായിരുന്നു രാമചന്ദ്രന്റേത്. തകര്‍ച്ചയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനും തന്റെ അനുഭവങ്ങള്‍ പുതു തലമുറയ്ക്കായി എഴുതാനും ശ്രമിക്കുന്നതിനിടയിലായിരുന്നു എണ്‍പതാം വയസ്സില്‍ അന്ത്യം.

തൃശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി കോം പാസായ ശേഷം ഗള്‍ഫില്‍ ബാങ്ക് ഉദ്യോഗസ്ഥനായി. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചു. ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് എത്തുന്നത്.

കുവൈറ്റില്‍ ആരംഭിച്ച ഒരു ഷോറൂം ആറായി വളര്‍ന്നു. എന്നാല്‍ 1990 ല്‍ ഓഗസ്റ്റ് 2 ന് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം തകര്‍ന്നു. പിന്നീടാണ് രാമചന്ദ്രന്‍ ദുബായിലെത്തി അവിടെ ആദ്യ ഷോറൂം തുറക്കുന്നത്. ആ തുടക്കം പിന്നീട് 19 ഷോറൂമുകളിലേക്ക് വളർന്നു. മൂന്നു പതിറ്റാണ്ടു മുന്‍പ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യു എ ഇ കൂടാതെ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും കേരളത്തിലുമായി അന്‍പതോളം ശാഖകളുണ്ടായിരുന്നു.

ഇതിനിടയ്ക്ക് സിനിമാ നിര്‍മ്മാണ മേഖലയിലും അദ്ദേഹത്തിന്റെ കൈ പതിഞ്ഞു. വൈശാലി, സുകൃതം, വാസ്തുഹാര പോലുള്ള മനോഹരമായ സിനിമകള്‍ മലയാളിക്ക് ലഭിച്ചു. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലായിരുന്നു അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചതും വിതരണം ചെയ്തതും. അറബിക്കഥ ഉള്‍പ്പെടെ 14 സിനിമകളില്‍ അഭിനയിച്ച രാമചന്ദ്രന്‍ 2010 ല്‍ ഹോളിഡേയ്‌സ് എന്ന സിനിമ സംവിധാനം ചെയ്തു. അക്ഷര ശ്ലോകത്തില്‍ തല്‍പരനായിരുന്നു അദ്ദേഹം.

2015 ലാണ് രാമചന്ദ്രന് ബിസിനസ് രംഗത്ത് അടിതെറ്റുന്നത്. ചില ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകളാണ് തിരിച്ചടിയായത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയില്‍ ശിക്ഷ നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങള്‍ക്കും ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു.

മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തല്‍ക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്. കോടികളുടെ കടബാധ്യതയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ രാമചന്ദ്രന് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം നാട്ടിലേക്ക് വരാന്‍ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. ബിസിനസ് രംഗത്ത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവില്‍ അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങി.

---- facebook comment plugin here -----

Latest