Connect with us

ssf golden fifty

രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണം: കാന്തപുരം

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം തുടങ്ങി

Published

|

Last Updated

കോഴിക്കോട് | രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് സ്വപ്‌ന നഗരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല. അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളല്ല, വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകേണ്ടത്.

സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുന്‍ഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ജാബിര്‍ സഖാഫി പാലക്കാട് സംബന്ധിച്ചു.

രിസാല പുതിയ ലക്കം പ്രകാശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കര്‍ണാടക മുന്‍ മന്ത്രി യു ടി ഖാദറിന് നല്‍കി നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഹജജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സംസാരിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 7,000 വിദ്യാര്‍ഥികള്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ ആറു മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് സമ്മേളനത്തില്‍ നടക്കുന്നത്. 17 സെഷനുകളിലായി 50 പ്രമുഖരാണ് സംബന്ധിക്കുന്നത്.

 

---- facebook comment plugin here -----

Latest