കെയ്‌റോ ഡയറി - 30
ഗിസയിലെ പിരമിഡുകള്‍
ഗിസയിലെ പീഠഭൂമിയിൽ തലയുയർത്തി നിൽക്കുന്ന മൂന്ന് പ്രധാന പിരമിഡുകളിൽ ഏറ്റവും വലുത് ഖുഫു രാജാവിന്റെ മഹാപിരമിഡ് (Great Pyramid of Giza) ആണ്.
കാലം നിശ്ചലമാകുന്ന ചിലയിടങ്ങളുണ്ട് ഭൂമിയിൽ. ആധുനിക നഗരത്തിന്റെ എല്ലാ കോലാഹലങ്ങൾക്കും ബഹളങ്ങൾക്കും അപ്പുറം, ചരിത്രവും നിഗൂഢതകളും ഉറങ്ങുന്ന ഗിസയിലെ മണലാരണ്യത്തിലേക്ക് കാൽവെക്കുമ്പോൾ അനുഭവപ്പെടുന്നത് അത്തരമൊന്നാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ, മേഘങ്ങളില്ലാത്ത നീലാകാശത്തിന് താഴെ തലയുയർത്തി നിൽക്കുന്ന പിരമിഡുകൾ. ദൂരെ നിന്ന് നോക്കുമ്പോൾ കേവലം ത്രികോണാകൃതിയിലുള്ള കുറച്ചു കൽക്കൂമ്പാരങ്ങളായി തോന്നാമെങ്കിലും തൊട്ടടുത്തെത്തുമ്പോഴാണ് ഈ മഹാത്ഭുതത്തിന്റെ യഥാർഥ വലിപ്പവും ഗാംഭീര്യവും പൂർണമായും ബോധ്യപ്പെടുക.
ഗിസയിലെ പീഠഭൂമിയിൽ തലയുയർത്തി നിൽക്കുന്ന മൂന്ന് പ്രധാന പിരമിഡുകളിൽ ഏറ്റവും വലുത് ഖുഫു രാജാവിന്റെ മഹാപിരമിഡ് (Great Pyramid of Giza) ആണ്. ഏതാണ്ട് പതിമൂന്ന് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ മഹാവിസ്മയം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ഇരുപത്തിമൂന്ന് ലക്ഷത്തോളം കൂറ്റൻ ചുണ്ണാമ്പുകല്ലുകളും ഗ്രാനൈറ്റുകളുമാണ്. ഓരോ കല്ലിനും ശരാശരി രണ്ടര ടൺ മുതൽ എൺപത് ടൺ വരെ ഭാരമുണ്ട്. ചക്രങ്ങളോ ഇരുമ്പോ ക്രെയിനുകളോ കണ്ടുപിടിക്കുന്നതിന് മുന്പുള്ള ഒരു കാലഘട്ടത്തിൽ എങ്ങനെയാണ് ഇത്രയും ഭാരമുള്ള കല്ലുകൾ നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ നിന്ന് നൈൽ നദിയിലൂടെ കൊണ്ടുവന്ന് ഇത്രയും കൃത്യതയോടെ നൂറ്റിനാൽപ്പത് മീറ്ററിലധികം ഉയരത്തിൽ അടുക്കിവെച്ചത് എന്നത് ആധുനിക എൻജിനീയറിംഗ് ലോകത്തിന് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ്.
ഈ കല്ലുകൾക്കിടയിലുള്ള വിടവ് ഒരു ബ്ലേഡ് പോലും കടത്തിവിടാൻ കഴിയാത്തത്ര സൂക്ഷ്മമാണ്. പിരമിഡിന്റെ അടിത്തറയുടെ നിർമാണത്തിൽ കാണിച്ചിരിക്കുന്ന ഗണിതശാസ്ത്രപരമായ കൃത്യത ഏതൊരു മനുഷ്യനെയും അത്ഭുതപ്പെടുത്തും. ഭൂമിയുടെ നാല് ദിക്കുകളിലേക്കും തികഞ്ഞ കൃത്യതയോടെയാണ് ഇതിന്റെ വശങ്ങൾ ദർശിക്കുന്നത്. കേവലം കല്ലുകൾ അടുക്കിവെച്ചൊരു ശവകുടീരം എന്നതിലുപരി പുരാതന ഈജിപ്തുകാരുടെ ജ്യോതിശാസ്ത്രപരവും വാസ്തുവിദ്യാപരവുമായ അറിവുകളുടെ ഏറ്റവും വലിയ പ്രതീകമാണിത്.
കാലങ്ങളായി ചരിത്രകാരന്മാർക്കിടയിലും സാധാരണക്കാർക്കിടയിലും നിലനിന്നിരുന്ന ഒരു വലിയ തെറ്റിദ്ധാരണയായിരുന്നു അടിമകളെക്കൊണ്ട് നിർബന്ധിതമായി പണികഴിപ്പിച്ചതാണ് പിരമിഡുകൾ എന്നത്. എന്നാൽ പുതിയ കാലത്തെ പുരാവസ്തു ഗവേഷണങ്ങൾ ഈ വാദത്തെ പൂർണമായും തിരുത്തിക്കുറിക്കുന്നുണ്ട്. ഗിസയിൽ പിരമിഡുകൾക്ക് സമീപം കണ്ടെത്തിയ തൊഴിലാളികളുടെ ഗ്രാമങ്ങളും അവരുടെ ശവകുടീരങ്ങളും വ്യക്തമാക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ചരിത്രമാണ്.
തങ്ങളുടെ രാജാവിനെ ഏറ്റവും ഉന്നതനായി കണ്ടിരുന്ന ഒരു ജനത തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി തികഞ്ഞ ആദരവോടെയും സമർപ്പണത്തോടെയും നിർമിച്ചതാണ് ഈ മഹാവിസ്മയം. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ചമ്മട്ടിയടിയേറ്റ അടിമകളല്ല. മികച്ച രീതിയിൽ ശമ്പളവും ഭക്ഷണവും ആരോഗ്യപരിരക്ഷയും ലഭിച്ചിരുന്ന ആയിരക്കണക്കിന് വിദഗ്ധരായ ശിൽപ്പികളും എൻജിനീയർമാരും തൊഴിലാളികളുമാണ് എന്നാണ് അവർ പറയുന്നത്. കൃഷിയില്ലാത്ത മാസങ്ങളിൽ നൈൽ നദിക്കരയിലെ കർഷകർ തങ്ങളുടെ ദേശത്തോടുള്ള കൂറിന്റെ അടയാളമായി ഈ നിർമാണത്തിൽ പങ്കുചേർന്നിരുന്നു. ഒരർഥത്തിൽ പിരമിഡുകൾ പുരാതന ഈജിപ്തിന്റെ സാമ്പത്തിക, സാമൂഹിക, കാർഷിക വ്യവസ്ഥകളുടെ ഒരു വലിയ സംഗമസ്ഥാനം കൂടിയായിരുന്നു.
പുരാതന ഈജിപ്ഷ്യൻ തത്ത്വശാസ്ത്രത്തിൽ മരണമെന്നത് ജീവിതത്തിന്റെ ഒരു അവസാനമായിരുന്നില്ല. അനശ്വരതയിലേക്കുള്ള ഒരു പുതിയ യാത്രയുടെ തുടക്കം മാത്രമായിരുന്നു. മരണാനന്തര ജീവിതത്തിൽ അവർ അങ്ങേയറ്റം വിശ്വസിച്ചിരുന്നു. മരിച്ച രാജാവിന്റെ ആത്മാവിന് നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനും, ദേവന്മാർക്കൊപ്പം അനശ്വരതയിൽ ജീവിക്കാനുമുള്ള വഴിയൊരുക്കുക എന്നതായിരുന്നു പിരമിഡുകളുടെ പ്രധാന ലക്ഷ്യം. രാജാവിന് പരലോകത്ത് ഉപയോഗിക്കാൻ വേണ്ടിയുള്ള സ്വർണവും ആഭരണങ്ങളും വസ്ത്രങ്ങളും മാത്രമല്ല ഭക്ഷണവും വീട്ടുപകരണങ്ങളും വരെ ആ കൂറ്റൻ കല്ലറകൾക്കുള്ളിൽ അവർ സൂക്ഷിച്ചുവെച്ചിരുന്നു.
ഭൗതികമായ ശരീരം നശിച്ചുപോയാലും ആത്മാവിന് എക്കാലവും കുടികൊള്ളാൻ പാകത്തിൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന മമ്മിഫിക്കേഷൻ എന്ന സങ്കീർണമായ ശാസ്ത്രം അവർ വികസിപ്പിച്ചെടുത്തതും ഈയൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ആധുനിക മനുഷ്യൻ ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് ചിന്തിച്ച് ഉത്കണ്ഠപ്പെടുമ്പോൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്പ് ഒരു ജനത അനശ്വരതയെ സ്വന്തമാക്കാൻ വേണ്ടി മാത്രം ഇത്രയും വലിയൊരു പരിശ്രമം നടത്തി എന്നത് മാനുഷിക ചിന്തകളുടെ വലിയൊരു വൈരുദ്ധ്യമാണ്.
പിരമിഡിന്റെ കൂറ്റൻ കവാടത്തിലൂടെ ഉള്ളിലേക്ക് കടക്കുമ്പോൾ വല്ലാത്തൊരു നിശബ്ദതയാണ് നമ്മെ വരവേൽക്കുന്നത്. പുറത്തെ മരുഭൂമിയിലെ കാറ്റിന്റെ ശബ്ദമോ വെളിച്ചമോ അവിടെയില്ല. ഇടുങ്ങിയതും കുത്തനെയുള്ളതുമായ വഴികളിലൂടെ മുകളിലേക്ക് കയറുമ്പോൾ ശ്വാസംമുട്ടുന്ന അനുഭവമാണ്. ഗ്രാൻഡ് ഗ്യാലറി എന്ന് വിളിക്കപ്പെടുന്ന അതിമനോഹരമായി കല്ലുകൾ അടുക്കിവെച്ച വലിയ ഇടനാഴിയിലൂടെ നടന്ന് മുകളിലെത്തുമ്പോഴാണ് രാജാവിന്റെ അറയിൽ പ്രവേശിക്കുന്നത്. ഈ വലിയ അറയുടെ നടുവിലായി ഗ്രാനൈറ്റിൽ തീർത്ത ഒരു ശൂന്യമായ ശവപ്പെട്ടി മാത്രമാണുള്ളത്. ആ നിശബ്ദതയിൽ നിൽക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്ന വലിയൊരു ദാർശനിക തലമുണ്ട്. ലോകം മുഴുവൻ അടക്കിഭരിച്ച തന്നെത്തന്നെ ദൈവമായി പ്രഖ്യാപിച്ച ഒരു വലിയ ഭരണാധികാരിയുടെ അവസാനത്തെ വിശ്രമസ്ഥാനം വെറുമൊരു ഒഴിഞ്ഞ കരിങ്കൽപ്പെട്ടി മാത്രമാണ്.
നൂറ്റാണ്ടുകൾക്ക് മുന്പ് തന്നെ കൊള്ളക്കാർ അവിടുത്തെ നിധികളും സമ്പത്തും കവർന്നെടുത്തിരുന്നു. അനശ്വരതക്ക് വേണ്ടി പണിതുയർത്തിയ ഈ കൂറ്റൻ കൽക്കോട്ടകൾക്കുള്ളിൽ നിന്ന് മനുഷ്യന്റെ ഭൗതികമായ ശരീരവും സമ്പത്തും എന്നന്നേക്കുമായി മാഞ്ഞുപോയെങ്കിലും അവർ ബാക്കിവെച്ച ഈ വിസ്മയം ഇന്നും ലോകത്തെ നോക്കി ചിരിക്കുകയാണ്.
ഈ മഹാത്ഭുതങ്ങൾക്ക് കാവലായി ഗിസയിലെ പീഠഭൂമിയിൽ ശാന്തമായി ഉറങ്ങുന്ന മറ്റൊരു വിസ്മയമുണ്ട്. അബു എൽ-ഹോൾ അഥവാ സ്ഫിങ്ക്‌സ്. സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള ഈ കൂറ്റൻ ശിൽപ്പം ഒരൊറ്റ ചുണ്ണാമ്പുകല്ലിലാണ് കൊത്തിയെടുത്തിരിക്കുന്നത്. പിരമിഡുകളേക്കാൾ നിഗൂഢമാണ് സ്ഫിങ്ക്‌സിന്റെ ചരിത്രം. ആയിരക്കണക്കിന് വർഷങ്ങളായി മരുഭൂമിയിലെ കാറ്റും വെയിലും മണൽക്കാറ്റും ഏറ്റുവാങ്ങിയിട്ടും കാലത്തിന്റെ എല്ലാ മാറ്റങ്ങൾക്കും സാക്ഷിയായി ആ രൂപം അവിടെത്തന്നെയുണ്ട്.
ഗ്രീക്കുകാർ, റോമക്കാർ, മംലൂക്കുകൾ, ഉസ്മാനികൾ തുടങ്ങി എത്രയെത്ര സാമ്രാജ്യങ്ങൾ ഈ മണ്ണിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു! ഈ മാറ്റങ്ങളെല്ലാം സ്ഫിങ്ക്‌സിന്റെ ആ തുറന്ന കണ്ണുകൾ കണ്ടിട്ടുണ്ട്. മനുഷ്യന്റെ അധികാരക്കൊതികളും യുദ്ധങ്ങളും പ്രണയവും എല്ലാം ഈ മണലാരണ്യത്തിൽ വെറും നൈമിഷികമായ കാഴ്ചകൾ മാത്രമായിരുന്നു. “മനുഷ്യൻ കാലത്തെ ഭയക്കുന്നു, എന്നാൽ കാലം പിരമിഡുകളെ ഭയക്കുന്നു’ എന്ന പ്രശസ്തമായ അറബി പഴഞ്ചൊല്ല് എത്രത്തോളം അർഥവത്താണെന്ന് പിരമിഡിന്റെയും സ്ഫിങ്ക്‌സിന്റെയും മുന്നിൽ നിൽക്കുമ്പോൾ ബോധ്യപ്പെടും. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം നശിച്ചുപോകുമ്പോഴും, ഈ ശിലകൾ മാത്രം ഒരു പോറൽ പോലുമേൽക്കാതെ അവശേഷിക്കുന്നു.
Content Highlights:
The Great Pyramid of Giza remains a testament to ancient engineering, built using millions of massive stone blocks with mathematical precision that baffles modern experts. Recent archaeological evidence suggests these structures were built by skilled laborers and craftsmen rather than slaves, reflecting the economic and social strength of ancient Egypt. Beyond being mere tombs, the pyramids and the Sphinx symbolize the Egyptian philosophy of immortality and the afterlife, standing as silent witnesses to the rise and fall of countless empires.







