Connect with us

book review

ഋതുക്കളുടെ സർഗാവിഷ്കാരം

ഋതുക്കൾ ജീവിതത്തിൽ മാത്രമല്ല പ്രകൃതിയിലും ജൈവാവസ്ഥയിലും വരുത്തുന്ന മാറ്റങ്ങൾ വരെ സൂക്ഷ്മമായി ഒപ്പിയെടുക്കുകയാണ് ഇത്തരം വിവരണങ്ങളിലൂടെ കഥാകൃത്ത്

Published

|

Last Updated

സാഹിത്യം എന്നാൽ എന്താണ്? എം ടി വാസുദേവൻ നായരോടായിരുന്നു പ്രമുഖനായ പത്രപ്രവർത്തകന്റെ ചോദ്യം.

“അത് ജീവിതത്തെ ബാധിക്കുന്ന ശക്തികളിലൊന്നാണ്. നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന എന്തോ ഒരു ശക്തി നിയന്ത്രിക്കുന്ന ഒന്ന് എന്നുതന്നെ പറയാവുന്നതേയുള്ളു’ എന്നായിരുന്നു എം ടിയുടെ മറുപടി. അതു തന്നെയാകും മലയാളിയുടെ ജീവതത്തിന്റെ സമസ്ത മേഖലകളേയും സ്പർശിച്ചുകൊണ്ട് രചന നടത്തിയ എം ടി എന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിൽ തകർക്കപ്പെടാനാകാത്ത ഔന്നത്യത്തെ എത്തിപ്പിടിച്ച് വായനക്കാരുടെ മനസ്സിൽ രാജകീയ സ്ഥാനം അലങ്കരിച്ചു കൊണ്ട് ചിരപ്രതിഷ്ഠനായിരിക്കുന്നത്. ജീവിതം മാത്രമല്ല പ്രകൃതിയും കാലാവസ്ഥയും ജൈവാവസ്ഥയും രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലങ്ങളുമെല്ലാം എം ടിക്കഥകൾക്ക് അരങ്ങൊരുക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം അതിലൂടെയെല്ലാം ജീവിതം കൊണ്ട് സഞ്ചരിച്ചാണ് എം ടി സാഹിത്യത്തെ തന്റെ സർഗഭാവന കൊണ്ട് പരുവപ്പെടുത്തിയെടുത്തത്.

എം ടിയുടെ തിരഞ്ഞെടുത്ത കഥകൾ എന്ന പേരിൽ 46 കഥകളടങ്ങിയ 722 പേജുകളിൽ പരന്നു കിടക്കുന്ന ഒരു പുസ്തകമുണ്ട്. മനുഷ്യമനസ്സുകളുടെ സമസ്ത വികാര വിചാരങ്ങൾക്കും സർഗാത്മകാവിഷ്കാരം നൽകിയ മലയാളി ജീവിതത്തിന്റെ ഏതാണ്ട് സമ്പൂർണത അവകാശപ്പെടാവുന്ന ഒന്നാണത്. അതിൽനിന്ന് മഴക്കാല വായനക്ക് തിരഞ്ഞെടുത്ത കുറച്ച് കഥകളെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയാണ്. തോരാതെ പെയ്യുന്ന മഴയെ ആസ്വദിച്ചുകൊണ്ടുള്ള വായനക്ക് ഏറ്റവും അനുയോജ്യമായ കഥയാകും ” കർക്കിടകം’ എന്ന ശീർഷകത്തിൽ വരുന്ന കഥ എന്നുള്ളതിനാൽ അതിൽത്തന്നെ തുടങ്ങാം.

പഞ്ഞമാസത്തിന്റെ എല്ലാ പരാധീനതകൾക്കിടയിലും തോരാത്ത മഴയത്ത് സ്കൂളിലേക്ക് പോവുകയും തിരിച്ചു വരികയും ചെയ്യുന്ന ഒരിടത്തരം ക്ഷയിച്ച നായർത്തറവാട്ടിലെ ഉണ്ണിയെന്ന വിദ്യാർഥിയുടെ മനോഗതങ്ങളിലൂടെ വികസിച്ചുവരുന്ന ഈ കഥ വായിച്ചു തീരുമ്പോൾ ഒരു വിദ്യാർഥിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിട്ടല്ല ഒരു കാലഘട്ടത്തിന്റെ പഞ്ഞമാസക്കാലത്തെ ജീവിതവും ആ കാലം പ്രകൃതിയിലും ജൈവാവസ്ഥയിലും വരുത്തിവെക്കുന്ന മാറ്റങ്ങളും കൂട്ടുകുടുംബ വ്യവസ്ഥയിൽ അതുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങളുമൊക്കെ കർക്കിടകത്തിലൂടെ വായനക്കാരുടെ മനസ്സിലേക്ക് പെയ്തിറങ്ങുന്ന പ്രതീതിയുണ്ടാക്കുന്നു.

സ്കൂൾ വിട്ട് വീട്ടിലെത്തിയാലുടൻ കഞ്ഞിയും കൂട്ടാനും കിട്ടുമെന്നും അതുകൊണ്ട് പൊരിഞ്ഞ വിശപ്പ് ഒടുക്കാമെന്നുമുള്ള അടങ്ങാത്ത മോഹവുമായിട്ടാണ് ഉണ്ണി എന്ന വിദ്യാർഥി വീട്ടിലെത്തുന്നത്. വിശപ്പിന്റെ അസഹനീയതയെ ദുരഭിമാനികളായ ഒരു നായർ തറവാട്ടിലെ ഇല്ലായ്മകളാൽ വേണ്ടുവോളം സഹിക്കേണ്ടി വരുന്ന ഉണ്ണിയുടെ നിസ്സഹായാവസ്ഥ ഒരു ചലച്ചിത്രത്തിലെന്നോണം വായനക്കാരുടെ മനസ്സിലൂടെ അനുഭവിച്ച് കടന്നു പോകുന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ ഈ കഥക്കാവുന്നുണ്ട്.

ആ വീട്ടിലെ അമ്മയുടെയും ചെറ്യമ്മയുടെയും മീനാക്ഷി, മുത്തശ്ശി എന്നിവരുടെയൊക്കെ മനോഗതങ്ങൾ കഥയിൽ ചിത്രീകരിക്കുന്നത് ആ തരത്തിലാണ്. ഉണ്ണിക്ക് കഞ്ഞിയും കൂട്ടാനും ഒരുക്കുന്നതിൽ വരെ ഞെരുക്കമനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അണ്ടത്തോട്ടിലെ കുടുംബ വീട്ടിലെ ശങ്കുണ്ണി ഊൺസമയത്ത് കേറി വരുന്നത്. പിന്നെ അവിടെ ഉണ്ണിയും ഉണ്ണിയുടെ വിശപ്പും താത്കാലിക വിസ്മൃതിയിലേക്കും ശങ്കുണ്ണിക്ക് വിഭവമൊരുക്കൽ കുടുംബത്തിന്റെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രശ്നമായി ആ വീട്ടുകാർക്ക് മുമ്പിൽ വാ പൊളിച്ചു നിൽക്കുകയാണ്. ഫ്യൂഡൽ, ജന്മിത്ത വ്യവസ്ഥിതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുംമേൽ പുരുഷാധിപത്യത്തിന്റെ മേൽക്കോയ്മ അധീശത്തം സ്ഥാപിക്കുന്നതിലെ ആ കാലഘട്ടത്തിന്റെ രാഷ്ട്രീയം ഇതിൽ വായിച്ചെടുക്കാവുന്നതേയുള്ളു.

വിരുന്നെത്തിയ ശങ്കുണ്ണിക്ക് ചോറുണ്ണാൻ എവിടെന്നൊക്കെയോ ഇരന്നു വാങ്ങിയ പപ്പടം കാച്ചിയ വെളിച്ചെണ്ണയിൽ ഉപ്പുചേർത്ത് ചോറ് കഴിക്കാമെന്ന അവസരം കൊതിയോടെ കാത്തിരിക്കുകയാണ് വിശന്നുവലഞ്ഞ ഉണ്ണി.

അവസാനം അതുപോലും ലഭിക്കാതെയാവുകയും ദുർഗന്ധം വമിക്കുന്ന കഞ്ഞി വെള്ളം കുടിച്ച് നിർവൃതിയടയേണ്ടി വരുന്ന അവസ്ഥ. കർക്കിടക മാസം ആ പഴയകാല ഇടത്തരം തറവാടുകളെയൊക്കെ എത്ര മാത്രം ദുരിതത്തിലാഴ്ത്തിയിരുന്നു എന്ന യാഥാർഥ്യത്തെ അതിന്റെ എല്ലാ തീവ്രതയോടെയും ഈ കഥയിൽ വരച്ചു വെച്ചിരിക്കുകയാണ് എം ടി. മഴ തുടങ്ങിയാൽ ചീരാപ്പ് വിടാത്ത അച്യുതൻ, മുത്തശ്ശിയുടെ നിറുത്താതെയുള്ള കൊക്കിക്കുര, ദൂരെ നിന്നുള്ള ചീവീടുകളുടെ കരച്ചിൽ, അകലത്തെ പാടങ്ങളിൽ നിന്നുള്ള തവളകളുടെ കരച്ചിൽ പെരുകിപ്പെരുകി ചെവിക്ക് തൊട്ടടുത്തു നിന്നാണെന്ന തോന്നൽ, പിന്നെ ആ ഒച്ച അകന്നകന്നുപോവൽ…

ഋതുക്കൾ ജീവിതത്തിൽ മാത്രമല്ല പ്രകൃതിയിലും ജൈവാവസ്ഥയിലും വരുത്തുന്ന മാറ്റങ്ങൾ വരെ സൂക്ഷ്മമായി ഒപ്പിയെടുക്കുകയാണ് ഇത്തരം വിവരണങ്ങളിലൂടെ കഥാകൃത്ത് .

ഒരു പിറന്നാളിന്റെ ഓർമ എന്ന കഥയിലേക്ക് വന്നാൽ കുഞ്ഞികൃഷ്ണൻ എന്ന ബാലനിലൂടെ കൂട്ടുകുടുംബങ്ങളുടെ പുരുഷാധിപത്യത്തിന്റെ മുഷ്ക് സ്ത്രീകളേയും കുട്ടികളേയുമൊക്കെ ചവിട്ടിമെതിക്കുന്നതിന്റെ നേർക്കാഴ്ചകളെ കഥയിലേക്ക് എം ടി ആവാഹിച്ചെടുക്കുന്ന രീതി വായനക്കാരുടെ ഉള്ളുലക്കുന്ന വേദനകളായി പടരുന്നത് കാണാം. പത്തായങ്ങളിൽ നിറയെ നെല്ലുണ്ടായിട്ടും അമ്മാവനും മകൻ ദാമോദരനും നിത്യവും ചോറു കിട്ടുന്നു. പക്ഷേ, കുഞ്ഞികൃഷ്ണന് എന്നും കഞ്ഞിയും അവഗണനയും. ഒരിക്കൽ കുഞ്ഞികൃഷ്ണന്റെ പിറന്നാളിന് പായസം വെക്കാൻ നെല്ല് അൽപ്പം കൂടുതൽ ചോദിച്ചതിന് അവന്റെ അമ്മക്ക് അമ്മാവനിൽ നിന്നേൽക്കേണ്ടിവന്ന ചവിട്ടും തൊഴിയും ആക്രോശങ്ങളും ഫ്യൂഡൽ കാലഘട്ടത്തിലെ ധാർഷ്ട്യത്തെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ജന്മിത്തവും പുരുഷാധിപത്യവും നായർ തറവാടുകളിലെ അസ്വസ്ഥതകളും അസമത്വങ്ങളും കുടുംബ ജീവിതങ്ങളുടെ താളക്രമം തെറ്റിക്കുന്നതിന്റെ ബീഭത്സരൂപം ഒരു പിറന്നാളിന്റെ ഓർമയിൽ അവതരിപ്പിക്കുമ്പോൾ അതിൽ എം ടി എന്ന എഴുത്തുകാരന്റെ ആത്മകഥാംശം കലർന്ന ചോരപ്പാടുകൾ തെളിഞ്ഞുവരുന്നത് കാണാം. ഇതിൽ ഭാവനയേക്കാൾ ഏറെ അനുഭവത്തിന്റെയും യാഥാർഥ്യത്തിന്റെയും തനതാവിഷ്കാരം മുന്നിട്ടുനിൽക്കുന്നു എന്നതാകും ശരി. പരിതാപകരമായ ഒരു കേരളീയ കാലഘട്ടത്തിന്റെ സാമൂഹിക അപചയവും രാഷ്ട്രീയാവസ്ഥകളും സമൂല മാറ്റത്തിനു വിധേയമാക്കേണ്ടതാണെന്ന രാഷ്ട്രീയ സന്ദേശമായി മാറുകയാണ് മലയാളത്തിൽ ഏറെ വായിക്കപ്പെട്ട ഒരു പിറന്നാളിന്റെ ഓർമ എന്ന കഥ.

അങ്ങനെ എല്ലാ അർഥത്തിലും മലയാളിയുടെ ചിന്തകളേയും പച്ചയായ ജീവിത സത്യങ്ങളേയും ഋതുക്കളേയും പ്രകൃതി, ജൈവാവസ്ഥകളേയും ചരിത്ര സത്യങ്ങളായി അതിനെല്ലാം സർഗാവിഷ്കാരം നൽകിയ എഴുത്തുകാരൻ എം ടിയെന്ന രണ്ടക്ഷരം മലയാളമുള്ളിടത്തോളം വിസ്മൃതമാകില്ലെന്ന് അടിവരയിടുന്നു എം ടിക്കഥകളെല്ലാം. നവതിയിലെത്തി നിൽക്കുമ്പോളും ആ തൂലികത്തുമ്പിൽ നിന്നും ഇനിയും ഏറെ പ്രതീക്ഷകൾ മലയാളി വെച്ചുപുലർത്തുന്നതും അതുകൊണ്ട് തന്നെയാകും.

Latest