Kerala
സ്‌കൂട്ടര്‍ മോഷണം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളില്‍ പ്രതിയാണ് ഇയാള്‍
പത്തനംതിട്ട| വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന സംഭവത്തില്‍ അയല്‍വാസിയും അന്തര്‍ജില്ലാ മോഷണ കേസുകളിലെ പ്രതിയുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ മഞ്ഞിനിക്കര സ്വദേശി മേക്കാട് വീട്ടില്‍ സ്റ്റെഫിന്‍ മാത്യു (21) ആണ് പിടിയിലായത്.
ഓമല്ലൂര്‍ മഞ്ഞിനിക്കര പുഷ്പാഞ്ജലിയില്‍ സുമയുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം കാണാതായത്. സുമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
ചെങ്ങന്നൂരില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടയില്‍ പോലിസ് പിന്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




