Connect with us

International

യൂറോപ്യൻ ആകാശത്ത് ചരിത്രം കുറിച്ച് തുർക്കി

കാര്യക്ഷമതയിലും ഇന്ധനലാഭത്തിലും വിമാനത്താവളം കൈവരിച്ച ഈ കുതിച്ചുചാട്ടം ആഗോള വ്യോമയാന മേഖലയ്ക്ക് തന്നെ പുതിയൊരു മാതൃകയാണ്,

Published

|

Last Updated

ഇസ്താംബുൾ| വ്യോമയാന ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടവുമായി തുർക്കിയിലെ ഇസ്താംബുൾ അന്താരാഷ്ട്ര വിമാനത്താവളം. ഒരേസമയം മൂന്ന് റൺവേകളിൽ നിന്ന് സർവീസ് നടത്താനുള്ള ‘ട്രിപ്പിൾ റൺവേ ഓപ്പറേഷൻസ്’ വിജയകരമായി ആരംഭിച്ചത്തോടെ  യൂറോപ്യൻ വ്യോമയാന മേഖലയിൽ  ഒരേസമയം മൂന്ന് റൺവേകളിൽ നിന്ന് വിമാനങ്ങൾക്ക് പൂർണ്ണമായും സ്വതന്ത്രമായി സർവീസ് നടത്താൻ അനുമതി ലഭിക്കുന്ന യൂറോപ്പിലെ ആദ്യത്തെ വിമാനത്താവളമെന്ന ബഹുമതി ഇസ്താംബുൾ സ്വന്തമാക്കി.
കാര്യക്ഷമതയിലും ഇന്ധനലാഭത്തിലും വിമാനത്താവളം കൈവരിച്ച ഈ കുതിച്ചുചാട്ടം ആഗോള വ്യോമയാന മേഖലയ്ക്ക് തന്നെ പുതിയൊരു മാതൃകയാണ്, നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, കിഴക്കൻ ഏഷ്യ എന്നിവടങ്ങളിലെ ചുരുക്കം ചില മെഗാ-ഹബ്ബുകൾക്ക് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന ഈ അത്യാധുനിക പ്രവർത്തന ശേഷിയാണ് ഇപ്പോൾ യൂറോപ്പിൽ ആദ്യമായി ഇസ്താംബുൾ എയർപോർട്ട് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

ചരിത്രപരമായ തുടക്കം
എയർ ട്രാഫിക് കൺട്രോൾ (ATC) ടവറിൽ നിന്നുള്ള ഒരേസമയമുള്ള അനുമതിയോടെ, തുർക്കിഷ് എയർലൈൻസിന്റെ മൂന്ന് വാണിജ്യ വിമാനങ്ങൾ സമാന്തരമായ മൂന്ന് റൺവേകളിൽ നിന്ന് ഒന്നിച്ച് കുതിച്ചുയർന്നുകൊണ്ടാണ് ഈ പുതിയ സംവിധാനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരുന്നു ഈ ചരിത്രപരമായ പ്രകടനം.

ശേഷിയിലും കാര്യക്ഷമതയിലും വൻ വർദ്ധനവ്
പുതിയ ട്രിപ്പിൾ റൺവേ കോൺഫിഗറേഷൻ നിലവിൽ വന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തന ക്ഷമതയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്,വിമാനത്താവളത്തിന് ഒരു മണിക്കൂറിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന പരമാവധി എയർ ട്രാഫിക് ശേഷി 120-ൽ നിന്നും 148 മൂവ്‌മെന്റുകളായാണ് ഉയർന്നിരിക്കുന്നത് ,ഇതോടെ മണിക്കൂറിൽ 28 അധിക സ്ലോട്ടുകൾ ലഭ്യമാകുന്നതോടെ വിമാനങ്ങൾക്ക് റൺവേ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് സമയവും അതുവഴിയുണ്ടാകുന്ന ലാൻഡിംഗ് വൈകലും ഗണ്യമായി കുറയും,പുതിയ  ഈ സംവിധാനത്തിന്റെ സഹായത്തോടെ തിരക്കേറിയ സമയങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ 78 ലാൻഡിംഗുകളും 81 ടേക്ക്-ഓഫുകളും വിജയകരമായി പൂർത്തിയാക്കാൻ വിമാനത്താവളത്തിന് സാധിച്ചിട്ടുണ്ട്

സാങ്കേതിക മികവും പരിസ്ഥിതി സൗഹൃദ നടപടികളും
തുർക്കി സ്റ്റേറ്റ് എയർപോർട്ട് അതോറിറ്റി , സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (SHGM), തുർക്കിഷ് എയർലൈൻസ്, അന്താരാഷ്ട്ര ഏജൻസിയായ യൂറോ കൺട്രോൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും കഠിനമായ പരിശീലനങ്ങൾക്കും ശേഷമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിനായി 500-ലധികം എയർ ട്രാഫിക് കൺട്രോളർമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.

പുതിയ അപ്രോച്ച് ലൈനുകൾ വഴി വിമാനങ്ങൾക്ക് ലാൻഡിംഗ് സമയത്ത് വ്യോമപാതയിലെ ദൂരം കുറയ്ക്കാൻ സാധിക്കുന്നതിനാൽ ഓരോ ലാൻഡിംഗിലും ശരാശരി 40 നോട്ടിക്കൽ മൈൽ ദൂരം (ഏകദേശം 21 ശതമാനം ദൂരക്കുറവ്) ലാഭിക്കാൻ വിമാനങ്ങൾക്ക് കഴിയുന്നു. ഇത് വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് വൻതോതിൽ കുറയ്ക്കുന്നതിനൊപ്പം ആഗോള കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു. പ്രതിവർഷം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഇസ്താംബുൾ എയർപോർട്ടിന്റെ ബൃഹത്തായ മാസ്റ്റർ പ്ലാനിന് ഈ നേട്ടം വലിയ ഊർജ്ജം പകരുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Istanbul Airport has become the first in Europe to launch independent triple runway operations, allowing simultaneous service from three runways. The new configuration increases hourly flight capacity from 120 to 148 movements. This milestone reduces flight delays and cuts down fuel consumption and carbon emissions significantly.

Latest