Career Notification
കാണാത്ത വാതകങ്ങളുടെ കാണാപ്പാഠങ്ങൾ
ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന രഹസ്യമാണ് വാതക നിയമങ്ങൾ നമ്മളോട് പറയുന്നത്.
നമ്മളറിയാത്ത നമ്മെ ചുറ്റി നിൽക്കുന്നൊരു മാന്ത്രിക ലോകമുണ്ട്. അതിന് നിറമില്ല, ആകൃതിയില്ല, എന്നാലോ ശക്തനാണ് താനും. അടച്ചു വെച്ച ടിഫിൻ ബോക്സിൽ നിന്ന് ചോരുന്ന ആവിയും ആകാശത്ത് പറക്കുന്ന ബലൂണും എല്ലാം അതിന്റെ കളികളാണ്. ആ മാന്ത്രികന്റെ പേരാണ് വാതകം. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന രഹസ്യമാണ് വാതക നിയമങ്ങൾ നമ്മളോട് പറയുന്നത്.
നമ്മുടെ കണ്ണിന് കാണാൻ കഴിയാത്ത എന്നാൽ, നമുക്ക് ചുറ്റും എല്ലായിടത്തും വാതകങ്ങളുണ്ട്. നമ്മൾ ശ്വസിക്കുന്ന വായു മുതൽ അടുക്കളയിലെ ഗ്യാസ് വരെ വാതകങ്ങളാണ്. ഈ വാതകങ്ങൾക്ക് മൂന്ന് പ്രധാന സ്വഭാവങ്ങളുണ്ട് – മർദം (Pressure), വ്യാപ്തം (Volume), താപനില (Temperature). ഇവ തമ്മിലുള്ള രസകരമായ ബന്ധങ്ങളാണ് വാതക നിയമങ്ങൾ.
ബോയിൽ നിയമം: അമർത്തുമ്പോൾ ചുരുങ്ങും
സ്ഥിരമായ താപനിലയിൽ, വാതകത്തിന്റെ മർദം കൂടിയാൽ വ്യാപ്തം കുറയും. ഇത് വിപരീത അനുപാതമാണ്.
ഏറ്റവും നല്ല ഉദാഹരണം സിറിഞ്ചാണ്. സിറിഞ്ചിന്റെ അറ്റം അടച്ച് പിസ്റ്റൺ അകത്തേക്ക് അമർത്തുമ്പോൾ ഉള്ളിലെ വായു ചെറിയ സ്ഥലത്തേക്ക് ഞെരുങ്ങുന്നു, അപ്പോൾ അതിന്റെ മർദം കൂടുന്നു.
സമവാക്യം: P1V1 = P2V2
ചാൾസ് നിയമം: ചൂടാക്കിയാൽ വികസിക്കും
സ്ഥിരമായ മർദത്തിൽ, താപനില കൂടിയാൽ വാതകത്തിന്റെ വ്യാപ്തവും കൂടും. ഇത് നേർ അനുപാതമാണ്.
വെയിലത്ത് വെച്ച ബലൂൺ അൽപ്പം വലുതാകുന്നത് ഇതുകൊണ്ടാണ്. ചൂട് കൂടുമ്പോൾ അകത്തുള്ള തന്മാത്രകൾ വേഗത്തിൽ ചലിച്ച് കൂടുതൽ സ്ഥലം ആവശ്യപ്പെടുന്നു.
സമവാക്യം: V1/T1 = V2/T2 (താപനില എപ്പോഴും കെൽവിനിൽ ആയിരിക്കണം, K = 0C + 273).
അവോഗാഡ്രോ നിയമവും മോൾ ആശയവും
തുല്യ വ്യാപ്തമുള്ള എല്ലാ വാതകങ്ങളിലും തുല്യ എണ്ണം തന്മാത്രകൾ ഉണ്ടാകുമെന്ന് അവോഗാഡ്രോ പറഞ്ഞു.
ഇവിടെയാണ് രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യൂനിറ്റ് വരുന്നത്- മോൾ.
ലക്ഷക്കണക്കിന് അരിമണികളെ “ഒരു ചാക്ക്’ എന്ന് വിളിക്കുന്നതുപോലെ, 6.022 x 1023 തന്മാത്രകളെ ചേർത്ത് ഒരു മോൾ എന്ന് വിളിക്കുന്നു. ഈ സംഖ്യയെ അവോഗാഡ്രോ സംഖ്യ എന്ന് വിളിക്കുന്നു.
ദൈനംദിന ജീവിതത്തിലെ കണക്കുകൾ
ഒരു മോൾ പദാർഥത്തിന്റെ തൂക്കമാണ് മോളാർ മാസ് (g/mol). ഉദാ: ജലം (H2O)= 18 g/mol.ഇതിലൂടെ നമുക്ക് എളുപ്പത്തിൽ കണക്കുകൂട്ടാം.
മോൾ കണ്ടെത്താൻ: n = m/M (പിണ്ഡം/മോളാർ മാസ്). 36 ഗ്രാം വെള്ളത്തിൽ 36/18 = 2 മോൾ ഉണ്ട്.
വാതകത്തിന്റെ വ്യാപ്തം: എസ് ടി പിയിൽ (00C, 1 atm) ഒരു മോൾ ഏത് വാതകവും 22.4 ലിറ്ററാണ്. അതായത് V= n x 22.4
സംയോജിത വാതക നിയമം
ഒരു നിശ്ചിത അളവിലുള്ള വാതകത്തിന്റെ മർദം (Pressure), വ്യാപ്തം (Volume), താപനില (Temperature) എന്നിവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിയമമാണ് സംയോജിത വാതക നിയമം.
ഒരു നിശ്ചിത അളവിലുള്ള വാതകത്തിന്റെ മർദത്തിന്റെയും വ്യാപ്തത്തിന്റെയും ഗുണനഫലം അതിന്റെ കേവല താപനിലക്ക് (Kelvin) നേർ അനുപാതത്തിലായിരിക്കും.
ഓർക്കേണ്ട കാര്യങ്ങൾ
- താപനില എപ്പോഴും കെൽവിനിൽ (K) ആയിരിക്കണം.
- സെൽഷ്യസിനെ കെൽവിനിലേക്ക് മാറ്റാൻ
- K= 0 C+273 ഈ സമവാക്യമാണ് ഉപയോഗിക്കുന്നത്.
- മർദവും വ്യാപ്തവും ഒരേ യൂനിറ്റിൽ തന്നെ ഉപയോഗിക്കണം.
വാതക നിയമങ്ങൾ വാതകങ്ങളുടെ ഭൗതിക സ്വഭാവവും അവയുടെ മർദം, വ്യാപ്തം, താപനില എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നു. രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ദൈനംദിന ജീവിതത്തിലും ഈ നിയമങ്ങൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. അങ്ങനെ, സൈക്കിൾ ടയറിലെ കാറ്റ് മുതൽ ആകാശത്ത് പറക്കുന്ന ഹോട്ട് എയർ ബലൂൺ വരെ പ്രവർത്തിക്കുന്നത് ഈ ചെറിയ നിയമങ്ങൾ കൊണ്ടാണ്. വാതകങ്ങളെ മനസ്സിലാക്കിയാൽ ശാസ്ത്രത്തിന്റെ വലിയൊരു ലോകം തന്നെ നമുക്ക് മുന്നിൽ തുറക്കപ്പെടും.
Content Highlights: This article explains fundamental gas laws including Boyle’s law, Charles’s law, and the mole concept in an easy-to-understand manner. It highlights how pressure, volume, and temperature interact in everyday physical phenomena. Additionally, it provides practical formulas used in chemistry and physics for gas calculations.





