Uae
ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢോജ്വല തുടക്കം; അറിവിന്റെ മഹാനഗരം തുറന്നു
നവംബർ നാല് മുതൽ 15 വരെ നടക്കുന്ന മേളയ്ക്ക് "കഥകൾ സൃഷ്ടിക്കുന്നവർ' എന്ന പ്രമേയമാണ് നൽകിയിരിക്കുന്നത്.
ഷാർജ| നാൽപ്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് അക്ഷരനഗരിയിൽ പ്രൗഢോജ്വല തുടക്കം. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്. എക്സ്പോ സെന്ററിൽ നവംബർ നാല് മുതൽ 15 വരെ നടക്കുന്ന മേളയ്ക്ക് “കഥകൾ സൃഷ്ടിക്കുന്നവർ’ എന്ന പ്രമേയമാണ് നൽകിയിരിക്കുന്നത്. 126 രാജ്യങ്ങളിലെ 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ വിവിധ ഭാഷകളിലായി 17 ലക്ഷം പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
25 രാജ്യങ്ങളിൽനിന്നുള്ള 106 എഴുത്തുകാരും സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുക്കുന്ന 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും മേളയുടെ ഭാഗമാണ്. കഥ, കവിത, ചരിത്രം, ശാസ്ത്രം, കല, നാടകം, ശിൽപ്പശാലകൾ, സംവാദങ്ങൾ തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
ഒമാനാണ് ഈ വർഷത്തെ അതിഥി രാജ്യം. ഒമാന്റെ സാംസ്കാരിക-സാഹിത്യ പൈതൃകവും സമകാലിക സൃഷ്ടികളും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളിൽ 50 അതിഥികൾ പങ്കെടുക്കും. ഒമാൻ സാംസ്കാരിക-കായിക-യുവജനകാര്യ മന്ത്രി സഊദ് ബിൻ ഹിലാൽ അൽ ബുസൈദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി നടത്തിയ പ്രസംഗത്തിൽ, വായിക്കുകയും കേൾക്കുകയും പാരമ്പര്യമായി കൈമാറുകയും ചെയ്യുന്ന കഥകളാണ് വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വത്വം രൂപപ്പെടുത്തുന്നതെന്ന് വ്യക്തമാക്കി. പുസ്തകത്തിലൂടെ ആരംഭിച്ച ഷാർജയുടെ സാംസ്കാരിക യാത്ര ഇന്ന് അറിവിന്റെയും മനുഷ്യനിർമാണത്തിന്റെയും വിശാലമായ പദ്ധതിയായി വളർന്നുവെന്നും അവർ പറഞ്ഞു.
അറബ് സാഹിത്യപഠനത്തിലും ആഖ്യാനസിദ്ധാന്തത്തിലും നാല് പതിറ്റാണ്ടിലേറെ സംഭാവന നൽകിയ മൊറോക്കൻ എഴുത്തുകാരനും നിരൂപകനുമായ ഡോ. സഈദ് യഖ്തീനെ ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു. അറബിയിൽനിന്ന് കാറ്റലൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത “ആയിരത്തൊന്ന് രാവുകൾ’ എന്ന കൃതിക്ക് തർജുമാൻ പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു. ശാസ്ത്രം, സാഹിത്യം, കല, മാധ്യമം എന്നീ മേഖലകളിലെ പണ്ഡിതരെയും ഗവേഷകരെയും ആദരിക്കുന്ന “ഹാറൂൻ അൽ റശീദ് അന്താരാഷ്ട്ര പുസ്തകപുരസ്കാരം’ ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചു.
ഇതോടൊപ്പം 1497 മുതൽ 1750 വരെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് സാന്നിധ്യവും സംഭവങ്ങളും പ്രതിപാദിക്കുന്ന തന്റെ പുതിയ പുസ്തകവും അദ്ദേഹം പുറത്തിറക്കി. അറബി വിജ്ഞാനകോശത്തിന്റെ പുതിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായി തൊഴിൽമേഖലകൾ പരിചയപ്പെടുത്തുന്ന “ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്റ്റ്’, സന്ദർശകരുടെ അനുഭവങ്ങളെ അറബി, ഇംഗ്ലീഷ് കവിതകളാക്കി മാറ്റുന്ന “പോയറ്റ്സ് കോർണർ’ എന്നിവയും ഈ വർഷത്തെ ആകർഷണങ്ങളാണ്. നവംബർ ഏഴ് മുതൽ പത്ത് വരെ ത്രില്ലർ ഫെസ്റ്റിവലും നവംബർ ഏഴ് മുതൽ ഒമ്പത് വരെ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനവും നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രസാധകരെയും ഒരുമിപ്പിക്കുന്ന ഈ മേള അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുസ്തക-സാംസ്കാരിക സംഗമങ്ങളിലൊന്നായി ഷാർജയുടെ ആഗോള സാംസ്കാരിക സ്ഥാനത്തെ വീണ്ടും ശക്തിപ്പെടുത്തുകയാണ്.
Content Highlights: The 45th Sharjah International Book Fair was grandly inaugurated by Sheikh Dr Sultan Bin Muhammad Al Qasimi at Expo Centre. Running from November 4 to 15 under the theme Creators of Stories, it features 3,212 publishers with Oman as the guest country.





