Uae
അബൂദബിയിലെ സ്‌കൂളുകൾക്ക് മൂന്ന് വർഷം വരെ പ്രവർത്തനം നിർത്തിവെക്കാൻ അനുമതി
താത്കാലികമായി അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾ അതിനായുള്ള കാരണം അധ്യയന വർഷം അവസാനിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും അഡെകിന് സമർപ്പിക്കണം.

അബൂദബി|അബൂദബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് കുറഞ്ഞത് ഒരു അധ്യയന വർഷത്തേക്കും പരമാവധി മൂന്ന് അധ്യയന വർഷത്തേക്കും പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ അനുമതി നൽകി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). എന്നാൽ ഇതിന് വകുപ്പിന്റെ മുൻകൂർ അനുമതി ലഭിക്കണം. അഡെക് ഈയിടെ പുറത്തിറക്കിയ പുതിയ സ്‌കൂൾ ലൈസൻസിംഗ് നയം താത്കാലിക അടച്ചുപൂട്ടലിന്റെ നടപടിക്രമങ്ങളും അനുബന്ധ ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്നു.
പുതിയ നയം അനുസരിച്ച്, താത്കാലികമായി അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾ അതിനായുള്ള കാരണം അധ്യയന വർഷം അവസാനിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും അഡെകിന് സമർപ്പിക്കണം. അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്ന തീയതി, വിദ്യാർഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അപേക്ഷയിൽ അനുമതി നൽകിയാൽ നടപടിയുമായി മുന്നോട്ട് പോകാം. ഇത് സംബന്ധമായി സ്‌കൂൾ ഏഴ് ദിവസത്തിനുള്ളിൽ ജീവനക്കാരെയും രക്ഷിതാക്കളെയും അറിയിക്കണം. ഒരു സ്‌കൂൾ മൂന്ന് അധ്യയന വർഷത്തിൽ കൂടുതൽ അടച്ചിടുകയാണെങ്കിൽ, അതിന്റെ ലൈസൻസ് സ്വയമേവ റദ്ദാക്കപ്പെടും. പ്രവർത്തനം പുനരാരംഭിക്കാൻ പുതിയ ലൈസൻസിന് അപേക്ഷിക്കണം.
സ്ഥിരമായി അടച്ചുപൂട്ടണമെങ്കിൽ അഡെകിന് ഔദ്യോഗിക അപേക്ഷ നൽകാം.
താത്കാലികമായി അടച്ചുപൂട്ടാൻ അനുമതി ലഭിക്കുന്ന സ്‌കൂളുകൾ ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുമായുള്ള എല്ലാ നിയമപരവും കരാർപരവുമായ ബാധ്യതകളും നിറവേറ്റണം. ജീവനക്കാരുടെ കുടിശ്ശിക നൽകണം, രക്ഷിതാക്കൾക്ക് തിരികെ നൽകേണ്ട ഫീസ് അടക്കമുള്ളവ തിരികെ നൽകുകയും വേണം.