Saudi Arabia
സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്മെന്റ് തസ്തികകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം; പ്രഖ്യാപനവുമായി സഊദി
മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ച് പുറപ്പെടുവിച്ച ഈ പുതിയ നിയമം 2027 ഫെബ്രുവരി 14 മുതല്‍ രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും.
ജിദ്ദ/റിയാദ് | സഊദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്മെന്റ് തസ്തികകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ച് പുറപ്പെടുവിച്ച ഈ പുതിയ നിയമം 2027 ഫെബ്രുവരി 14 മുതല്‍ രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. സഊദി വിഷന്‍ 2030-ന്റെ ഭാഗമായി തദ്ദേശീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും സാങ്കേതിക-മാനേജ്മെന്റ് രംഗങ്ങളില്‍ സ്വദേശി പങ്കാളിത്തം വര്‍ധിപ്പിക്കാനുമാണ് പരിഷ്‌കാരം.
പ്രൊജക്റ്റ് മാനേജ്മെന്റ് മാനേജര്‍, പ്രൊജക്റ്റ് മാനേജ്മെന്റ് എന്‍ജിനീയര്‍, പ്രൊജക്റ്റ് മാനേജ്മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ പുതിയ തസ്തികകളിലാണ് ഈ നിയമം ബാധകമാകുന്നത്. പുതിയ നിയമപ്രകാരം പ്രൊജക്റ്റ് മാനേജ്മെന്റ് മേഖലയില്‍ മൂന്നോ അതില്‍ കൂടുതലോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 70 ശതമാനം സ്വദേശിവത്ക്കരണ പരിധി പാലിക്കാന്‍ ബാധ്യസ്ഥരാണ്. കൂടാതെ നിയമം കൃത്യമായി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ വിവിധ നയതന്ത്ര-സാമ്പത്തിക സഹായ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കും.
പുതിയ തീരുമാനം പ്രൊജക്റ്റ് മാനേജ്മെന്റ് രംഗത്ത് ജോലി ചെയ്യുന്ന വലിയൊരു വിഭാഗം പ്രവാസി ജീവനക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Saudi Arabia announced 70 percent localization for project management in the private sector. This initiative boosts local jobs under kingdom reforms. It aligns with broader employment targets.




