Connect with us

National

മുസ്ലിംകള്‍ക്കെതിരെ അക്രമത്തിനും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടാനും ആഹ്വാനം ചെയ്ത് സന്യാസി സമ്മേളനം

ഇന്ത്യയുടെ ഭരണഘടന തെറ്റാണെന്നും ഇന്ത്യക്കാര്‍ ഗോഡ്‌സെയെ ആരാധിക്കണമെന്നും സാധ്വി അന്നപൂര്‍ണ എന്ന പൂജ ശകുന്‍ പാണ്ഡെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Published

|

Last Updated

ഹരിദ്വാര്‍ | രാജ്യത്തെ മുസ്ലിംകള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടാന്‍ പ്രതിജ്ഞയെടുത്തും ഉത്തരാഖണ്ഡിൽ ഹരിദ്വാറിലെ ധര്‍മ സന്‍സദ് എന്ന സന്യാസി സമ്മേളനം. സമ്മേളനം അവസാനിച്ചിട്ട് മൂന്ന് ദിവസമായെങ്കിലും ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെ പരാതി നല്‍കിയിട്ടുണ്ട്.

സമ്മേളനം നടത്തിയവര്‍ക്ക് സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയുമായി ബന്ധമുള്ളതിനാലാണ് നടപടിയെടുക്കാത്തതെന്ന് ആക്ഷേപമുയരുന്നുണ്ട്. പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നാണ് ഹരിദ്വാര്‍ പോലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാര്‍ സിംഗ് പറയുന്നത്. വിദ്വേഷ പ്രസംഗങ്ങളിലൂടെ മുമ്പും അക്രമത്തിന് ആഹ്വാനം ചെയ്ത യതി നരസിംഹാനന്ദ് ആണ് പരിപാടി സംഘടിപ്പിച്ചത്.

ഹിന്ദു രക്ഷ സേന നേതാവ് പ്രബോധാനന്ദ് ഗിരി, ബി ജെ പി മഹിളാ വിഭാഗം നേതാവ് ഉദിത ത്യാഗി, ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ് അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് പ്രബോധാനന്ദ് ഗിരി പ്രസംഗത്തില്‍ പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പറഞ്ഞതില്‍ ഖേദിക്കുന്നില്ലെന്നും പോലീസിനെ ഭയപ്പെടുന്നില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ഗിരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ഗിരി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി ഇദ്ദേഹത്തിന്റെ കാൽ തൊട്ട് വണങ്ങുന്ന ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

മുസ്ലിംകളെ അക്രമിക്കാൻ ആയുധമെടുക്കുന്നതിന് ആഹ്വാനം ചെയ്യുന്നതായിരുന്നു സാധ്വി അന്നപൂര്‍ണ എന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസംഗം. ഇന്ത്യയുടെ ഭരണഘടന തെറ്റാണെന്നും ഇന്ത്യക്കാര്‍ ഗോഡ്‌സെയെ ആരാധിക്കണമെന്നും ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ സൈനിക മേധാവിമാരും സാമൂഹിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ സമ്മേളനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

 

Latest