From the print
സമസ്ത നൂറാം സ്ഥാപക ദിനം; ഐ എ എം ഇ സ്‌കൂളുകളിൽ നാളെ വിപുലമായ പരിപാടികൾ
യുദ്ധവിരുദ്ധ പ്രഭാഷണവും ലോക സമാധാനത്തിനായി പ്രത്യേക പ്രാർഥനയും മോറൽ ഡിപാർട്ട്‌മെന്റിന്റെ കീഴിൽ നടക്കും

കോഴിക്കോട് | സമസ്ത നൂറാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷന്റെ കീഴിലുള്ള കേരളത്തിലെ സ്‌കൂളുകളിൽ നാളെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. രാവിലെ സ്‌കൂൾ അസംബ്ലിയും സമസ്തയുടെ പതാക ഉയർത്തലും നടക്കും.
എൻ സി സി, എസ് പി സി, ജെ ആർ സി കേഡറ്റുകളുടെ പരേഡിനു ശേഷം ഫ്ലാഗ് സല്യൂട്ടും പ്രതിജ്ഞയും നടക്കും. വിദ്യാർഥികൾക്ക് സമസ്തയുടെ ചരിത്രം പരിചയപ്പെടുത്തി സ്‌കൂൾ മേധാവി സംസാരിക്കും.
തുടർന്ന് യുദ്ധവിരുദ്ധ പ്രഭാഷണവും ലോക സമാധാനത്തിനായി പ്രത്യേക പ്രാർഥനയും മോറൽ ഡിപാർട്ട്‌മെന്റിന്റെ കീഴിൽ നടക്കും. വിദ്യാർഥി പ്രതിനിധികളുടെ പ്രത്യേക പ്രമേയാവതരണങ്ങളും മധുര വിതരണവുമുണ്ടാകും.
കേരളത്തിലെ സാംസ്‌കാരികോന്നമനത്തിൽ സമസ്തയുടെ ഭാഗധേയം നിർണായകമാണെന്ന തിരിച്ചറിവ് പുതു തലമുറക്ക് ലഭ്യമാകുകയെന്നതാണ് സ്ഥാപക ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സ്‌കൂൾ ജീവനക്കാരോടൊപ്പം മാനേജ്‌മെന്റ്പ്രതിനിധികളും പി ടി എ ഭാരവാഹികളും പരിപാടിയുടെ ഭാഗമാകും.