Connect with us

Kerala

കമ്മ്യൂണിസത്തെ പിന്തുണച്ച് സമദ് പൂക്കോട്ടൂരും; അമ്പരന്ന് മുസ്ലിം ലീഗ്

കമ്മ്യൂണിസം മതവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകുമെന്നും ആയിരുന്നു ലീഗ് പ്രചാരണം. ഇപ്പോള്‍, 'സമസ്ത'യിലെ ലീഗ് പക്ഷത്തുള്ള പ്രമുഖ നേതാവ് തന്നെ വിശ്വാസവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് പറയുന്നത് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെ ശക്തിപ്പെടുത്തുന്നതാണ്.

Published

|

Last Updated

കോഴിക്കോട് | കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം പോയാല്‍ വിശ്വാസം നഷ്ടമാകില്ലെന്ന ഇ കെ സുന്നി നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയില്‍ അമ്പരന്ന് മുസ്‌ലിം ലീഗ്. ഇ കെ വിഭാഗത്തില്‍ മുസ്ലിം ലീഗിന്റെ ശബ്ദമായി ഉയര്‍ന്നു നില്‍ക്കുന്ന നേതാവാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. അദ്ദേഹത്തില്‍ നിന്ന് തന്നെ ഇത്തരമൊരു ഇടത് അനുകൂല പ്രസ്താവനയുണ്ടായത് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്ന് ഇ കെ വിഭാഗം വഴുതിപ്പോകുന്നുവെന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

‘ലീഗ് സമസ്തയുടേതാണെന്നും സമസ്ത ലീഗിന്റേതാണെന്നും’ കഴിഞ്ഞ ദിവസം ഒരു ലീഗ് അനുകൂല ഇ കെ വിഭാഗം നേതാവ് പ്രസംഗിച്ചത് സംഘടനയില്‍ വലിയ ചര്‍ച്ചയായിരുന്നു. മുസ്‌ലിം ലീഗ് പിറവിയെടുക്കുന്നതിനു മുമ്പു രൂപം കൊണ്ട സമുദായ സംഘടനക്കു നിലനില്‍ക്കാന്‍ ലീഗിന്റെ വിലാസം ആവശ്യമില്ലെന്ന വിലയിരുത്തലുകളും ധാരാളമുണ്ടായി.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു വഖഫ് സമര പ്രചാരണം നടത്താനുള്ള മുസ്‌ലിം ലീഗ് നീക്കത്തെ തള്ളിക്കളഞ്ഞതോടെയാണ് ലീഗും ഇ കെ വിഭാഗവും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇ കെ വിഭാഗം ഇല്ലാതെയും ആളെക്കൂട്ടാമെന്നു പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമിയും സലഫി വിഭാഗങ്ങളും ചേര്‍ന്നു വിജയിപ്പിച്ച കോഴിക്കോട്ടെ വഖഫ് സമരത്തില്‍, മുസ്ലിം ലീഗിനു മതം തന്നെയാണ് പ്രധാന വിഷയമെന്നും ലീഗില്‍ നിന്ന് അകന്നാല്‍ ദീനില്‍ നിന്നാണ് അകലുന്നത് എന്നും പ്രഖ്യാപനമുണ്ടായിരുന്നു. ഇതോടെ മതവും രാഷ്ട്രീയവും രണ്ടാണെന്ന് ഇ കെ വിഭാഗത്തിനു വ്യക്തമായി പറയേണ്ടിവന്നു.

പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവും വിധം അക്കാര്യം പറഞ്ഞിട്ടും ബോധ്യപ്പെടാത്ത ലീഗുകാരുടെ കണ്ണു തുറപ്പിക്കാന്‍ ഒടുവില്‍ ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ തന്നെ ഇകെ വിഭാഗം മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനമെഴുതി. രാഷ്ട്രീയത്തില്‍ മതം കലക്കി മുതലെടുക്കാന്‍ ശ്രമിക്കരുതെന്ന് തുറന്നടിക്കുന്നതായിരുന്നു ലേഖനം.

ലീഗില്‍ നിന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കു പോകുന്നവര്‍ ദീനില്‍ നിന്നാണു പോകുന്നതെന്ന പ്രഖ്യാപനത്തെ നിലം പരിശാക്കുന്നതാണ് ഇപ്പോള്‍ ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം.

മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് പലരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നുണ്ട്. അതുകൊണ്ട് വിശ്വാസം നഷ്ടമാകില്ല. ഇടതു സര്‍ക്കാറുമായി ‘സമസ്ത’ക്ക് ബന്ധമുണ്ടാക്കുന്നതിന് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ലീഗ് വിടുന്ന വിശ്വാസികളുണ്ട്. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് തെറ്റൊന്നുമില്ല. കമ്യൂണിസറ്റ് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അംഗത്വം നല്‍കില്ല. അംഗത്വം നല്‍കുന്നതിന് അവര്‍ക്ക് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്ന ആളുകള്‍ മുഴുവനും വിശ്വാസകളല്ലെന്ന് പറയുന്നില്ല. പല പ്രദേശത്തെയും സാഹചര്യം പരിശോധിച്ചാല്‍ പല കാരണങ്ങള്‍ കൊണ്ടും കമ്മ്യൂണിസ്റ്റ് ആയവരുണ്ടാകും. പ്രാദേശികമായ പ്രത്യേക സാഹചര്യത്തില്‍ ആ പാര്‍ട്ടിയുടെ ഭാഗമാകുന്നവരുണ്ടാകും. മുസ്ലിം ലീഗിനോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സി പി എമ്മിലേക്ക് പോകുന്നവരുണ്ടാകും. അത്തരം ആളുകള്‍ മത വിശ്വാസികളല്ലെന്ന് പറയാനാകില്ല. അങ്ങിനെ പോയ ആളുകള്‍ തങ്ങളുടെ പള്ളിയോടും മദ്രസയോടും സഹകരിക്കുന്നവര്‍ ഉണ്ടാകും. അത്തരക്കാരെ വെറുപ്പിക്കുന്ന സമീപം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഭരിക്കുന്ന സര്‍ക്കാറിനോട് ‘സമസ്ത’ സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സര്‍ക്കാറിനോട് സഹകരിക്കുന്നത് മറ്റൊരു വശമാണ്. ‘സമസ്ത’ സര്‍ക്കാറിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. അതൊരു തന്ത്രപരമായ സമീപനമാണ്. ഇപ്പോള്‍ ഭരിക്കുന്ന മുന്നണി മതവിശ്വാസികളെ കൂട്ടിച്ചേര്‍ത്താണ് ഭരിക്കുന്നത്. ഇത് കാണാനുള്ള വിവേകം ‘സമസ്ത’ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘സമസ്ത’യുടെത് സ്വതന്ത്ര രാഷ്ട്രീയ സമീപനമാണെന്ന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് ലീഗ് പക്ഷത്ത് നിന്നുയര്‍ന്നത്. കമ്മ്യൂണിസം മതവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകുമെന്നും ആയിരുന്നു ലീഗ് പ്രചാരണം. ഇപ്പോള്‍, ‘സമസ്ത’യിലെ ലീഗ് പക്ഷത്തുള്ള പ്രമുഖ നേതാവ് തന്നെ വിശ്വാസവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് പറയുന്നത് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെ ശക്തിപ്പെടുത്തുന്നതാണ്.

മുസ്ലിം ലീഗിനു മതം തന്നെയാണു വിഷയം എന്ന പ്രഖ്യാപനം ഉണ്ടായതിനു ശേഷം ലീഗിന്റെ മതേതര നിലപാടില്‍ നിന്നുള്ള പരിവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു ജമാഅത്തെ ഇസ്‌ലാമി രംഗത്തു വന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി മുസ്ലിം ലീഗ് സഖ്യം സ്ഥാപിച്ചതുമുതല്‍ ലീഗ് രാഷ്ട്രീയത്തിനെതിരെ ഇ കെ വിഭാഗത്തില്‍ എതിര്‍പ്പു ശക്തമായിരുന്നു. ഈ എതിര്‍പ്പാണ് ഇപ്പോള്‍ പരസ്യമായി ലീഗ് നിലപാടുകളെ തള്ളുന്നതിലേക്കു വളര്‍ന്നിരിക്കുന്നത്.

---- facebook comment plugin here -----

Latest