Connect with us

Uae

ആഗോള എ ഐ ഉച്ചകോടി; യു എ ഇ സഹാധ്യക്ഷ സ്ഥാനം വഹിക്കും

സാങ്കേതിക വിദ്യയിലെ രാജ്യാന്തര സഹകരണം ശക്തമാക്കാൻ പുതിയ നീക്കം

Published

|

Last Updated

അബൂദബി| നിർമിത ബുദ്ധി (എ ഐ) മേഖലയിലെ ആഗോള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള അടുത്ത എ ഐ ഇംപാക്ട് ഉച്ചകോടിയിൽ യു എ ഇ സഹാധ്യക്ഷ സ്ഥാനം വഹിക്കും. ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിലാണ് സ്വിറ്റ്സർലൻഡുമായി ചേർന്ന് യു എ ഇ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ സമൂഹത്തിന് ലഭ്യമാക്കുന്നതിലും രാജ്യാന്തര തലത്തിൽ സുസ്ഥിരമായ എ ഐ നയങ്ങൾ രൂപീകരിക്കുന്നതിലും യു എ ഇ വഹിക്കുന്ന പങ്കിനുള്ള അംഗീകാരമാണിതെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ചക്കനുസരിച്ച് സ്ഥാപനങ്ങളെയും ഭരണസംവിധാനങ്ങളെയും കൂടുതൽ വഴക്കമുള്ളതാക്കുകയാണ് യു എ ഇയുടെ ലക്ഷ്യമെന്ന് ഉച്ചകോടിയിലെ പ്രധാന സെഷനിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. കമ്പ്യൂട്ടേഷണൽ കപ്പാസിറ്റി അഥവാ കമ്പ്യൂട്ടറുകളുടെ കണക്കുകൂട്ടൽ ശേഷി ഇന്ന് ആഗോളതലത്തിൽ തന്ത്രപ്രധാനമായ ഒന്നാണ്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നത് സാമ്പത്തിക വളർച്ചക്ക് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റാ സെന്ററുകളിലും ക്ലൗഡ് പങ്കാളിത്തത്തിലും രാജ്യം നടത്തിയ മുൻകൂർ നിക്ഷേപങ്ങൾ യു എ ഇയെ ഈ മേഖലയിലെ ആഗോള കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.

എ ഐ സാങ്കേതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് അതിന്റെ ദുരുപയോഗത്തേക്കാൾ വലിയ വെല്ലുവിളിയെന്ന് ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. ഗവൺമെന്റ് സേവനങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിലും എ ഐ സാങ്കേതിക വിദ്യകൾ സംയോജിപ്പിക്കാനാണ് യു എ ഇ മുൻഗണന നൽകുന്നത്.
ഉച്ചകോടിയിലെ യു എ ഇയുടെ സജീവ പങ്കാളിത്തവും അടുത്ത ഉച്ചകോടിയിലെ സഹാധ്യക്ഷ സ്ഥാനവും ഭാവി സാങ്കേതിക വിദ്യയിൽ രാജ്യത്തിനുള്ള ആഗോള സ്വാധീനം കൂടുതൽ ഉറപ്പിക്കും.

 

 

---- facebook comment plugin here -----

Latest