Connect with us

Uae

കടബാധ്യത മൂലം ജയിലിലായവർക്ക് കൈത്താങ്ങായി ഫിറോസ് മർച്ചന്റ്

20,000 തടവുകാർക്ക് മോചനം

Published

|

Last Updated

ദുബൈ| കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യു എ ഇയിലെ വിവിധ ജയിലുകളിൽ നിന്ന് 20,000 തടവുകാരുടെ മോചനത്തിന് വഴിയൊരുക്കിയ പ്രവാസി വ്യവസായി ഫിറോസ് മർച്ചന്റ്ഈ റമസാനിലും കാരുണ്യപ്രവർത്തനങ്ങൾ തുടരുന്നു. കടബാധ്യതകൾ കാരണം ജയിലിലായവരെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പദ്ധതി വഴി ഈ വർഷം ഇതുവരെ 497 പേർക്ക് മോചനം ലഭിച്ചു. റമസാൻ മാസത്തിൽ കൂടുതൽ തടവുകാരെ പുറത്തെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി ആസ്ഥാനമായുള്ള ഖലീഫ ബിൻ സായിദ് നഹ്്യാൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം 2,972 തടവുകാരെയാണ് അദ്ദേഹം മോചിപ്പിച്ചത്. ഇതിനായി 24 ലക്ഷം ദിർഹം അദ്ദേഹം ചെലവഴിച്ചു. മോചിപ്പിക്കപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും അദ്ദേഹം നൽകിവരുന്നു. കഠിന കുറ്റവാളികളല്ല മറിച്ച് ജീവിതസാഹചര്യങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിലായവരാണ് ജയിലുകളിൽ കഴിയുന്നവരെന്നും അവർക്ക് രണ്ടാമതൊരു അവസരം നൽകുകയാണ് തന്റെ ലക്ഷ്യമെന്നും ഫിറോസ് മർച്ചന്റ് പറഞ്ഞു. തടവുകാരുടെ മോചനത്തിന് പുറമെ ഇത്തവണ കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കാൻസർ ചികിത്സാ സഹായത്തിനായി ഈ വർഷം 10 ലക്ഷം ദിർഹം വരെ ചെലവഴിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. ഇതിനായി അബൂദബിയിലെ കാൻസർ കെയർ സൊസൈറ്റി ഭാരവാഹികളുമായി അദ്ദേഹം ഏകോപിക്കുന്നു. കൂടാതെ ഏഴ് എമിറേറ്റുകളിലും ഓരോ പള്ളികൾ നിർമിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. ഇതിൽ ദുബൈ അൽ ഫുർജാനിലെ പള്ളിയുടെ നിർമാണം ഉടൻ ആരംഭിക്കും. ഉമ്മുൽ ഖുവൈനിലും ഫുജൈറയിലും പള്ളി നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തനിക്ക് ഇത്രയേറെ നൽകിയ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----

Latest