Connect with us

aathmeeyam

ശിക്ഷയിലെ രക്ഷ

ഓരോ മനുഷ്യന്റെയും ജീവനും അഭിമാനവും സ്വത്തും വളരെ പവിത്രമായി സംരക്ഷിക്കപ്പെടേണ്ട കാര്യങ്ങളാണ്. അവക്ക് ക്ഷതമുണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും പെരുമാറ്റങ്ങളും മതം കണിശമായി വിലക്കുന്നുണ്ട്.

Published

|

Last Updated

മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം അവന്റെ ബുദ്ധിയും വിവേകവുമാണ്. ആദിമ മനുഷ്യരുടെയും ആധുനിക മനുഷ്യരുടെയും ജീവിത നിലവാരവും കണ്ടുപിടിത്തങ്ങളും ഭൗതിക സംവിധാനങ്ങളുടെ വികസനവും വിലയിരുത്തപ്പെടുമ്പോൾ ഇത് സുതരാം വ്യക്തമാകും. വ്യത്യസ്ത സ്വഭാവക്കാരും വിവിധ മതക്കാരും അനേകം ദേശക്കാരുമായ മനുഷ്യരെ സദാചാര ബോധത്തോടെയും മാന്യതയോടെയും സൗഹാർദത്തോടെയും പിടിച്ചു നിർത്തുന്നത് നിയമ സംഹിതകളും നീതിന്യായ വ്യവസ്ഥകളുമാണ്. വിചാരമോ വിവേകമോ ഇല്ലാത്ത ജീവജാലങ്ങളെ നിയന്ത്രിക്കാൻ ഇത്തരം നിയമങ്ങളും ചട്ടങ്ങളും വേണ്ടതില്ല. ഉണ്ടായത് കൊണ്ട് കാര്യവുമില്ല.

ഭൂമിയില്‍ സമാധാനവും ശാന്തിയും അന്ത്യനാൾവരെ നിലനിൽക്കുകയെന്നത് പ്രപഞ്ചനാഥന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ വ്യക്തിയുടെയും സമൂഹത്തിന്റെയും രക്ഷക്കും ഭദ്രതക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഓരോ കാലത്തും പ്രവാചകന്മാർ മുഖേന ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ആദ്യപിതാവ് ആദം നബി(അ)ക്ക് നൽകപ്പെട്ട ഏടും മറ്റു നബിമാർക്ക് നൽകപ്പെട്ട ഏടുകളും അനേകം നിയമ സംഹിതകൾ അടങ്ങിയതാണ്. അന്ത്യപ്രവാചകർക്കവതീർണമായ, ലോകാവസാനം വരെയുള്ള ജനതക്ക് മാർഗദർശനമായ വിശുദ്ധ ഖുർആൻ സർവ സമസ്യകൾക്കും പൂരണം നൽകുന്ന സമ്പൂർണ നിയമ പുസ്തകമാണ്.

സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭക്തിയുടെയും പാതയില്‍ ചലിക്കുന്നവര്‍ക്ക് വിജയവും തിന്മകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വശംവദരാവുന്നവർക്ക് ശിക്ഷയും വിശുദ്ധ ഇസ്്ലാം നിയമമാക്കിയിട്ടുണ്ട്. മനുഷ്യ സഹജമായി സംഭവിക്കുന്ന അബദ്ധങ്ങളും തെറ്റുകളും അവ ആവര്‍ത്തിക്കുകയില്ലെന്ന ദൃഢനിശ്ചയത്തോടെ പശ്ചാത്തപിക്കുന്നവർക്ക്‌ അല്ലാഹു മാപ്പ് നൽകുന്നതാണ്. അല്ലാഹുവിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്ന വിഷയത്തില്‍ സംഭവിച്ചേക്കാവുന്ന ഇത്തരം തെറ്റുകള്‍ക്ക് ഭൗതികമായ ശിക്ഷാനടപടികളൊന്നും മതം നിശ്ചയിച്ചിട്ടില്ല. എന്നാൽ കൊലപാതകം, മോഷണം, വ്യഭിചാരം, മദ്യപാനം തുടങ്ങിയ പാപങ്ങൾക്ക് പശ്ചാത്തപിക്കുകയും ശിക്ഷകള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോഴാണ് പാപമുക്തി പൂർണമാകുന്നത്. പക്ഷേ, ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ഇമാമിനുമാണ് ശരീഅത്ത് പ്രകാരമുള്ള ശിക്ഷകൾ നടപ്പാക്കാനുള്ള അധികാരമുള്ളത് (ശറഹുൽ അഖാഇദ്).

ശിക്ഷാമുറകളുടെ ആന്തരാത്മാവ് സാമൂഹികനീതിയും സുരക്ഷിതത്വവുമാണ്. ആകയാൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് എന്ത് ശിക്ഷ നൽകണമെന്ന് ഓരോ മതത്തിനും ഓരോ രാജ്യത്തിനും പ്രത്യേകമായ നിയമങ്ങളുണ്ട്. അനേകം മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യയിൽ ഓരോ തെറ്റിനുമുള്ള ശിക്ഷകളെ കൃത്യമായി നിർവചിക്കുന്ന, വിവിധ വകുപ്പുകളുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐ പി സി) എന്ന സമഗ്ര നിയമ സംഹിത തന്നെയുണ്ട്.

ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ നിയമങ്ങളാണ് ഇസ്്ലാമിന്റെത്. ഇസ്്ലാമിലെ പ്രതിക്രിയാ നിയമത്തിൽ മാനവരാശിയുടെ ജീവനാണ് സംരക്ഷിക്കുന്നത്. മനുഷ്യജീവന് വിലകൽപ്പിക്കാത്തവരുടെ ജീവനെ മാനിക്കുകയെന്നത് സ്വന്തം കീശയിൽ വിഷപ്പാമ്പിനെ വളര്‍ത്തുന്നതു പോലെയാണ്. ഘാതകന്റെ ജീവൻ സംരക്ഷിക്കുകയും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുകയെന്നത് എത്ര വലിയ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് !

കുറ്റവാളികൾ വ്യക്തിയാണെങ്കിലും അവർ അനുഭവിക്കുന്ന ശിക്ഷയുടെ പാഠം മൊത്തം സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട് എന്ന് ഇസ്്ലാം പറയുന്നതും. അല്ലാഹു പറയുന്നു: “വിശ്വാസികളേ, കൊലപാതകത്തിന് വിധേയരാകുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക (ഖിസ്വാസ്) എന്നത് നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു. സ്വതന്ത്രന് പകരം സ്വതന്ത്രനും അടിമക്ക് പകരം അടിമയും സ്ത്രീക്ക് പകരം സ്ത്രീയും എന്ന രൂപത്തില്‍. ഇനി കൊലയാളിക്ക് തന്റെ സഹോദരന്റെ പക്ഷത്തുനിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും നല്ല നിലയില്‍ നഷ്ടപരിഹാരം കൊടുത്തുവീട്ടുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു ഇത്. ഇനിയും വല്ലവരും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. ബുദ്ധിമാന്മാരേ, തുല്യ ശിക്ഷ നൽകിക്കൊണ്ട് പ്രതിക്രിയ സ്വീകരിക്കുന്നതിലാണ് നിങ്ങളുടെ ജീവന്റെ നിലനിൽപ്പ്. നിങ്ങൾ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ഇത്’ (അൽബഖറ: 178, 179).

നമ്മുടെ നാട്ടില്‍ ഒരാള്‍ കുറ്റവാളിയാകുന്നത് അയാള്‍ കുറ്റം ചെയ്യുമ്പോഴല്ല. പകരം അത് തെളിയിക്കപ്പെടുമ്പോള്‍ മാത്രമാണ്. പല കുറ്റവാളികളും തങ്ങളുടെ സാമ്പത്തിക ശേഷിയും സ്വാധീനവുമുപയോഗിച്ച് രേഖകൾ ദുർബലമാക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ കൊടിയ കുറ്റവാളികൾ പോലും നിയമത്തിന്റെ കണ്ണില്‍ മാന്യന്മാരായി മാറുന്നു. പേരും പെരുമയുമുള്ള മഖ്സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷണക്കേസിൽ പ്രതിയായപ്പോൾ ശിക്ഷാമുറയിൽ ഇളവ് ലഭിക്കാൻ തിരുനബി(സ)യെ ചിലർ സമീപിച്ചു. അപ്പോൾ അവിടുന്ന് രോഷാകുലനാകുകയും മിമ്പറിൽ കയറി സഗൗരവം ഇപ്രകാരം പറയുകയും ചെയ്തു:

“നിങ്ങളുടെ പൂർവിക സമൂഹം നശിച്ചുപോയതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയുമോ? പ്രമാണിമാര്‍ മോഷണം ചെയ്താല്‍ അവരെയവര്‍ ശിക്ഷിക്കാതെ വെറുതെ വിടുകയും അവരിലെ ദരിദ്രന്മാരാണ് മോഷണം നടത്തിയതെങ്കില്‍ ആ പാവങ്ങള്‍ക്കെതിരിൽ അവര്‍ ശിക്ഷാമുറകള്‍ നടപ്പിലാക്കുകയും ചെയ്യും. അല്ലാഹുവാണെ സത്യം; അറിയണം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷണം നടത്തിയതെങ്കില്‍ ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും’. (ബുഖാരി)

ഓരോ മനുഷ്യന്റെയും ജീവനും അഭിമാനവും സ്വത്തും വളരെ പവിത്രമായി സംരക്ഷിക്കപ്പെടേണ്ട കാര്യങ്ങളാണ്. അവക്ക് ക്ഷതമുണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും പെരുമാറ്റങ്ങളും മതം കണിശമായി വിലക്കുന്നുണ്ട്. തിരുനബി(സ) ഹജ്ജതുൽ വിദാഇലെ വിടവാങ്ങൽ പ്രസംഗത്തിൽ മനുഷ്യന്റെ രക്തത്തിന്റെയും അഭിമാനത്തിന്റെയും സമ്പത്തിന്റെയും സംരക്ഷണത്തിന്റെ പ്രാധാന്യം സഗൗരവം ഉണർത്തിയിട്ടുണ്ട്. ദേശ-ഭാഷ-വര്‍ഗ-വര്‍ണ വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ എല്ലാവരെയും ദൈവ നീതിക്കു മുമ്പില്‍ തുല്യരായി വിഭാവനം ചെയ്യുന്ന സാര്‍വകാലികവും സാര്‍വ ജനീനവുമായൊരു ഭരണഘടനയുടെ പ്രഖ്യാപനമായിരുന്നു അത്. “മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ്‌ കല്‍പ്പിക്കേണ്ടതാണ്‌’ (മുസ്്ലിം)

Latest