Kerala
ശബരിമല മകരവിളക്ക്; പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര 12ന് തിരിക്കും
ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും
പന്തളം | മകരവിളക്കിന് സ്വാമി അയ്യപ്പനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര 12ന് പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഉച്ചക്ക് ഒരു മണിയോടുകൂടി യാത്ര തിരിക്കും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മ്മയാണ് തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്നത്. മരുതമന ശിവന്‍കുട്ടി ഗുരുസ്വാമിയായിട്ടുള്ള 26 പേര് അടങ്ങുന്ന വാഹകസംഘവും അവരുടെ സഹായികളായി 4 പേരടങ്ങുന്ന 30 അംഗ സംഘമാണ് തിരുവാഭരണം ശബരിമലയില്‍ എത്തിക്കുന്നത്.
രാജപ്രതിനിധിയുടെ പല്ലക്കു വാഹകസംഘത്തിന്റെ ഗുരുസ്വാമി അജയകുമാര്‍ നയിക്കുന്ന 12 അംഗങ്ങളും വാളും, പരിചയുമായി കുറുപ്പ് അനില്‍ കുമാറും സംഘത്തില്‍ ഉണ്ടാകും. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും. 21ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തി ദര്‍ശനം ഉച്ചക്ക് 1.30ക്ക് ആരംഭിച്ച് രാത്രി 2 മണി വരെ ഉണ്ടാകും. 22 ന് ആറന്മുള കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം ഉണ്ടാകും. 23 ന് രാവിലെ 8 മണിയോടുകൂടി പന്തളത്ത് എത്തുന്ന ഘോഷയാത്രാ സംഘത്തിന് ഗംഭീര സ്വീകരണം ഉണ്ടായിരിക്കും. പന്തളത്ത് എത്തുന്ന തിരുവാഭരണം നേരെ കൊട്ടാരം സ്ട്രോങ് റൂമിലേക്ക് മാറ്റും. ഇവിടെ ദര്‍ശനം ഉണ്ടാകില്ല

