Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്
കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊല്ലം വിജിലന്‍സ് കോടതി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.
കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. എ പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍
ശബരിമലയില്‍നിന്ന് 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ കട്ടിളപ്പടിയിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയത് അന്നത്തെ ദേവസ്വം ഭരണസമിതിയുടെ ഒത്താശയോടുകൂടിയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ശ്രീകോവിലിന്റെ കട്ടിളപ്പടികളിലും അതിനോട് ചേര്‍ന്ന പ്രഭാമണ്ഡലത്തിലും 1998ല്‍ വിജയ് മല്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റായ പത്മകുമാറിനും ഭരണസമിതി അംഗങ്ങളായ കെ പി ശങ്കര്‍ദാസിനും എന്‍ വിജയകുമാറിനും അറിവുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു




