Connect with us

Kerala

ഒരിക്കലും തുറക്കാത്ത അധ്യായമാണ് മുന്നണി മാറ്റം; ജോസ് കെ മാണി

ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍.

Published

|

Last Updated

കോട്ടയം| കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാല് എംഎല്‍എമാരും ഒരുമിച്ചെത്തി. ഒരിക്കലും തുറക്കാത്ത അധ്യായമാണ് മുന്നണി മാറ്റമെന്ന് ജോസ് കെ മാണി പറഞ്ഞു. ഒരിക്കലും തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കില്‍ വായിച്ച് അടച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നിലപാട് ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ട്. മണിക്കൂര്‍ തോറും മാറ്റിപ്പറയുന്ന സ്വഭാവം പാര്‍ട്ടിക്കില്ലെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നെങ്കിലും റോഷി അഗസ്റ്റിനും എംഎല്‍എമാര്‍ക്കും ഭിന്നാഭിപ്രായമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയും അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് വിരാമമിടുന്ന തരത്തിലാണ് കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ ഇന്നത്തെ പ്രഖ്യാപനം. കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിന്റെ അഭിവാജ്യഘകടകമാണെന്ന് ഫ്രാന്‍സിസ് കളത്തുങ്കല്‍ എംഎല്‍എയും വ്യക്തമാക്കി.