Kerala
ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജി ഇന്ന്
ബോർഡിലെ കൂട്ടായ തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് പത്മകുമാർ
കൊല്ലം | ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ബോർഡിലെ കൂട്ടായ തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന ചോദ്യമാണ് ഹർജിയിലൂടെ പത്മകുമാർ മുന്നോട്ടുവെക്കുന്നത്.
പത്മകുമാർ ജാമ്യഹർജിയിൽ സ്വീകരിച്ച നിലപാട് ബോർഡിലെ അദ്ദേഹത്തിന്റെ സഹഅംഗങ്ങളെക്കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയതുൾപ്പെടെയുള്ള തീരുമാനങ്ങൾ കൂട്ടായി എടുത്തവയാണെന്നും, അതിന് താൻ മാത്രം ഉത്തരവാദിയാകുന്നത് എങ്ങനെയെന്നുമാണ് മുൻ പ്രസിഡന്റ് ചോദിക്കുന്നത്. മിനുട്സിൽ ‘ചെമ്പ്’ എന്നെഴുതിയത് എല്ലാ ബോർഡ് അംഗങ്ങളുടെയും അറിവോടെയാണെന്നും, വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേപോലെ ബാധ്യതയുണ്ടെന്നുമാണ് വാദം.
തന്നെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതിലുള്ള അമർഷം കൂടി ജാമ്യഹർജിയിൽ എ. പത്മകുമാർ വ്യക്തമാക്കുന്നുണ്ട്. കേസിൽ ഇന്നത്തെ കോടതി നടപടികൾ നിർണായകമാകും.



