International
50 പേരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്നു വീണു
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മോസ്‌കോ|റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ 50 പേരുമായി ടേക്ക് ഓഫ് ചെയ്ത യാത്രാവിമാനം തകര്‍ന്നുവീണതായി വിവരം. സൈബീരിയന്‍ കമ്പനിയായ അങ്കാറ എയര്‍ലൈന്‍സിന്റെ An-24 എന്ന യാത്രാവിമാനമാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ഇത് തകര്‍ന്നുവീണുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അമുറിന്റെ വിദൂര കിഴക്കന്‍ മേഖലയില്‍ വച്ചാണ് വിമാനം കാണാതായത്. അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 43 യാത്രക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നതായി റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു. വിമാനം ലക്ഷ്യസ്ഥാനത്തെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ശേഷിക്കെയാണ് ദുരൂഹമായ അപ്രത്യക്ഷമാകല്‍. വിമാനം കണ്ടെത്തുന്നതിനായി ആവശ്യമായ എല്ലാ സേനകളെയും വിന്യസിച്ചിട്ടുണ്ടെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു.