International
നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഉക്രൈന്‍ സൈനികരെ വധിച്ചെന്ന് റഷ്യ; വ്യാജ വാര്‍ത്തയെന്ന് ഉക്രൈന്‍
റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ അതിര്‍ത്തി പട്രോളിംഗിന് ഇടയിലാണ് ഉക്രൈന്‍ സൈനികരുടെ നുഴഞ്ഞുയകറ്റം തടഞ്ഞതെന്ന് റഷ്യന്‍ വാര്‍ത്താചാനലായ ആര്‍ടി റിപ്പോര്‍ട്ട് ചെയ്യുന്നു.
മോസ്‌കോ | റഷ്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഉക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യന്‍ സേന. അവര്‍ സഞ്ചരിച്ച് രണ്ട് വാഹനങ്ങളും തകര്‍ത്തതായി റഷ്യ അവകഅശപ്പെട്ടു. അതേസമയം, തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഉക്രൈന്‍ പ്രതികരിച്ചു. വ്യാജവാര്‍ത്ത എന്നായിരുന്നു ഇതിനോട് ഉക്രൈന്‍ സൈന്യത്തിന്റെ പ്രതികരണം.
റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ അതിര്‍ത്തി പട്രോളിംഗിന് ഇടയിലാണ് ഉക്രൈന്‍ സൈനികരുടെ നുഴഞ്ഞുയകറ്റം തടഞ്ഞതെന്ന് റഷ്യന്‍ വാര്‍ത്താചാനലായ ആര്‍ടി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ റഷ്യന്‍ സൈനികര്‍ക്ക് ആര്‍ക്കും പരുക്കില്ലെന്നും സൈന്യം അവകാശപ്പെട്ടു. അതേസമയം ആക്രമണം നടന്ന സ്ഥലം ഏതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
റഷ്യയുടെ അവകാശവാദം തെറ്റാണെന്നാണ് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഉക്രൈന്‍ സൈനിക വക്താവും ഇക്കാര്യം നിഷേധിച്ചു. ഉക്രേനിയന്‍ സായുധ സേന ഡൊനെറ്റ്‌സ്‌കിലും ലുഗാന്‍സ്‌കിലും ആക്രമണം നടത്തിയിട്ടില്ലെന്നും അതിര്‍ത്തി കടന്ന് അട്ടിമറിക്കാരെയോ സൈനികരെയോ അയച്ചിട്ടില്ലെന്നും ഉക്രൈന്‍ സൈനിക വക്താവ് പാവ്‌ലോ കോവല്‍ചുക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റഷ്യയുടെ പ്രദേശത്തിനോ അതിര്‍ത്തി ചെക്ക്‌പോസ്റ്റിനു നേരെയോ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയെല്ലാം റഷ്യയുടെ വ്യാജ വാര്‍ത്താ ഫാക്ടറിയുടെ ഉല്‍പ്പന്നങ്ങളാണെന്നും പാവ്‌ലോ പറഞ്ഞു.