Connect with us

Kerala

വി ഡി സതീശന് ആർ എസ് എസ് നോട്ടീസ്; വിചാരധാരയിലെ ഭരണഘടനാ വിരുദ്ധത ചർച്ചയാകുന്നു

വിചാര ധാരയിലെ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് വി ഡി സതീശന്‍ മറുപടി നല്‍കിയതോടെ വിചാരധാരപോലെ ആര്‍ എസ് എസിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലെ ഭരണ ഘടനാ വിരുദ്ധത ഇനിയുള്ള ദിവസങ്ങളില്‍ പരസ്യമായ ചര്‍ച്ചകള്‍ക്കു വിധേയമാവുമന്നാണു കരതുന്നത്.

Published

|

Last Updated

കോഴിക്കോട് |പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍ എസ് എസ്സ് നോട്ടീസ് അയച്ചതോടെ പുതിയ രാഷ്ട്രീയ വിവാദം. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതിനു സമാനമെന്ന വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് ആര്‍ എസ് എസ് നിയമനടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ച് സതശനു കത്തയച്ചത്. സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ വിചാര ധാര എന്ന പുസ്തകത്തില്‍ എവിടെ ആണെന്ന് സതീശന്‍ വ്യക്തമാക്കണമെന്നാണു കത്തിലെ ആവശ്യം.

അത് വ്യക്തമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മറ്റൊരു പ്രസ്താവന നടത്തണം എന്നും നോട്ടീസില്‍ ആര്‍ എസ് എസ്. ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ടു കാര്യങ്ങളും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നടപ്പാകാത്തപക്ഷം നിയമനടപടികള്‍ കൈക്കൊള്ളുമെന്നാണു ഭീഷണി. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ആര്‍ എസ് എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് നോട്ടീസ് അയച്ചത്.

ഈ നോ്ട്ടീസിനോട് ശക്തമായി പ്രതികരിച്ചുകൊണ്ടാണു വി ഡി സതീശന്‍ രംഗത്തുവന്നത്. ഭീഷണി കൈയ്യില്‍ വച്ചാല്‍ മതിയെന്ന് അദ്ദേഹം മറുപടി നൽകി. ആര്‍എസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടീസാണ്. ആ നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നിയമനടപടി നേരിടാന്‍ തയാറെന്നും സതീശന്‍ വ്യക്തമാക്കി. ഗോള്‍വാൾക്കറുടെ ‘വിചാരധാര’ എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഭരണഘടയെ തള്ളിക്കളയുന്നതായി സതീശന്‍ ചൂണ്ടിക്കാട്ടി. ഈ വരികളിലെ ആശയങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും സതീശന്‍ ആവര്‍ത്തിച്ചു.

ആര്‍ എസ് നോട്ടീസിനെ തള്ളിക്കളഞ്ഞ് വി ഡി സതീശന്‍ രംഗത്തുവന്നതോടെ വി ഡി സതീശന് ആര്‍ എസ് എസ് സൗഹൃദം ഉണ്ടെന്നു കാണിക്കാനുള്ള തന്ത്രങ്ങളുമായി അവരും കരുക്കള്‍ നീക്കി. വി.ഡി.സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം ബി ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

2013 മാര്‍ച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. അന്ന് നടന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി വന്ന സതീശന്‍ ആര്‍എസ്എസ് പ്രചാരകനായ ജെ.നന്ദകുമാര്‍, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി ആര്‍ എസ് എസ് പ്രചാരകന്‍ കാ ഭാ സുരേന്ദ്രന്‍ തുടങ്ങിയ ആര്‍എസ്എസ് പ്രമുഖരുമായി വേദി പങ്കിട്ടു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശതീശന്‍ ഇരുപത് മിനിറ്റോളം നീണ്ട പ്രസംഗത്തില്‍, ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും ആര്‍ എസ് എസ് നേതാവ് പരമേശ്വര്‍ജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചുവെന്നും സദാനന്ദൻ മാസ്റ്റർ പറയുന്നു. സതീശന്റെ വാക്കുകള്‍ സന്തോഷം പകര്‍ന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായി സ്വീകരണം ഏറ്റുവാങ്ങിയ സതീശന്‍ പിന്നീട് കേസരി വാരികയുടെ ചടങ്ങില്‍ ജെ.നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെ പുലഭ്യം പറഞ്ഞതായും ചൂണ്ടിക്കാട്ടുന്നു. എന്തിനു വേണ്ടിയാണ് വേഷം കെട്ടുന്നത്, എന്തിനാണീ ആത്മവഞ്ചന തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

സജീ ചെറിയാന്റെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ചത് ആര്‍ എസ് എസ് കേന്ദ്രങ്ങളായിരുന്നു. എന്നാല്‍ വിചാര ധാര, നാം അഥവ നമ്മുടെ ദേശീയത തുടങ്ങി ആര്‍ എസ് എസ് അടിസ്ഥാന ഗ്രന്ഥങ്ങളിലെ ഭരണഘടനാ വിരുദ്ധത വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിചാര ധാരയിലെ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് വി ഡി സതീശന്‍ മറുപടി നല്‍കിയതോടെ വിചാരധാരപോലെ ആര്‍ എസ് എസിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലെ ഭരണ ഘടനാ വിരുദ്ധത ഇനിയുള്ള ദിവസങ്ങളില്‍ പരസ്യമായ ചര്‍ച്ചകള്‍ക്കു വിധേയമാവുമന്നാണു കരതുന്നത്.

Latest