Connect with us

Editors Pick

ആര്‍ എസ് എസ് തലവന്റെ വാക്കുകള്‍ പ്രധാനമന്ത്രി പദത്തിലേക്ക് യോഗിക്ക് വഴിയൊരുക്കാനോ?

നരേന്ദ്രമോദിയുടെ പിന്‍ഗാമിയായി ആര്‍ എസ് എസ് യോഗി ആദിത്യ നാഥിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന സൂചന നേരത്തെയുണ്ട്. ഇതിന് കരുത്ത് പകരുന്നതാണ് ആർ എസ് എസ് തലവന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തൽ.

Published

|

Last Updated

 

വ്യക്തി പൂജയ്‌ക്കെതിരെ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് സംസാരിച്ചതോടെ പരാമര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയാണെന്ന വ്യാഖ്യാനങ്ങള്‍ പുറത്തുവരുന്നു. ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നതിന് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ലെന്നാണു മോഹന്‍ ഭാഗവത് പറഞ്ഞത്. നരേന്ദ്രമോദിയുടെ പിന്‍ഗാമിയായി ആര്‍ എസ് എസ് യോഗി ആദിത്യ നാഥിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന സൂചന നേരത്തെയുണ്ട്. ഇതിന് കരുത്ത് പകരുന്നതാണ് ആർ എസ് എസ് തലവന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തൽ.

നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രകടനത്തിനെതിരെ ആര്‍ എസ് എസിനു നേരത്തെ വിയോജിപ്പുണ്ടായിരുന്നു. അദാനി- നരേന്ദ്രമോദി ബന്ധം രാജ്യത്തു വലിയ ചര്‍ച്ചയായി നില്‍ക്കുന്ന ഘട്ടത്തിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശനം എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. 2024 ലോകസഭാ തിരഞ്ഞെടുപ്പിലേക്കു രാജ്യം നടന്നടുക്കുന്ന ഘട്ടത്തിൽ കൂടിയാണ മോദിയുടെ നേതൃത്വത്തിനെതിരെ ആര്‍ എസ് എസ് മുന്നറിയിപ്പ് നൽകുന്നത്. തങ്ങളുടെ താല്‍പര്യത്തിനിണങ്ങുന്നവരെ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കുന്നതില്‍ ആര്‍ എസ് എസ് മുന്‍ കാലത്തും കര്‍ക്കശ നിലപാടാണു സ്വീകരിച്ചുപോന്നത്.

ബാബരി വിഷയം ഉയര്‍ത്തി ബി ജെ പിയെ വളര്‍ത്തിയ വാജ്‌പേയോടും അദ്വാനിയോടും സ്ഥാനമൊഴിയാന്‍ ആര്‍ എസ് എസ് കര്‍ക്കശമായി ആവശ്യപ്പെട്ടിരുന്നു. അന്ന് ആര്‍ എസ് എസ് മേധാവി കെ എസ് സുദര്‍ശനും വാജ്പേയിയും തമ്മിലുള്ള അഭിപ്രായ ഭിന്നത ഉണ്ടായെങ്കിലും അതെല്ലാം സംഘം അവഗണിച്ചു. 2014-ല്‍ മോദി അധികാരമേറ്റ ശേഷം പ്രശ്‌നങ്ങളില്ലാതെ ആര്‍ എസ് എസ് മുന്നോട്ടു പോവുകയാണ്. ഇതിനിടെ യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ പ്രധാനമന്ത്രി പദത്തില്‍ എത്തിക്കണമെന്ന സമ്മര്‍ദ്ദം ആര്‍ എസ് നേതൃത്വം അനുഭവിക്കുന്നുണ്ടെന്നാണു വിവരം.

2022 ആഗസ്റ്റ് എട്ടിനു ഒരു പ്രസംഗത്തിലും മോഹന്‍ ഭാഗവത് മോദിയുടെ നേതൃത്വത്തിനെതിരെ സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സര്‍ക്കാരിലും പാര്‍ട്ടിയിലെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലും ആര്‍ എസ് എസിനു താല്‍പര്യമുള്ളവരെ എത്തിക്കാനുള്ള സമ്മര്‍ദ്ദമാണ് മോദിക്കെതിരായ പരാമര്‍ശമെന്നും വിലയിരുത്തപ്പെടുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന അഞ്ചംഗ ഉന്നത തല സംഘത്തില്‍ യോഗി ആദിത്യ നാഥിനെ ഉള്‍പ്പെടുത്തിയത് ആര്‍ എസ് എസിന്റെ ഈ താല്‍പര്യപ്രകാരമാണെന്നാണു വിവരം. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവരാണ് മറ്റ് നാലു പേര്‍.

ഇതോടെയാണ് മോദിക്ക് ശേഷം യോഗി എന്ന സൂചനകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. നരേന്ദ്രമോദിയും യോഗി ആദിത്യനാഥും തമ്മില്‍ മികച്ച ബന്ധമല്ല നിലനില്‍ക്കുന്നത്. യോഗി ആദിത്യനാഥിലൂടെ ആര്‍ എസ് എസ് ദീര്‍ഘകാല പദ്ധതികളാണ് ലക്ഷ്യമിടുന്നത്. 2024 ലെങ്കിലും യോജി അധികാരത്തില്‍ വന്നാല്‍ മാത്രമേ ഈ ദീര്‍ഘകാല പദ്ധതി നടപ്പില്‍ വരുത്താനാവു എന്നാണു വിവരം. 2025 ല്‍ ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികമാണ്. അതിനോടനുബന്ധിച്ചു സംഘം തയ്യാറാക്കിയ ഭാവി പ്രവര്‍ത്തന പദ്ധതി നടപ്പാക്കാന്‍ യോഗിയെപ്പോലെ ഒരാള്‍ വേണമെന്നാണ് അവര്‍ കരുതുന്നത്.

യോഗി ആദിത്യ നാഥ് ആര്‍ എസ് എസിനു പോലും ഭീഷണി സൃഷ്ടിച്ച തീവ്ര ഹിന്ദുത്വ വാദിയാണ്. ആര്‍ എസ് എസിനെ മറികടക്കുന്ന തരത്തില്‍ ഹിന്ദു യുവവാഹിനി എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിനു തുടക്കം കുറിച്ച ഇദ്ദേഹം തങ്ങൾക്ക് ഭീഷണിയാവുമെന്നു കരുതിയാണ് ബി ജെ പി-ആര്‍ എസ് എസ് പാരമ്പര്യമില്ലാതിരുന്നിട്ടും യോഗിയെ പാര്‍ലിമെന്റില്‍ എത്തിച്ചതും പതിയെ യു പി മുഖ്യമന്ത്രിയാക്കിയതും.

1972 ല്‍ ഉത്തര്‍ പ്രദേശിലെ പൗരി ഗര്‍വാള്‍ ജില്ലയിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ ജനിച്ച അജയ്മോഹന്‍ സിംഗ് ബിഷ്ത് ആണ് യോഗി ആദിത്യ നാഥ് എന്ന സന്യാസിയാവുന്നത്. ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഗോരക് നാഥ് മഠത്തില്‍ ചേര്‍ന്നു. ഗോരക് നാഥ് മഠാധിപതിയായിരുന്ന മഹന്ത് അവൈദ്യനാഥ് രാമജന്‍മ്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. അങ്ങിനെയാണ് യോഗി സംഘപരിവാറുമായി അടുക്കുന്നത്. ആര്‍ എസ് എസുകാരന്‍ ആകാതെ തന്നെ സംഘപരിവാറിന്റെയും ബി ജെ പിയുടേയും മുന്‍ നിരനേതാവായി മാറിയ ചരിത്രമാണ് യോഗിക്കുള്ളത്.

ആര്‍ എസ് എസ് ബി ജെ പി നേതൃത്വത്തോട് എപ്പോഴും ഉടക്കി നിന്ന യോഗി ആദിത്യനാഥ് മഹന്ത് അവൈദ്യനാഥിന്റെ മരണത്തിന് ശേഷം ഗോരകനാഥ് മഠാധിപതിയായി. തുടര്‍ന്നാണ് ആര്‍ എസ് എസിനു ബദലായി ഹിന്ദു യുവവാഹിനിക്കു രൂപം നല്‍കിയത്. തീവ്ര സ്വഭാവമുള്ള ഈ പ്രസ്ഥാനത്തിന് ആര്‍ എസ് എസിനേക്കാള്‍ സ്വീകാര്യതയുണ്ടായത് ആര്‍ എസ് എസ് അസ്ഥാനമായ നാഗപ്പൂരില്‍ വലിയ സന്ദേഹങ്ങള്‍ സൃഷ്ടിച്ചു. യോഗിയുടെ സ്വാധീന ശക്തിയെ അവഗണിക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെ 1998 ല്‍ 26ാമത്തെ വയസില്‍ അദ്ദേഹത്തിനു പാര്‍ലിമെന്റിലേക്കു ബി ജെ പി ടിക്കറ്റു കൊടുത്തു. 2014 വരെ അഞ്ച് ടേമുകളില്‍ യോഗ് എം പിയായി തുടര്‍ന്നു.

2017ല്‍ യു പി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പലരെയും ഞെട്ടിച്ചു കൊണ്ടാണ് യോഗി യു പി മുഖ്യമന്ത്രിയായത്. യുവവാഹിനിയെ മുന്‍ നിര്‍ത്തിയുള്ള വിലപേശലില്‍ ബി ജെ പിക്കു വഴങ്ങേണ്ടിവന്നുവെന്നതാണു സത്യം. 2022 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതാക്കളെ അത്ഭുതപ്പെടുത്തി യോഗി രണ്ടാം തവണയും യു പി മുഖ്യമന്ത്രിയായി. കിട്ടുന്ന അവസരത്തില്‍ പ്രധാനമന്ത്രി പദത്തിലെത്തുക എന്ന യോഗിയുടെ അജണ്ടയാണ് ഇപ്പോള്‍ ആര്‍ എസ് എസ് തലവന്റെ വാക്കിലും പ്രതിഫലിക്കുന്നത് എന്നാണു വിലയിരുത്തപ്പെടുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest