Connect with us

Ongoing News

അബൂദബിയില്‍ റോഡ് സുരക്ഷാ പ്രചാരണ പരിപാടി തുടങ്ങി

റസ്റ്ററന്റുകള്‍, ചില്ലറവില്പന വാണിജ്യശാലകള്‍, കൊറിയര്‍ കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്ന ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്

Published

|

Last Updated

അബുദബി |  അബുദബിയിലെ റോഡുകളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഡെലിവറി മേഖലയില്‍ മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ റോഡ് സുരക്ഷ സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിക്ക് അബുദാബി ട്രാഫിക് സേഫ്റ്റി ജോയിന്റ് കമ്മിറ്റി രൂപം നല്‍കി. അബുദബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് നേതൃത്വം നല്‍കുന്ന മോട്ടോര്‍ സൈക്കിള്‍ സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടി അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത്, സംയോജിത ഗതാഗത കേന്ദ്രം എന്നിവ ചേര്‍ന്ന് നടപ്പിലാക്കുന്നത്. റസ്റ്ററന്റുകള്‍, ചില്ലറവില്പന വാണിജ്യശാലകള്‍, കൊറിയര്‍ കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്ന ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ റോഡപകടങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ടുള്ള വിഷന്‍ സീറോ പദ്ധതിയുടെ ഭാഗമായാണ് പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി ട്രാഫിക് സേഫ്റ്റി ജോയിന്റ് കമ്മിറ്റി നടപ്പിലാക്കുന്ന നിരവധി പരിപാടികളിലൊന്നാണ് ഈ പ്രചാരണ പരിപാടി. ഇതിന്റെ ഭാഗമായി, ഡെലിവറി മേഖലയില്‍ മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സുരക്ഷാ മുന്‍കരുതല്‍ ശീലങ്ങള്‍ നടപ്പിലാക്കുന്നതിനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത് പോലീസ് പറഞ്ഞു.

1 . പ്രചാരണ പരിപാടിയുടെ ഭാഗമായി ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, സ്ഥാപനങ്ങള്‍ എന്നിവരോട് എമിറേറ്റിലെ റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, ട്രാഫിക് നിയമങ്ങള്‍ എന്നിവ കൃത്യമായി പാലിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചു.
2 . വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍, റോഡിലെ മറ്റു യാത്രികര്‍ എന്നിവര്‍ക്ക് അപകടത്തിനിടയാക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ ഒഴിവാക്കേണ്ടതാണ്.
3 . അമിത വേഗം, റോഡിലെ വരികള്‍ അശ്രദ്ധമായി മാറുന്നത്, തെറ്റായ രീതിയില്‍ മറ്റു വാഹനങ്ങളെ മറികടക്കുന്നത്, കൃത്യമായ സിഗ്‌നലുകള്‍ ഉപയോഗിക്കാതിരിക്കുന്നത് മുതലായ ശീലങ്ങളാണ് മിക്ക മോട്ടോര്‍ സൈക്കിള്‍ അപകടങ്ങള്‍ക്കും ഇടയാക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
4 . റോഡ് ഉപയോഗിക്കുന്ന മുഴുവന്‍ സമയവും ശ്രദ്ധ, ജാഗ്രത മുതലായ ശീലങ്ങള്‍ പാലിക്കേണ്ടതാണ്.
5 . ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ഡെലിവറി ജീവനക്കാര്‍ക്ക് ആവശ്യമായ ഹെല്‍മറ്റ്, മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ മുതലായ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്.
6 . ഡെലിവറി ജീവനക്കാര്‍ ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ മുഴുവന്‍ സമയവും ധരിക്കേണ്ടതാണ്.
7 . മോട്ടോര്‍ സൈക്കിളുകളുടെ മുന്നിലെയും, പുറക് വശത്തേയും ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
8 . മോട്ടോര്‍ സൈക്കിളുകളില്‍ തേയ്മാനം വരാത്ത ടയറുകള്‍ ഉറപ്പാക്കേണ്ടതാണ്.
9 . ഇത്തരം മോട്ടോര്‍ സൈക്കിളുകളില്‍ ആവശ്യമായ റിഫ്‌ലക്റ്റീവ് സ്റ്റിക്കറുകള്‍ പതിപ്പിക്കേണ്ടതാണ്.
10 . പ്രതികൂല കാലാവസ്ഥയില്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
11 . കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങള്‍, കെട്ടിടങ്ങളുടെയും, വീടുകളുടെയും പ്രവേശനകവാടങ്ങള്‍ മുതലായ ഇടങ്ങളില്‍ മോട്ടോര്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യരുത്