Ongoing News
റിയാദിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം തുടരും.
കഴിഞ്ഞ ഒരു മാസത്തോളമായി തുടർന്നുപോന്ന ഓൺലൈൻ പഠനത്തിന് ശേഷം, കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാർത്ഥികൾ വീണ്ടും സ്കൂളുകളിൽ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുത്തു തുടങ്ങിയത്. എന്നാൽ ക്ലാസുകൾ പുനരാരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. തലസ്ഥാന നഗരിക്ക് സമീപമുണ്ടായ പുതിയ പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങളുടെയും പ്രതിരോധ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിൽ, മുൻകരുതൽ എന്ന നിലയിലാണ് സർക്കാർ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
തലസ്ഥാന മേഖലയിലെ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും ബാധിക്കുന്നതാണ് പുതിയ നിർദ്ദേശമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. സിബിഎസ്ഇ , ബ്രിട്ടീഷ്, അമേരിക്കൻ സിലബസുകൾ പിന്തുടരുന്ന അന്താരാഷ്ട്ര സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതു-സ്വകാര്യ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ഭരണവിഭാഗം ജീവനക്കാർക്കും ഈ ഉത്തരവ് ഒരേപോലെ ബാധകമാക്കിയിട്ടുണ്ട് ,അതേസമയം സ്കൂളുകൾ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങിവരുമെന്ന കാര്യത്തിൽ അധികൃതർ കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ.
സർക്കാർ സ്കൂളുകളിലെ ക്ലാസുകൾ ഏകീകൃത ഡിജിറ്റൽ സംവിധാനമായ ‘മദ്രസതി’ (Madrasati) പ്ലാറ്റ്‌ഫോം വഴിയായിരിക്കും നടക്കുക. സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകൾക്ക് മന്ത്രാലയം അംഗീകരിച്ചിട്ടുള്ള അതത് ഡിജിറ്റൽ ലേണിംഗ് പോർട്ടലുകൾ വഴിയായിരിക്കും.
റിയാദിലെ സുരക്ഷാ മുൻകരുതലുകൾക്ക് പുറമെ, രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും സമാനമായ രീതിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അൽ-ഖസീമി ൽ നവംബർ 10 മുതൽ പൂർണ്ണമായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കനത്ത കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും സംബന്ധിച്ച് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) നൽകിയ മുന്നറിയിപ്പുകളെ തുടർന്നാണ് അവിടെ ക്ലാസുകൾ ഓൺലൈനാക്കിയത്.



