Connect with us

Siraj Article

ജെ പി എന്ന വിപ്ലവ നക്ഷത്രം

സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വം ഏറ്റെടുത്ത് ഭാരതത്തിന്റെ അഭിമാനമായി മാറിയ ജയപ്രകാശ് നാരായണന്‍ ഭാരതത്തില്‍ പുത്തന്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെച്ച നേതാവായിരുന്നു

Published

|

Last Updated

ലോക് നായക് ജയപ്രകാശ് നാരായണന്‍ എന്ന ജെ പി വിട്ടുപിരിഞ്ഞ് 42 വര്‍ഷം പിന്നിടുകയാണ്. ജെ പി സ്വപ്‌നം കണ്ട സമ്പൂര്‍ണ വിപ്ലവം ഇന്നും അകലെയാണെങ്കിലും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ രാജ്യത്ത് അനിവാര്യമായ വിപ്ലവത്തെ കുറിച്ച് സ്വപ്‌നം കണ്ട ദാര്‍ശനികനായിരുന്നു അദ്ദേഹം.
1977 നവംബറില്‍ വിദ്യാര്‍ഥി സമ്മേളന സന്ദേശത്തില്‍ ജെ പി ഇപ്രകാരം പറഞ്ഞു, “സമ്പൂര്‍ണ വിപ്ലവം ഇനിയും അകലെയാണ്. രാജ്യത്തെ യുവശക്തികള്‍ക്ക് മാത്രമേ അത് കൈവരിക്കാനാകൂ.
ജനാധിപത്യം യാഥാര്‍ഥ്യമാകണമെങ്കില്‍ സമ്പൂര്‍ണ വിപ്ലവത്തിന് തുടക്കം കുറിക്കണം. സാമൂഹിക നീതി, തൊഴില്‍ അവകാശം, വികേന്ദ്രീകരണം, വിദ്യാഭ്യാസ അവകാശം ഇവയൊക്കെ സമ്പൂര്‍ണ വിപ്ലവത്തിലെ പൊന്‍മണികളാണ്’. വി പി സിംഗ് നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിപ്ലവകരമായ മാറ്റങ്ങളും വിസ്മരിക്കുന്നില്ലെങ്കിലും സമ്പൂര്‍ണമായ സാമൂഹിക നീതി അകലെ തന്നെയാണിന്നും. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. തൊഴിലവകാശം യാഥാര്‍ഥ്യമായില്ല. വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടില്ലെന്ന് മാത്രമല്ല അധികാര കേന്ദ്രീകരണത്തിന് കേന്ദ്ര ഭരണം വെമ്പല്‍ കൊള്ളുന്ന കാഴ്ചയും നാം കാണുന്നു. മതപരമായ ചേരിതിരിവ് വര്‍ധിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ഒരു പിടി കോര്‍പറേറ്റുകള്‍ക്കായി രാജ്യഭരണം ചുരുങ്ങുന്നു. കര്‍ഷകര്‍ ഇന്നും തെരുവില്‍ സമരത്തില്‍ തന്നെ. ഈ സാഹചര്യത്തില്‍ ജെ പി വിഭാവനം ചെയ്ത സമ്പൂര്‍ണ വിപ്ലവ കാഹളത്തിന് സമയം അതിക്രമിച്ചിരിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വം ഏറ്റെടുത്ത് ഭാരതത്തിന്റെ അഭിമാനമായി മാറിയ ജയപ്രകാശ് നാരായണന്‍ ഭാരതത്തില്‍ പുത്തന്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെച്ച നേതാവായിരുന്നു. ജെ പിയുടെ ജീവിതം അനേകം സ്വാതന്ത്ര്യ സമര പോരാളികള്‍ക്കും യുവജനങ്ങള്‍ക്കും മാതൃകയായി. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. റാംമനോഹര്‍ ലോഹ്യ, വിനോബാജി തുടങ്ങിയ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്ക് ജെ പിയോട് സ്‌നേഹവും ബഹുമാനവുമായിരുന്നു. 1947ന് ശേഷം ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ ദുര്‍ഭരണത്തിനെതിരെ ജെ പിക്ക് പോരാടേണ്ടി വന്നു. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരയുടെ നിര്‍ദേശപ്രകാരം ജെ പിയെ പാറ്റ്ന തെരുവില്‍ വെച്ച് മര്‍ദിച്ച് അവശനാക്കി ജയിലിലിട്ടു.

ജെ പി കേരളത്തിലെ സോഷ്യലിസ്റ്റുകള്‍ക്കും പ്രിയപ്പെട്ട നേതാവായിരുന്നു. കേരളത്തിലെ പ്രമുഖരായ സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങില്‍ ശ്രീധരന്‍, എം പി വീരേന്ദ്രകുമാര്‍, പി വിശ്വംഭരന്‍ തുടങ്ങി ഒട്ടനവധി നേതാക്കളുമായി ജെ പി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു.

Latest