National
മാതാപിതാക്കളെ പരിചരിച്ചില്ല; തേനിയില്‍ മക്കളില്‍ നിന്ന് കോടികളുടെ ഭൂമി പിടിച്ചെടുത്ത് റവന്യൂ വകുപ്പ്
മാതാവ് ലോകമണിക്ക് റവന്യൂ വകുപ്പ് ഭൂമി തിരിച്ചുനല്‍കി

തേനി| തമിഴ്‌നാട്ടില്‍ മാതാപിതാക്കളെ പരിചരിക്കാത്ത മക്കളില്‍ നിന്ന് ഭൂമി തിരിച്ചെടുത്ത് റവന്യൂ വകുപ്പ്. തമിഴ്നാട്ടിലെ തേനി ചിന്നമന്നൂര്‍ പ്രദേശത്താണ് മക്കളുടെ അഞ്ച് കോടി രൂപ വിലവരുന്ന ഭൂമി റവന്യു വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഭൂമി മാതാവ് ലോകമണിക്ക് റവന്യൂ വകുപ്പ് തിരിച്ചുനല്‍കി. ഓടപ്പെട്ടി സ്വദേശികളായ കലൈമണി – ലോകമണി ദമ്പതികളുടെ ഭൂമിയാണ് തിരികെ ലഭിച്ചത്.
ദമ്പതികള്‍ക്ക് അഞ്ച് ആണ്‍മക്കളാണുള്ളത്. ഇതില്‍ രണ്ട് പേര്‍ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മക്കളുടെ പേരില്‍ 12 ഏക്കര്‍ ഭൂമി ഇരുവരും രജിസ്റ്റര്‍ ചെയ്തു കൊടുത്തു. എന്നാല്‍ സ്വത്തുക്കള്‍ ലഭിച്ചതോടെ മക്കള്‍ ഇവരെ അവഗണിച്ചു. ഇതിനെതിരെ ഇരുവരും പരാതി നല്‍കിയെങ്കിലും പിതാവ് കലൈമണി മരണപ്പെട്ടു.
തുടര്‍ന്നും മക്കളുടെ അവഗണ സഹിക്കാന്‍ പറ്റാതെയായി. പിന്നീട് മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതരെ സമീപിച്ചു. ഇതില്‍ ഇടപെട്ട റവന്യൂ വകുപ്പ് ഭൂമിയുടെ ആധാര രജിസ്ട്രേഷന്‍ റദ്ദാക്കുകയാണ് ചെയ്തത്.