Kerala
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കുക്കു പരമേശ്വരനും മധുപാലും രാജി നല്‍കി
തിരുവനന്തപുരം | സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇടതു സര്‍ക്കാര്‍ നിയോഗിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി രാജിവെച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കുക്കു പരമേശ്വരനും മധുപാലും രാജി നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് പൂക്കുട്ടിയെ ചെയര്‍മാനായി നിയമിച്ചത്.
നടി കുക്കു പരമേശ്വരനായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍. ലൈംഗികാരോപണത്തെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് രാജിവെച്ചതിന് പിന്നാലെയായിരുന്നു പൂക്കുട്ടിയുടെ നിയമനം. നടനും സംവിധായകനുമായ മധുപാല്‍ ഇന്നലെ കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായം ഉയര്‍ത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെന്‍ഷന്‍ 5000 ആയി വര്‍ധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെന്‍ഷനും അവശതാ പെന്‍ഷനും 500 രൂപ വര്‍ധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സര്‍കാര്‍ ഉത്തരവ് നേടാന്‍ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.







