Connect with us

Kerala

സന്ധ്യക്ക് ആദരം, ജോജുവിന് തെറിവിളി; വഴിതടഞ്ഞ് കോണ്‍ഗ്രസ് കുടുങ്ങി

Published

|

Last Updated

കോഴിക്കോട്: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരത്തില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ മദ്യപനെന്ന് അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകര്‍ക്കുകയും ചെയ്ത നടപടി കോണ്‍ഗ്രസിനു തിരിച്ചടിയായി. യു ഡി എഫ് ഭരണകാലത്ത് സി പി എം നേതൃത്വത്തില്‍ നടന്ന ക്ലിഫ്ഹൗസ് ഉപരോധത്തിന്റെ സമയത്ത് വഴി തടസപ്പെടുത്തി എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീയെ സമരത്തിനെതിരായ പ്രതീകമാക്കി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. സമരത്തിനെതിരെ കോണ്‍ഗ്രസും മാധ്യമങ്ങളും സന്ധ്യയെ പ്രതീകമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സന്ധ്യക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. അന്ന് സന്ധ്യയെ പ്രകീര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ഫേസ് ബുക്ക് പോസ്റ്റുകളും മറ്റുമാണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വഴി തടസപ്പെടുത്തിയതിനെതിരെ സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ വഴി തടഞ്ഞു ജനങ്ങളെ വെല്ലുവിളിക്കുന്നത് എന്ന പരിഹാസമാണ് വ്യാപകമാകുന്നത്. ‘ ജോജുവിനൊപ്പം തന്നെയാണ്..’, ‘ആരാണ് പൊതുജനങ്ങളുടെ വഴി തടയാന്‍ സമരക്കാര്‍ക്ക് അധികാരം തന്നത്’, ‘ജോജു മാസാണ്..’ എന്നെല്ലാമുള്ള കമന്റുകളും മുമ്പ് സന്ധ്യയെ പ്രശംസിച്ച ഷാഫി പറമ്പില്‍ പോലുള്ളവരുടെ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

2013ല്‍ സോളാര്‍ സമരത്തിന്റെ ഭാഗമായി സി പി എം നടത്തിയിരുന്ന ഉപരോധത്തില്‍ വഴി തടഞ്ഞതിന്റെ പേരിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സിന്ധു പ്രതികരിച്ചത്. സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ വിവാദമായതോടെ സമരത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുവെന്ന് ആരോപിച്ചായിരുന്നു സന്ധ്യ പ്രതികരിച്ചത്. പോലീസിനോടും സമരക്കാരോടും ശക്തമായി പ്രതികരിച്ച സന്ധ്യക്ക് പിന്നീട് കോണ്‍ഗ്രസ് ഭരണത്തിലെത്തിപ്പോള്‍ താത്കാലിക ജോലിയും നല്‍കി. അന്ന് സന്ധ്യയെ അഭിനന്ദിച്ച അതേ പാര്‍ട്ടിയാണ് ഇപ്പോള്‍ കൊച്ചിയില്‍ റോഡ് ഉപരോധിച്ചപ്പോള്‍ ചോദ്യം ചെയ്ത ജോജുവിനെ മധ്യപനെന്നും തറഗുണ്ടയെന്നും അധിക്ഷേപിച്ചത്.

കോണ്‍ഗ്രസ് സമരത്തിനെതിരെ വൈറ്റിലയില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും കെ സുധാകരന്‍ അധിക്ഷേപിച്ചത്. സ്ത്രീ പ്രവര്‍ത്തകര്‍ പരാതി കൊടുക്കുമെന്നും ആ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്നും കെ സുധാകരന്‍ അറിയിക്കുകയുണ്ടായി. ജോജുവിന്റെ വാഹനം തകര്‍ത്തതിനേയും സുധാകരന്‍ ന്യായീകരിച്ചു. വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം.

രക്തപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്നു വ്യക്തമായതും ജോജുവിന്റെ മാതാപിതാക്കളെ അധിക്ഷേപിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തതും കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. കെ സുധാകരന്റെ പ്രതികരണത്തെ തള്ളുന്ന രീതിയിലായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വഴി തടയല്‍ സമരത്തിന് വ്യക്തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest