National
നാഗര്‍കോവിലില്‍ പൊങ്കല്‍ ആഘോഷത്തിനിടെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു, സുഹൃത്തിനു ഗുരുതര പരുക്ക്
ആക്രമണത്തില്‍ പരുക്കേറ്റ രമേഷിന്റെ സുഹൃത്ത് മണികണ്ഠനെ അതീവ ഗുരുതരാവസ്ഥയില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം | നാഗര്‍കോവിലിലെ സരലൂരില്‍ പൊങ്കല്‍ ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ടെമ്പോ ഡ്രൈവറായ യുവാവ് വെട്ടേറ്റു മരിച്ചു. സരലൂര്‍ സ്വദേശിയായ രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ രമേഷിന്റെ സുഹൃത്ത് മണികണ്ഠനെ അതീവ ഗുരുതരാവസ്ഥയില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊങ്കലിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്കിടെയാണ് തര്‍ക്കമുണ്ടായത്. പരിപാടിക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ കോട്ടാര്‍ സ്വദേശിയായ മറ്റൊരു ടെമ്പോ ഡ്രൈവര്‍ മുകേഷ് കണ്ണന്‍ ചോദ്യം ചെയ്തു. ഇത് പിന്നീട് വലിയ തര്‍ക്കത്തിലേക്ക് നയിച്ചു. സംഭവത്തിന് പിന്നാലെ മുകേഷ് കണ്ണന്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ അക്രമിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ മുകേഷ് കണ്ണന്‍ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ആക്രമിക്കുകയായിരുന്നു.തടയാന്‍ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു. രമേഷ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. രമേഷിന്റെ സഹോദരന്‍ സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ രോഗബാധിതയായി കഴിഞ്ഞ മാസമാണ് മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍മക്കളുണ്ട്


