Kuwait
ആറു മാസത്തിലധികമായി കുവൈത്തിനു പുറത്ത് കഴിയുന്നവരുടെ താമസരേഖ റദ്ദ് ചെയ്യില്ല

കുവൈത്ത് സിറ്റി | കുവൈത്തിനു പുറത്ത് ആറ് മാസത്തില്‍ അധികമായി കഴിയുന്ന പ്രവാസികളുടെ താമസരേഖ റദ്ദ് ചെയ്യുന്ന കാര്യം തത്ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം. അതേസമയം, ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ വഴി താമസരേഖ പുതുക്കുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് പുതിയ നിയമങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഒരു വര്‍ഷത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് കുവൈത്തിന് പുറത്ത് നിന്നുകൊണ്ട് തന്നെ താമസരേഖ പുതുക്കുന്നത് തുടരാവുന്നതാണ്. ഏതൊരു പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പും ആവശ്യമായ സമയം അനുവദിക്കുന്നതാണ്.
ആറ് മാസത്തിലേറെയായി കുവൈത്തിനു പുറത്ത് കഴിയുന്നവര്‍ താമസരേഖ പുതുക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. നിലവില്‍ രാജ്യത്തിന് പുറത്ത് കഴിയുന്നവരില്‍ ഭൂരിഭാഗവും കുടുംബ വിസയിലുള്ളവരാണ്. അവരില്‍ ഭൂരിഭാഗവും സ്‌പോണ്‍സര്‍മാരുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.