Kerala
മറിയപ്പള്ളിയിലെ രക്ഷാദൗത്യം; അഗ്നിശമന സേനാംഗങ്ങളെ അഭിനന്ദിച്ച് ബി സന്ധ്യ, പാരിതോഷികം നല്‍കും
'സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരെന്ന നിലയില്‍ മാതൃകാപരമായ രക്ഷാദൗത്യമാണ് കോട്ടയത്തെ സേന നടത്തിയത്.'
കോട്ടയം | മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍ കുടുങ്ങിയയാളെ തീവ്രശ്രമത്തിലൂടെ രക്ഷപ്പെടുത്തിയ സേനയെ അഭിനന്ദിച്ച് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. സംഘത്തിലുണ്ടായിരുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സന്ധ്യ അറിയിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരെന്ന നിലയില്‍ മാതൃകാപരമായ രക്ഷാദൗത്യമാണ് കോട്ടയത്തെ സേന നടത്തിയതെന്ന് സന്ധ്യ പ്രതികരിച്ചു.
രണ്ട് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ബംഗാള്‍ സ്വദേശിയായ സുഷാന്തിനെ രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണില്‍ മൂടിയ നിലയിലായിരുന്നു ഇയാള്‍. യാതൊരു പോറലുമേല്‍ക്കാതെയാണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.
ജോലിയിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയുമുണ്ടായി. സ്വകാര്യ പുരയിടത്തില്‍ മതില്‍ കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഒമ്പത് മണിക്കു ശേഷമാണ് മണ്ണിടിഞ്ഞത്.