Connect with us

Editorial

കോണ്‍ഗ്രസ്സ് പ്രമേയങ്ങളുടെ പ്രസക്തി

കാലികമായി ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പഴയകാല ഡാറ്റയുടെ അഭാവത്തില്‍ സാമൂഹിക നീതിയും ശാക്തീകരണ പരിപാടികളും അപൂര്‍ണമാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയുടെ പ്രമേയം.

Published

|

Last Updated

ജാതി സെന്‍സസ് നടത്തുക, ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കുക, പട്ടികജാതി-പട്ടിക വര്‍ഗ- ഒ ബി സി സംവരണത്തിനുള്ള പ്രായപരിധി ഉയര്‍ത്തുക, പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ പാസ്സാക്കുക എന്നിവയാണ് ഹൈദരാബാദില്‍ നടന്ന ദ്വിദിന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍. പിന്നാക്ക വിഭാഗങ്ങളോടും ദളിതരോടുമുള്ള ബി ജെ പിയുടെ വിവേചനപരമായ നിലപാടാണ് ജാതി സെന്‍സസിന് വിമുഖത കാണിക്കുന്നതിനു പിന്നിലെന്നും യോഗം കുറ്റപ്പെടുത്തി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പത്ത് വര്‍ഷം കൂടുമ്പോഴുള്ള സെന്‍സസിനൊപ്പം സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസും നടത്തുകയും ഒ ബി സി വിഭാഗത്തിന് പ്രത്യേക മന്ത്രാലയം സ്ഥാപിക്കുകയും ചെയ്യുമെന്ന് ഫെബ്രുവരിയില്‍ ഛത്തീസ്ഗഢില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ 85ാം പ്ലീനറി സമ്മേളനവും പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ ജനതയിലെ വിവിധ ജാതികളുടെയും മതങ്ങളുടെയും ജനസംഖ്യാനുപാതിക ശതമാനം കണക്കാക്കുന്ന പ്രക്രിയയാണ് ജാതി സെന്‍സസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണവും മറ്റു ക്ഷേമ ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹതയും നിശ്ചയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലായതിനാല്‍ രാഷ്ട്രീയമായും സാമൂഹികമായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു ഇത്. ഇവിടെയാണ് ജാതി സെന്‍സസിന്റെ പ്രസക്തി. എന്നാല്‍ 2010ല്‍ പ്രതിപക്ഷത്തായിരിക്കെ ജാതി സംവരണത്തിനു വേണ്ടി ശക്തമായി വാദിച്ച ബി ജെ പി അധികാരത്തിലേറിയ ശേഷം ഈ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സാങ്കേതിക കാരണങ്ങളാല്‍ ജാതിസെന്‍സസ് നടത്താന്‍ കഴിയില്ലെന്നാണ് 2021 സെപ്തംബറില്‍ ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. 2022 ഡിസംബറില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അംഗം എ ഗണേശമൂര്‍ത്തിയുടെ ചോദ്യത്തിനുള്ള മറുപടിയിലും, വരാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി സെന്‍സസുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സാങ്കേതികത്വമല്ല ജനസംഖ്യയില്‍ തീരെ കുറവായ വരേണ്യ വര്‍ഗം ഭരണ മേഖലയുടെ സിംഹ ഭാഗവും കൈയടക്കിയ നിലവിലെ സാഹചര്യത്തില്‍ സെന്‍സസ് പുതുക്കുന്നത് വരേണ്യ വര്‍ഗക്കാരുടെ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ബി ജെ പി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഈ നിലപാടിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഹിന്ദുത്വത്തിലൂന്നിയുള്ള പ്രചാരണത്തിന് ജാതി സെന്‍സസ് വിഘാതമായേക്കുമെന്നും ബി ജെ പി ആശങ്കിക്കുന്നു. ഇന്ത്യയിലെ വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഓക്സ്ഫാം പുറത്തുവിട്ട 2020ലെ റിപോര്‍ട്ടനുസരിച്ച്, സമ്പത്തിന്റെ 74.3 ശതമാനവും രാജ്യത്തെ ഉയര്‍ന്ന വിഭാഗക്കാരായ പത്ത് ശതമാനത്തിന്റെയും 22.9 ശതമാനം മധ്യ വര്‍ഗത്തിന്റെയും കൈകളിലാണ്. സമ്പത്തിന്റെ മുക്കാല്‍ ഭാഗത്തോളം കൈയടക്കിയ ഉയര്‍ന്ന വിഭാഗക്കാരില്‍ ബഹുഭൂരിഭാഗവും ജാതി ഹിന്ദുക്കളിലെ വരേണ്യ വര്‍ഗക്കാരാണ്. ജാതി സെന്‍സസ് വഴി ഈ വസ്തുത സ്ഥിരീകരിക്കപ്പെട്ടാല്‍ ദളിത്, ഒ ബി സി വിഭാഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികളില്‍ കൂടുതല്‍ പരിഗണന നല്‍കാനുള്ള ആവശ്യം രാജ്യത്ത് ശക്തമാകുകയും ഹിന്ദുത്വ താത്പര്യങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഒ ബി സി വിഭാഗങ്ങളുടെ യഥാര്‍ഥ കണക്കും

സാമ്പത്തിക രംഗത്തെ അവരുടെ പിന്നാക്കാവസ്ഥയും പുറത്തു വന്നാല്‍ ഒ ബി സി സംവരണത്തെ തുരങ്കം വെക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിക്കും തിരിച്ചടിയാകും. പിന്നാക്ക വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തിയുള്ള ജാതി സെന്‍സസ് രാജ്യത്ത് അവസാനമായി നടന്നത് 1931ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ്. സ്വാതന്ത്ര്യാനന്തരം 1951ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടത്തിയ ജനസംഖ്യാ സെന്‍സസില്‍ പട്ടിക ജാതി-പട്ടിക വര്‍ഗക്കാരുടെ മാത്രം കണക്കാണ് ശേഖരിച്ചത്. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വിവരം ശേഖരിച്ചിരുന്നില്ല. 2011ല്‍ യു പി എ സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് എടുത്തെങ്കിലും ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധപ്പെടുത്തിയില്ല. ഇതു മൂലം ഒ ബി സി, ഒ ബി സികള്‍ക്കുള്ളിലെ വിവിധ ഗ്രൂപ്പുകള്‍ തുടങ്ങി മറ്റു പിന്നാക്ക വിഭാഗങ്ങളുടെ കണക്ക് അവ്യക്തമാണ്. 93 വര്‍ഷം പഴക്കമുള്ള സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ക്ഷേമാനുകൂല്യങ്ങള്‍ നിര്‍ണയിക്കുന്നത് എത്രത്തോളം നീതിപൂര്‍വകമാണ്? ഹൈന്ദവ സമുദായത്തിലെ 75 ശതമാനവും പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണെന്ന് ചില അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരെ കൂടി കൂട്ടിയാല്‍ ഇവരുടെ സംഖ്യ മൊത്തം 80 ശതമാനം വരും. ജനസംഖ്യയിലെ ഈ മഹാഭൂരിപക്ഷത്തിന്റെ അവകാശങ്ങളാണ് ജാതി സെന്‍സസിന്റെ അഭാവം മൂലം നിഷേധിക്കപ്പെടുന്നത്. സെന്‍സസ് സൃഷ്ടിച്ചേക്കാനിടയുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനോട് വിമുഖത കാണിക്കുമ്പോള്‍ ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഇതൊരു പ്രചാരണായുധമാക്കാനാണ് പ്രതിപക്ഷ നീക്കം. സുപ്രീം കോടതിയുടെ അംഗീകാരത്തോടെ ബിഹാറില്‍ ജാതി സര്‍വേ ആരംഭിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ സര്‍ക്കാറാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നാലെ വരാനിരിക്കുന്ന സെന്‍സസില്‍ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കണമെന്നാവശ്യപ്പെട്ട് ഒഡിഷയും മഹാരാഷ്ട്രയും യു പിയിലെ സമാജ് വാദി പാര്‍ട്ടിയും രംഗത്തു വന്നു.

കാലികമായി ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു. പഴയകാല ഡാറ്റയുടെ അഭാവത്തില്‍ സാമൂഹിക നീതിയും ശാക്തീകരണ പരിപാടികളും അപൂര്‍ണമാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയുടെ പ്രമേയം. ഇക്കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉറച്ചതും കൂടുതല്‍ ശക്തവുമായ നിലപാടുമായി മുന്നേറേണ്ടതുണ്ട്.

 

Latest