Connect with us

Techno

റെഡ്മി എ2പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി

റെഡ്മി എ2പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ 128 ജിബി സ്റ്റോറേജ് വേരിയന്റില്‍ കൂടി ലഭ്യമാക്കിയിരിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ജനപ്രിയ ബ്രാന്റാണ് റെഡ്മി. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമാണ് റെഡ്മി ഫോണുകളുടെ പ്രത്യേകത. ബ്രാന്റിന്റെ ബജറ്റ് ഫോണുകളടങ്ങുന്ന എ സീരീസിലെ പുതിയ ഫോണുകളിലൊന്നാണ് റെഡ്മി എ2 പ്ലസ്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ജനപ്രിതി കണക്കിലെടുത്ത് റെഡ്മി പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് റെഡ്മി എ2 സ്മാര്‍ട്ട്‌ഫോണിനൊപ്പം റെഡ്മി എ2പ്ലസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

മാര്‍ച്ചില്‍ അവതരിപ്പിക്കുമ്പോള്‍ ഫോണ്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള കോണ്‍ഫിഗറേഷനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇപ്പോള്‍ കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ളവരെ കൂടി പരിഗണിച്ച് റെഡ്മി എ2പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ 128 ജിബി സ്റ്റോറേജ് വേരിയന്റില്‍ കൂടി ലഭ്യമാക്കിയിരിക്കുകയാണ്.

റെഡ്മി എ2പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ  4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,499 രൂപയാണ് വില. ആമസോണ്‍, എംഐ.കോം, ഷവോമി റീട്ടെയില്‍ പാര്‍ട്ട്ണര്‍ സ്റ്റോറുകള്‍ എന്നിവയിലൂടെയും ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് നിലവില്‍ 7,999 രൂപയാണ് വില. ഈ സ്മാര്‍ട്ട്‌ഫോണ്‍ ക്ലാസിക് ബ്ലാക്ക്, സീ ഗ്രീന്‍, അക്വാ ബ്ലൂ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്.

റെഡ്മി എ2 പ്ലസ് സ്മാര്‍ട്ട്‌ഫോണില്‍ 6.52-ഇഞ്ച് എച്ച്ഡി+ എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 120എച്ച്ഇസെഡ് ടച്ച് സാംപ്ലിങ് റേറ്റുണ്ട്. ഈ ഹാന്‍ഡ്സെറ്റിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയാണ്. ഈ സ്മാര്‍ട്ട്‌ഫോണില്‍ എഐ സപ്പോര്‍ട്ടുള്ള ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പാണുള്ളത്. 5,000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി എ2 പ്ലസ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ ഫോണിനൊപ്പം ചാര്‍ജറും ലഭിക്കും. ഒറ്റ ചാര്‍ജില്‍ 32 ദിവസം വരെ സ്റ്റാന്‍ഡ്ബൈ ടൈമും 32 മണിക്കൂര്‍ കോള്‍ ടൈമും നല്‍കാന്‍ ഈ സ്മാര്‍ട്ട്ഫോണിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.