Connect with us

vazhivilakku

അറുത്തുമാറ്റേണ്ട ചുവപ്പുനാടകള്‍

ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ച തിരുനബി(സ)യുടെ ഒരു പ്രാര്‍ഥന കേട്ടാല്‍ മനസ്സാക്ഷിയുള്ള ഒരാള്‍ക്കും ഈ ദുശ്ശീലം തുടരാനാകില്ല. 'അല്ലാഹുവേ, എന്റെ ഉമ്മത്തിന്റെ ഏതെങ്കിലും ഒരു കാര്യത്തിന് ആരെങ്കിലും ഉത്തരവാദിത്വപ്പെട്ടവനാകുകയും എന്നിട്ട് അവന്‍ അവരെ പ്രയാസപ്പെടുത്തുകയുമാണെങ്കില്‍ നീ അവനെയും പ്രയാസപ്പെടുത്തേണമേ. എന്നാല്‍ ആരെങ്കിലും ജനങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും അവരോട് കാരുണ്യത്തോടെ പെരുമാറുകയും ചെയ്താല്‍, നീ അവനോടും കാരുണ്യം കാണിക്കേണമേ.'

Published

|

Last Updated

മലയാളിക്ക് സുപരിചിതമായ പ്രയോഗങ്ങളിലൊന്നാണ് ‘ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങള്‍’ എന്നത്. വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍
ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ഉദാസീനതയോ അലസതയോ കാരണത്താല്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ തിരസ്‌കരിക്കപ്പെടുന്നതും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതും നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചകളാണ്.

ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലുള്ള മല്ലിപോസി ഗ്രാമത്തില്‍ കഴിഞ്ഞ മാസം 27ന് നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ചുവപ്പുനാടയില്‍ തട്ടി വീണപ്പോള്‍ അവരുടെ അസ്ഥികൂടവുമായി ജിതു മുണ്ട ബേങ്കില്‍ എത്തിയത് നടുക്കുന്ന അനുഭവമായിരുന്നു. നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് ‘മറവി’യുടെ പേരില്‍ നല്‍കാതിരുന്ന ഓഫീസറുടെ മേശപ്പുറത്ത് മറവി മാറാനുള്ള മരുന്ന് കൊണ്ടുപോയി ചൊരിഞ്ഞതും ഈ അടുത്ത് വാര്‍ത്തയായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളിലും ചില സ്വകാര്യ സ്ഥാപനങ്ങളിലും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിലും അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുന്നതിലും ചില ‘നാട നാടകങ്ങള്‍’ നടക്കാറുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി പെയിന്റിംഗ് നടക്കാത്തത് നിറം നിര്‍ണയിക്കേണ്ട ഓഫീസര്‍ക്ക് അതിന് സമയം കിട്ടാത്തതിനാലാണെന്ന് ഒരു അനുഭവസ്ഥന്‍ പറയുകയുണ്ടായി. ചിലര്‍ കൈക്കൂലി കിട്ടാനാണ് ഈ സാങ്കേതികത്വങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് അത് അധികാരം സ്ഥാപിക്കാനുള്ള അവസരമാണ്. ഭരണഘടനയും പൊതുബോധവുമൊന്നും ഈ പ്രവണതയെ ന്യായീകരിക്കുകയില്ല എന്നതില്‍ സംശയമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ വ്യക്തമായ നിലപാടെടുത്ത പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം.

ഒരു ദിവസം അസ്വര്‍ നിസ്‌കാരം കഴിഞ്ഞ് നബി(സ) വളരെ വേഗത്തില്‍ വീട്ടിലേക്ക് മടങ്ങി. സാധാരണ ഗതിയില്‍ നിസ്‌കാരം കഴിഞ്ഞാല്‍ അല്‍പ്പസമയം അവിടെ ഇരിക്കാറുള്ള പ്രവാചകരുടെ ഈ മാറ്റം അനുചരന്മാരെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഉടനെ തന്നെ നബി(സ) തിരിച്ചു വരികയും തന്റെ ധൃതിയുടെ കാരണം വിശദീകരിക്കുകയും ചെയ്തു. ‘എന്റെ വീട്ടില്‍ വിതരണം ചെയ്യാതെ ബാക്കിവന്ന ഒരു സ്വര്‍ണക്കഷ്ണം ഇരിക്കുന്നത് ഞാന്‍ ഓര്‍ത്തു. അത് എന്നെ അസ്വസ്ഥനാക്കി. അതുകൊണ്ട് അത് ഉടനെ വിതരണം ചെയ്യാന്‍ കല്‍പ്പിച്ചിട്ടാണ് ഞാന്‍ വന്നത്.’ സ്വദഖ ആയിട്ട് പോലും ജനങ്ങളുടെ അവകാശം വൈകുന്നതില്‍ തിരുനബി(സ) എത്ര അസ്വസ്ഥത പ്രകടിപ്പിച്ചു എന്ന് ഇമാം ബുഖാരി(റ)വിന്റെ ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ഇമാം അബൂദാവൂദ്(റ)വിന്റെ പ്രസിദ്ധമായ ഹദീസും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. നബി(സ)യുടെ കൈയില്‍ വരുന്ന ദാനധര്‍മങ്ങള്‍ വിതരണം ചെയ്യാന്‍ ബിലാല്‍(റ)വിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ഒരിക്കല്‍ വിതരണം ചെയ്യാനുള്ള ധനത്തില്‍ കുറച്ച് ബാക്കിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ അസ്വസ്ഥരായ നബി(സ) പറഞ്ഞു: ‘ആ ധനം എന്റെ പക്കല്‍ ഇരിക്കെ എനിക്ക് വീട്ടിലേക്ക് പോകാന്‍ കഴിയില്ല. അത് വിതരണം ചെയ്ത് തീരുന്നത് വരെ ഞാന്‍ പള്ളിയില്‍ തന്നെ ഇരിക്കും.’ ഒടുവില്‍ ബിലാല്‍ (റ) വന്ന്, ‘അല്ലാഹു താങ്കളെ ആ ഭാരത്തില്‍ നിന്ന് ഒഴിവാക്കി, ധനം മുഴുവന്‍ തീര്‍ന്നു’ എന്ന് അറിയിച്ചപ്പോള്‍ മാത്രമാണ് നബി(സ) സമാധാനത്തോടെ വീട്ടിലേക്ക് പോയത്. നോക്കൂ, ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ വൈകുന്നത് എത്ര ഗൗരവമായാണ് അവിടുന്ന് കണ്ടത്.

ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ച തിരുനബി(സ)യുടെ ഒരു പ്രാര്‍ഥന കൂടി കേട്ടാല്‍ മനസ്സാക്ഷിയുള്ള ഒരാള്‍ക്കും ഈ ദുശ്ശീലം തുടരാനാകില്ല. ‘അല്ലാഹുവേ, എന്റെ ഉമ്മത്തിന്റെ ഏതെങ്കിലും ഒരു കാര്യത്തിന് ആരെങ്കിലും ഉത്തരവാദിത്വപ്പെട്ടവനാകുകയും എന്നിട്ട് അവന്‍ അവരെ പ്രയാസപ്പെടുത്തുകയുമാണെങ്കില്‍ നീ അവനെയും പ്രയാസപ്പെടുത്തേണമേ. എന്നാല്‍ ആരെങ്കിലും ജനങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും അവരോട് കാരുണ്യത്തോടെ പെരുമാറുകയും ചെയ്താല്‍, നീ അവനോടും കാരുണ്യം കാണിക്കേണമേ.’

 

---- facebook comment plugin here -----

Latest