editorial
കുട്ടികളുടെ ഡിജിറ്റൽ ലഹരിക്കെതിരെ റെഡ് സിഗ്നൽ
നിയമനിർമാണം കൊണ്ടായില്ല. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സജീവ പിന്തുണയും സഹകരണവും ആവശ്യമാണ് ഇക്കാര്യത്തിൽ. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് കുട്ടികളുടെ ഡിജിറ്റൽ ശീലങ്ങൾ കടന്നുവരുന്നത്. മാതാപിതാക്കളാണ് കുട്ടികൾക്ക് മാൃകയാകേണ്ടത്.
കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കർണാടകയും ആന്ധ്രാപ്രദേശും. കർ ണാടകയിൽ വാർഷിക ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഫോണിനു നിയന്ത്രണം പ്രഖ്യാപിച്ചത്. ആന്ധ്രയിൽ 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. മൂന്ന് മാസത്തിനകം ഇതുസംബന്ധിച്ച നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ഡിജിറ്റൽ യുഗത്തിൽ ബാല്യം നഷ്ടമാകുന്ന കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുസംസ്ഥാനങ്ങളും ഈ തീരുമാനത്തിലെത്തിയത്. ആസ്‌ത്രേലിയയാണ് കർണാടക, ആന്ധ്ര സംസ്ഥാനങ്ങൾക്ക് പ്രചോദനം. ആസ്‌ത്രേലിയൻ പാർലിമെന്റ് 2024 അവസാനത്തോടെ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഉപയോഗത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ആഡംബര വസ്തുവല്ല, അത്യാവശ്യ ഉപകരണമാണ് ആധുനിക സമൂഹത്തിൽ മൊബൈൽ ഫോൺ. മുതിർന്നവർക്കു മാത്രമല്ല, കൂട്ടികൾക്കും ഉപകാരപ്രദമാണ് മൊബൈൽ. കൊവിഡ് കാലത്ത് വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയപ്പോൾ കുട്ടികൾക്ക് അതൊരു അനിവാര്യ ഉപകരണമായി മാറുകയുണ്ടായി. കൊവിഡിനു ശേഷം വിദ്യാഭ്യാസം ഓഫ് ലൈൻ സംവിധാനത്തിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും മൊബൈൽ ഉപയോഗിച്ചുള്ള പഠനരീതി ഇപ്പോഴും തുടരുന്നു പല സ്ഥാപനങ്ങളും അധ്യാപകരും. എങ്കിലും ഇത്തരം ഉപയോഗത്തിലുപരി മൊബൈൽ ഫോണുകളുടെ ദുരുപയോഗമാണ് ബാല, കൗമാര മേഖലയിൽ ഇന്ന് കൂടുതലും നടന്നുവരുന്നത്. മാത്രമല്ല, പഠനത്തിനു വിനിയോഗിക്കേണ്ട സമയത്തിന്റെ സിംഹഭാഗവും സ്മാർട്ട് ഫോണുകളുടെ ദുരുപയോഗത്തിനാണ് മിക്ക കുട്ടികളും ചെലവിടുന്നതെന്നു പഠനങ്ങൾ കാണിക്കുന്നു.
രാജ്യത്തെ സ്‌കൂൾ വിദ്യാർഥികളിൽ 70 ശതമാനവും പഠനാവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോണിൽ രണ്ട് മണിക്കൂർ ചെലവിടുന്നുവെന്നാണ് നാഷനൽ കൗൺസിൽ ഓഫ് സി ബി എസ് ഇ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 21 ശതമാനം വിദ്യാർഥികൾ നാല് മണിക്കൂർ ഗെയിം പ്ലാറ്റ്‌ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും ചെലവഴിക്കുന്നു. 63 ശതമാനം വിദ്യാർഥികളിൽ അസഹിഷ്ണുത, വിഷാദം, ഉത്്കണ്ഠ, സാമൂഹിക പിൻമാറ്റം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ കണ്ടുവരുന്നതായും റിപോർട്ട് വെളിപ്പെടുത്തുന്നു. വിദ്യാർഥികളിൽ പഠന ഏകാഗ്രതയും ക്ലാസ്സ്് റൂം ശ്രദ്ധയും കുറയുന്നതായി പഠനത്തിൽ പങ്കെടുത്ത അധ്യാപകരിൽ 69 ശതമാനവും സാക്ഷ്യപ്പെടുത്തി. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണവും ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണെന്നു റിപോർട്ട് നിർദേശിക്കുന്നു.
ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു സ്മാർട്ട് ഫോണുകളുടെ അമിതോപയോഗം. നീണ്ടസമയം സ്‌ക്രീനിൽ നോക്കുന്നത് കാഴ്ചക്കുറവ്, കോങ്കണ്ണ്, തലവേദന തുടങ്ങി നിരവധി രോഗങ്ങൾക്കിടയാക്കുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതാണ്. പ്രത്യേകിച്ചു രാത്രികാലങ്ങളിലെ ഫോണുകളുടെ നീണ്ട ഉപയോഗം കുട്ടികളുടെ ഉറക്കക്രമം തെറ്റിക്കുകയും ഇതവരുടെ മാനസികാരോഗ്യത്തെയും പഠനക്ഷമതയെയും ബാധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സാമൂഹിക ജീവതവും നഷ്ടപ്പെടുത്തുന്നു മൊബൈൽ അഡിക്്ഷൻ.
സുഹൃത്തുക്കളുമായി കളിച്ചും സംവദിച്ചുമാണ് മുൻകാലങ്ങളിൽ കുട്ടികൾ വളർന്നിരുന്നതെങ്കിൽ, സാമൂഹിക മേഖലയിൽ ഉപയോഗപ്പെടുത്തിയ ഈ സമയം ഡിജിറ്റൽ മേഖല കവർന്നെടുത്തിരിക്കുകയാണ് ഇന്ന്. മൊബൈൽ സ്‌ക്രീനുകൾ ഒരേ വീട്ടിൽ കഴിയുന്നവർക്കിടയിൽ തന്നെ മതിലുകൾ ഉയർത്തുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.
ഇതാണ് കർണാടക, ആന്ധ്ര സർക്കാറുകളെ കുട്ടികളുടെ ഫോൺ ഉപയോഗത്തിനു നിയന്ത്രണം വേണമെന്ന ചിന്താഗതിയിലേക്ക് എത്തിച്ചത്. വളർന്നു വരുന്ന തലമുറയെ ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് രക്ഷിക്കാനുള്ള ഇത്തരം ശ്രമങ്ങൾ രാജ്യമൊട്ടാകെ ആവശ്യമാണ്. ഇതര സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരേണ്ടതുണ്ട്. സമൂഹത്തിന്റെ എല്ലാതലങ്ങളിലും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കട്ടെ. സാങ്കേതികവിദ്യ സഹായകമാകേണ്ടത് മനുഷ്യന്റെ വളർച്ചക്കാണ്; തളർച്ചക്കല്ല. സ്മാർട്ട് ഫോണുകൾ കുട്ടികളുടെ കളിയും ചിരിയും സാമൂഹിക ബന്ധങ്ങളും കവർന്നെടുക്കുകയും ഗുരുതര രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ അനിവാര്യമാണ്. കുട്ടികളെ സ്മാർട്ട് ഫോണുമായി പാടേ അകറ്റുകയല്ല നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്; അതിനെ സുരക്ഷിതവും നിയന്ത്രിതവുമായി രീതിയിൽ ഉപയോഗിക്കാൻ ശീലിപ്പിക്കുകയും പഠിപ്പിക്കുകയുമാണ്.
എന്നാൽ നിയമനിർമാണം കൊണ്ടായില്ല. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സജീവ പിന്തുണയും സഹകരണവും ആവശ്യമാണ് ഇക്കാര്യത്തിൽ. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് കുട്ടികളുടെ ഡിജിറ്റൽ ശീലങ്ങൾ കടന്നുവരുന്നത്. രക്ഷിതാക്കൾ മൊബൈൽ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാതെ കുട്ടികളെ നിയന്ത്രിക്കുന്നത് ന്യായമല്ല. മാതാപിതാക്കളാണ് കുട്ടികൾക്ക് മാതൃകയാകേണ്ടത്.
ആദ്യമായി വീട്ടിലെ മുതിർന്നവർ മൊബൈൽ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണം. ഡിജിറ്റൽ നിയന്ത്രണത്തോടൊപ്പം ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ കുട്ടികൾക്ക് മറ്റു വിനോദ ഉപാധികൾ ഒരുക്കേണ്ടതുമുണ്ട്. ഗ്രാമ- നഗരങ്ങളിൽ കുട്ടികൾക്കുള്ള മൈതാനങ്ങളും പാർക്കുകളും സജ്ജീകരിച്ചു അവരെ അത്തരം വിനോദങ്ങളിലേക്ക് തിരിച്ചുവിടാവുന്നതാണ്. സർക്കാറും വിദ്യാഭ്യാസ സംവിധാനവും കുടുംബവും സമൂഹവും ചേർന്നുള്ള ശ്രമങ്ങൾ കൊണ്ടുമാത്രമേ ഇത് ഫലവത്താകുകയുള്ളൂ.





