Kerala
മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്
ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരും

പത്തനംതിട്ട | കെ എസ് ഇ ബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.
മൂഴിയാര്‍ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമായാണ് നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് ഇന്ന് പുലര്‍ച്ചയോടെ റെഡ് അലര്‍ട്ട് ലെവലില്‍ എത്തിയിട്ടുണ്ടന്നും ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുമെന്നും കലക്ടര്‍ അറിയിച്ചു.
ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും.ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ നദിയില്‍ ജലനിരപ്പ് ഉയരുന്നതിന് കാരണമായേക്കാം. അതിനാല്‍ കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതാണ്. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.