Connect with us

From the print

അതിവേഗം ടൗൺഷിപ്പ്; ആശങ്ക ബാക്കി

മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി 410 വീടുകള്‍ വിവിധ ഘട്ടത്തിലാണ്.

Published

|

Last Updated

കല്‍പ്പറ്റ | മുണ്ടക്കൈ- ചൂരല്‍മല ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാറും വിവിധ സംഘടനകളും ചേര്‍ന്ന് ദുരന്ത ഇരകളെ പുനരധിവസിപ്പിക്കുന്ന പ്രവൃത്തിയിലേക്ക് കടന്നിരിക്കുന്നു. ചില വ്യക്തികളും ചെറുസംഘടനകളും ഇതിനകം ഭവന നിര്‍മാണം പൂര്‍ത്തിയാക്കി. ചില സംഘടനകളുടെ സഹായ പ്രഖ്യാപനങ്ങള്‍ വെറുംവാക്കായി അവശേഷിക്കുന്നുമുണ്ട്.

ചിലര്‍ പുനരധിവാസത്തിനായി ഭൂമി വാങ്ങിയെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. ചിലരുടെ ഭൂമി നിയമക്കുരുക്കിലാണ്. ചില സംഘടനകള്‍ പുനരധിവാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് പോലും അവ്യക്തമായി തുടരുകയാണ്.

എന്നാല്‍, സര്‍ക്കാര്‍ മാതൃകാ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അതിവേഗം പുരോഗമിക്കുന്നു. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് മുറികളുള്ള ആദ്യ മാതൃകാ വീട് പൂര്‍ണ സജ്ജമായി. ഏഴ് സെന്റ്ഭൂമിയിലാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ ഓരോ വീടും. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി 410 വീടുകള്‍ വിവിധ ഘട്ടത്തിലാണ്.

ആദ്യ സോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി. ഇതില്‍ 107 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി രേഖപ്പെടുത്തി. 51 വീടിന്റെ ബില്‍ഡിംഗ് സെറ്റ് ഔട്ടും തറയൊരുക്കലിന്റെ ഭാഗമായുള്ള ഖനനവും പൂര്‍ത്തിയായി. 41 വീടുകള്‍ക്കുള്ള സിമന്റ്‌കോണ്‍ക്രീറ്റ്, സ്റ്റം കോളം, ഒമ്പത് വീടുകള്‍ക്കുള്ള അടിത്തറ നിര്‍മാണം, ബീം പ്രവൃത്തി എന്നിവ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

27 വീടുകള്‍ക്കുള്ള ഫൗണ്ടേഷന്‍ പുരോഗമിക്കുകയാണ്. രണ്ടാം സോണില്‍ 26, മൂന്നാം സോണില്‍ ഏഴ്, നാലാം സോണില്‍ 51 വീടുകള്‍ക്കായുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. മൂന്നാം സോണിലെ ഏഴ്, നാലാം സോണിലെ എട്ട് വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള ഭൂമിയുടെ അതിര്‍ത്തി രേഖപ്പെടുത്തി. നിര്‍മാണ മേഖലയിലെ വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാന്‍ എല്‍സ്റ്റണിലെ ഫാക്ടറിയോട് ചേര്‍ന്ന് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു.

ടൗണ്‍ഷിപ്പില്‍ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന ലാബില്‍ ആരംഭിച്ചു. എല്‍സ്റ്റണില്‍ കെ എസ് ഇ ബി നിര്‍മിക്കുന്ന 110 കെ വി സബ്‌സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 772.11 കോടി രൂപയാണ് വയനാട് ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഖജനാവില്‍ ലഭിച്ചത്. ഇതില്‍ 91.74 കോടി രൂപ ചെലവഴിച്ചു. ദുരന്തബാധിതരുടെ വീടുകളുടെ വാടക ഇനത്തില്‍ 50 ലക്ഷം രൂപ, കുടുംബശ്രീ വഴി നടപ്പാക്കുന്ന ഉപജീവന പിന്തുണ പദ്ധതിക്കായി 3.62 കോടി രൂപ, ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് കലക്ടര്‍ക്ക് 7.65 കോടി രൂപ, ഉറ്റവര്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 2.1 കോടി രൂപ എന്നിങ്ങനെയും, ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് എറ്റെടുക്കുന്നതിനായി 43.56 കോടി രൂപ, ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ഓഫീസര്‍ക്ക് 20 കോടി രൂപ, ടൗണ്‍ഷിപ്പില്‍ വീട് വേണ്ടാത്തവര്‍ക്കായി 13.91 കോടി രൂപ, ടൗണ്‍ഷിപ്പിന്റെ പ്രാരംഭ പ്രവൃത്തികള്‍ക്കായി 40.04 ലക്ഷം രൂപ എന്നിങ്ങനെയാണ് 91.74 കോടി രൂപ ചെലവഴിച്ചിട്ടുള്ളത്.
നല്ല നിലയില്‍ സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിമര്‍ശവും ഏറെയാണ്. ദുരിതാശ്വാസ നിധിയില്‍ 680 കോടിയിലധികം രൂപയുള്ളപ്പോള്‍ യഥാസമയം ദുരന്തബാധിതരുടെ വാടക, ദിനബെത്ത എന്നിവ നല്‍കുന്നില്ലെന്നും അവരുടെ ബേങ്ക് വായ്പ ഉള്‍പ്പെടെ എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

 

Latest