Kerala
ഒരുമിക്കാന്‍ വി ഡി-ആര്‍ സി പക്ഷങ്ങള്‍; മുഖ്യമന്ത്രി പദം വിട്ടുനല്‍കാന്‍ സതീശന്‍ തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ചെന്നിത്തല
കെ സി വേണുഗോപാലിന്റെ വരവ് തടയാന്‍ വി ഡി സതീശന്‍-രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കൈകോര്‍ത്തേക്കും എന്ന വിവരമാണ് പുറത്തുവരുന്നത്.
തിരുവനന്തപുരം | കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നതില്‍ സസ്‌പെന്‍സ് തുടരുന്നതിനിടെ ശ്രദ്ധാകേന്ദ്രമാകുകയാണ് തലസ്ഥാനം. കെ സി വേണുഗോപാലിന്റെ വരവ് തടയാന്‍ വി ഡി സതീശന്‍-രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കൈകോര്‍ത്തേക്കും എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം. മുഖ്യമന്ത്രി പദം സംബന്ധിച്ച് വി ഡി സതീശന്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ പ്രതീക്ഷ.
45 എം എല്‍ എമാരുടെ പിന്തുണ ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പക്ഷം. 25 എം എല്‍ എമാരുടെ പിന്തുണ ഉറപ്പിച്ചെന്ന് രമേശ് ചെന്നിത്തലയും വി ഡി സതീശനും അവകാശപ്പെടുന്നു. പരമാവധി എം എല്‍ എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് നേതാക്കളും.
അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പലയിടത്തും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തങ്ങളുടെ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയിലിരുത്തണമെന്നതാണ് അവരുടെ ആവശ്യം. കെ സി വേണുഗോപാലിനായി സെക്രട്ടേറിയറ്റ് പരിസരത്തും അണികള്‍ രംഗത്തെത്തി. കെ സിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പാലഭിഷേകം നടത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകരെത്തിയത്. വേണുഗോപാല്‍ കേരളത്തിന്റെ ഭരണം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.







